ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസി (PYCD) ന്റെ ആഭിമുഖ്യത്തിൽ ഈ വർഷം സുവനീർ പ്രസിദ്ധീകരിക്കുന്നു. നാലു പതിറ്റാണ്ടിന്റെ സ്തുത്യർഹമായ ചരിത്രമാണ് ഡാളസിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായി നിലകൊള്ളുന്ന പി. വൈ. സി. ഡി-യ്ക്കുള്ളത്. നാല്പത്തിയൊന്നാം വർഷത്തിലും വ്യത്യസ്തമായ പ്രവർത്തങ്ങളുമായി യുവജങ്ങളുടെ ഇടയിൽ മാത്രമല്ല, മുഴുവൻ വിശ്വാസ സമൂഹത്തിനും മാതൃകയായി ഈ ആത്മീയ പ്രസ്ഥാനം നിലകൊള്ളുന്നു എന്നത് ശ്രദ്ധേയമാണ്. 1982-ൽ കേവലം 250-പേരോളം സംബന്ധിച്ചിരുന്ന പ്രഥമ സമ്മേളനത്തിൽ നിന്ന് ഇന്ന് ഈ യുവജനസംഘടന ആയിരങ്ങൾ സമ്മേളിക്കുന്ന ഐക്യകൂട്ടായ്മയായി മാറിയിട്ടുണ്ട്.
ഡാളസിലെ 37 സഭകളാണ് ഈ വർഷം പി. വൈ. സി. ഡി-യുടെ അംഗങ്ങളായിട്ടുള്ളത്. ക്രമീകൃതമായ നിലയിൽ നടത്തപ്പെടുന്ന ആത്മീയ സമ്മേളനങ്ങൾക്ക് പുറമെ എല്ലാ വർഷവും വിവിധ കലാ-കായിക മത്സരങ്ങളും ഡാളസിൽ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം ആഗസ്ററ് 12-ന് സംഘടിപ്പിച്ച താലന്ത് പരിശോധനയിൽ നൂറുകണക്കിന് യുവതീയുവാക്കളും കുഞ്ഞുങ്ങളും പങ്കെടുക്കുകയുണ്ടായി. എല്ലാ വർഷവും നടത്തപ്പെടുന്ന വാർഷിക കോൺഫെറെൻസിന്റെ ഭാഗമായി ഒരു ഞായറാഴ്ച, എല്ലാ സഭാവിശ്വാസികളും സംയുക്ത ആരാധനയ്ക്ക് ഒത്തുചേരുക പതിവാണ് . ഒക്ടോബർ 6 -8 വരെയുള്ള തീയതികളിലാണ് ഈ വർഷത്തെ കോൺഫെറെൻസ് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് പി.വൈ.സി.ഡി-യുടെ ചരിത്രത്തിൽ ആദ്യമായി ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നത്.
ഒക്ടോബർ-8 ന് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് പി. വൈ. സി. ഡി-യുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, ചരിത്ര വസ്തുതകളോ, വ്യത്യസ്തമായ അനുഭവങ്ങളോ ഉണ്ടെങ്കിൽ ദയവായി pycdconference@gmail.com എന്ന ഇ-മെയിലിലേക്ക് അയച്ചുതരുവാൻ സംഘാടകർ താല്പര്യപ്പെടുന്നുണ്ട്. ഏതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ആശംസകളോ പരസ്യങ്ങളോ നൽകുവാൻ താല്പര്യമുണ്ടെങ്കിൽ ഈ മാസം 30-ന് മുമ്പ് അയച്ചുകൊടുക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ് (ട്രഷറർ) എന്നിവർ ഔദ്യോഗിക ഭാരവാഹികളായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റായ pycd.us -ൽ ലഭ്യമാണ്.