ബ്രാംപ്റ്റൺ: കനേഡിയൻ നെഹ്റു ട്രോഫി മത്സരം ആഗസ്റ്റ് 19 ന് നടക്കും. വെർച്വൽ ഫ്ളാഗ് ഓഫ് കർമ്മം പത്മശ്രീ എം.എ. യൂസഫലി നിർവ്വഹിക്കും.
കനേഡിയൻ മലയാളികൾക്കിനി ആവേശമുണർത്തുന്ന മണിക്കൂറുകൾ. രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ ഒന്റാരിയോയിലെ പ്രൊഫസേഴ്സ് ലെയ്ക്കിലാണ് മത്സരം അരങ്ങേറുന്നത്. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത് അഭിമാനം തോന്നുമാറ് പ്രൗഢോജ്വലമാണ്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ആലപ്പുഴയിലെ നെഹ്രു ട്രോഫി വള്ളംകളിയുടെ ഒരു ചെറിയ പതിപ്പായിട്ടാണ് ബ്രാംപ്റ്റണിലെ ബോട്ട് റേസ് ആരംഭിച്ചത്. തുടക്കത്തിൽ മലയാളികളുടെ മാത്രം ആഘോഷമായി ഹാർട്ട് ലെയ്ക്കിൽ ആരംഭിച്ച ആ വള്ളംകളി ഇന്ന് പ്രൊഫസേഴ്സ് ലെയ്ക്കില്‍ എത്തി നിൽക്കുമ്പോൾ 10-11 പേരുള്ള വലിയ വള്ളങ്ങൾ വരെ ഇടം പിടിക്കുന്നു. വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ ഉൾപ്പെടെ 30 ലധികം ടീമുകൾ മത്സരത്തിൽ അണിനിരക്കുന്നു.
‘ബ്രാംപ്ടൻ ബോട്ട് റേസ്‘ ഇന്ന് ചെറിയൊരു വള്ളംകളിയല്ല, പ്രവാസി മലയാളി ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ മത്സരമാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ വള്ളംകളി കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം മുന്നോട്ട് കൊണ്ടുപോയ ബ്രാംപ്ട്ടൻ മലയാളി സമാജത്തിന്റെ ഭാരവാഹികളെയും പ്രവർത്തകരെയും കേരള ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ വർഷം അഭിനന്ദിച്ചിരുന്നു. കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേസിൻ്റെ സ്ഥാപക പ്രസിഡന്റ്. കുര്യൻ പ്രക്കാനം, ഗോപകുമാര്‍ നായര്‍, സണ്ണി കുന്നംപള്ളി, ബിനു ജോഷ്വാ, ഷിബു ചെറിയാൻ, സിറ്റി മേയർ, കൗൺസിലേഴ്സ് തുടങ്ങിയവർ ചേർന്ന് അവസാനവട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയതായി കനേഡിയൻ നെഹ്റു ട്രോഫി ഓവർസീസ് മീഡിയ ടീം ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു.