തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെട്ട പ്രതിമാസ ശമ്പള വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദാംശങ്ങൾ തേടി. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളുടെ നിയമവശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഗവർണറുടെ ഇടപെടൽ. വിശദാംശങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതിമാസ പണമിടപാട് വിവാദത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണ്ണര്‍ വിശദീകരണം തേടും.
പ്രതിമാസ പണമിടപാട് വിവാദം ഗുരുതരമാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ഗവർണർ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചത്. ഇക്കാര്യങ്ങൾ ഗവർണറുടെ ഓഫീസ് പരിശോധിച്ച് വരികയാണെന്നാണ് റിപ്പോർട്ട്.
ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളും ഇവയുമായി ബന്ധപ്പെട്ട രേഖകളും സിഎംആർഎൽ കമ്പനി അധികൃതരുടെ മൊഴികളും പരിശോധിച്ച ശേഷമായിരിക്കും ഗവർണർ നടപടി സ്വീകരിക്കുക. ആദായനികുതി സെറ്റിൽമെന്റ് ഇടക്കാല ബോർഡിന്റെ കണ്ടെത്തലായതിനാൽ ഇതു സംബന്ധിച്ച നിയമവശങ്ങളും ഗവർണർ പരിശോധിക്കും.
ഒരു പ്രമുഖനുമായുള്ള ബന്ധം പരിഗണിച്ചാണ് പ്രതിമാസ പണം നൽകിയതെന്ന് സിഎംആർഎൽ ഡയറക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. എക്സലോജിക്കിന്റെ ഉടമ എന്നതിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമാണ് വീണാ വിജയൻ.
അച്ഛനും ഭർത്താവും പൊതുപ്രവർത്തകരുടെ പട്ടികയിൽ വരുന്നതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ വിജിലൻസിന് വ്യവസ്ഥയുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കുറ്റമാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം മുഖ്യമന്ത്രിയോട് വിശദീകരണം തേടണമോയെന്ന് ഗവർണർ തീരുമാനിക്കും.