റാഞ്ചി: വയനാട് എംപിയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്കെതിരായ മോദി കുടുംബപ്പേര് സംബന്ധിച്ച മാനനഷ്ട കേസ് പരിഗണിക്കുന്ന റാഞ്ചി പ്രത്യേക കോടതിയിൽ അദ്ദേഹം നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ജാർഖണ്ഡ് ഹൈക്കോടതി ബുധനാഴ്ച ഇളവ് അനുവദിച്ചു.
ജസ്റ്റിസ് സഞ്ജയ് കുമാർ ദ്വിവേദിയുടെ കോടതി, രാഹുല്‍ ഗാന്ധിയുടെ ഹർജി പരിഗണിക്കവേ, ചില വ്യവസ്ഥകളോടെ കീഴ്ക്കോടതിയിൽ തന്റെ അഭിഭാഷകൻ മുഖേന അദ്ദേഹത്തെ പ്രതിനിധീകരിക്കാൻ അനുവദിച്ചു. തന്റെ അഭാവത്തിൽ വിസ്തരിച്ച സാക്ഷികളെ പിന്നീട് വീണ്ടും വിസ്തരിക്കില്ലെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ ഗാന്ധിയുടെ എല്ലാ മോദികളും കള്ളന്മാരാണ് എന്ന പരാമർശത്തിന് അഭിഭാഷകൻ പ്രദീപ് മോദി നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് കേസ്.
അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ജില്ലാ കോടതി രാഹുല്‍ നേരിട്ട് ഹാജരാകാൻ സമൻസ് അയയ്ക്കുകയും ചെയ്തു.
വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി കീഴ്ക്കോടതി മുമ്പാകെ സമർപ്പിച്ച ഹർജി മെയ് 3 ന് നിരസിച്ചിരുന്നു. തുടർന്ന്, വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഹൈക്കോടതിയെ സമീപിച്ചു, അത് ബുധനാഴ്ച അനുവദിച്ചു.