തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയുടെ 110-ാം വാര്‍ഷികം പ്രമാണിച്ച് മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സംഘടിഷിക്കുന്ന “ഇന്ത്യന്‍ സിനിമ 110” എന്ന പരിപാടി ഓഗസ്റ്റ് 23 ബുധനാഴ്ച, വൈകിട്ട് 4.30 ന് പാളയം നന്ദാവനം പാണക്കാട് ഹാളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
മലയാള ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന 9 കലാകാരന്മാര്‍ക്ക് “കെ.എസ്. സേതുമാധവന്‍ അവാര്‍ഡ്” സമ്മാനിക്കും. കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര നിര്‍മ്മാതാക്കളായ പ്രേംപ്രകാശ്, ജോയ് തോമസ് ജൂബിലി, സംവിധായകരായ ഹരികുമാര്‍, ഭദ്രന്‍ മാട്ടേല്‍, നടന്മാരായ ശങ്കര്‍, പി. ശ്രീകുമാര്‍, ഭീമന്‍ രഘു, നടി മല്ലിക സുകുമാരന്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമാനിക്കുന്നത്.
സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രസംഗം നടത്തും. എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാന്‍ വി. തുളസിദാസ്, മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, മേജര്‍ ജനറല്‍ സുരേഷ് കെ. പിള്ള എന്നിവര്‍ പ്രസംഗിക്കും.
ശ്രീകുമാരന്‍ തമ്പി
കവി, മാനരചയിതാവ്, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങി ചലച്ചിത്രത്തിന്‍റെ എല്ലാ മേഖലകളിലും വിജയം കൈവരിച്ചു. 1966 ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിലുടെ ഗാനരചയിതാവായി. 25 ചിത്രങ്ങള്‍ നിര്‍മിക്കുകയും മോഹിനിയാട്ടം, ചന്ദ്രകാന്തം, തിരുവോണം, ഏതോ ഒരു സ്വപ്നം, മാനം, വേനലില്‍ ഒരു മഴ തുടങ്ങി 29 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. 85 ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. ആയിരക്കണക്കിന് രാനങ്ങള്‍ രചിച്ചു. 1971 ലും 1981 ലും 2011 ലും മികച്ച ഗാനരചനയ്ക്കും, 1976 ല്‍ മോഹിനിയാട്ടം എന്ന ചിത്രത്തിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1989 ല്‍ ചലച്ചിത്ര ഗ്രന്ഥത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 2017 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ. സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
പ്രേംപ്രകാശ്
1970 ല്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അരനാഴിക നേരം എന്ന ചിത്രത്തിലൂടെ നടനായി ചലച്ചിത്ര രംഗത്ത് വന്നു. തുടര്‍ന്ന് സേതുമാധവന്‍ സംവിധാനം ചെയ്ത പണിതീരാത്ത വീട്, ചട്ടക്കാരി തുടങ്ങി 68 ചിത്രങ്ങളില്‍ അഭിനയിച്ചു. 1979-ല്‍ പി. പത്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രം നിര്‍മ്മിച്ചു. കൂടെവിടെ, ആകാശദൂത്, എന്റെ വീട് അപ്പൂന്റെയും, അയാളും ഞാനും തമ്മില്‍ തുടങ്ങി 19 ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1979 ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് പെരുവഴിയമ്പലത്തിന് ലഭിച്ചു. 1983 ല്‍ കൂടെവിടെ, 2003 ല്‍ എന്റെ വീട് അപ്പൂന്റെയും, 2012-ല്‍ അയാളും ഞാനും തമ്മില്‍ എന്നിവയ്ക്ക് മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2015 ല്‍ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2001 ലും 2004 ലും മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.
ജോയ് തോമസ് ജുബിലി
മലയാളത്തിലെ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ നിര്‍മ്മാണവും വിതരണവും നടത്തിയ ജൂബിലി പിക്ച്ചേഴ്സിന്റെ സാരഥി. 1962 ല്‍ കെ.എസ്. സേതുമാധവന്റെ കണ്ണും കരളും എന്ന ചിത്രത്തിന്റെ വിതരണാവകാരം നേടി ചലച്ചിത്ര രംഗത്ത് വന്നു. 17 ചിത്രങ്ങള്‍ നിര്‍മിച്ചു, 54 ചിത്രങ്ങള്‍ വിതരണം നടത്തി. 1983 ല്‍ ആ രാത്രി, ആട്ടക്കലാശം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. 1984 ല്‍ ഭരതന്‍ സംവിധാനം ചെയ്ത എന്റെ ഉപാസന, 1985 ല്‍ മകന്‍ എന്റെ മകന്‍, നിറക്കൂട്ട്, 1987 ല്‍ ന്യൂഡല്‍ഹി എന്ന സൂപ്പര്‍ ഫിറ്റ് ചിത്രവും നിര്‍മ്മിച്ചു. 1988 ല്‍ മനു അങ്കിള്‍ എന്ന ചിത്രത്തിന് കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന, ദേശീയ പുരസ്ക്കാ
രങ്ങള്‍ ലഭിച്ചു
ഹരികുമാര്‍
1981 ല്‍ ആമ്പല്‍പ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് രംത്ത് വന്നു. ജാലകം, ഒരു സ്വകാര്യം, അയനം, ഉദ്യാനപാലകന്‍, സുകൃതം തുടങ്ങി ഇരുപതോളം ശ്രദ്ധേയങ്ങളായ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 6 ചിത്രങ്ങള്‍ക്ക് കഥയും 5 ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചു. 2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം ആയിരുന്നു. എം. ടി. വാസുദേവന്‍ നായരുടെ രചനയില്‍ ശ്രീ. ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതം ഏറെ ജനശ്രദ്ധയും അംഗീകാരവും നേടി
ഭദ്രന്‍ മാട്ടേല്‍
1982 ല്‍ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെ സംവിധായകനായി. 1986 ല്‍ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. 1987 ല്‍ ഇടനാഴിയില്‍ ഒരു കാലൊച്ച, 1990 ല്‍ അയ്യര്‍ ദി ഗ്രേറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1995 ല്‍ സ്ഫടികം എന്ന ഹിറ്റ് ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കരുത്തുറ്റ തിരക്കഥയും കരളുറപ്പുള്ള കഥാപാത്രങ്ങളും ശ്രീ. ഭദ്രന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്.
പി. ശ്രീകുമാര്‍
1968 ല്‍ കണ്ണൂര്‍ ഡീലക്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് വന്നു. സീത, സ്വര്‍ണ്ണ പക്ഷികള്‍, കൈയും തലയും പുറത്തിടരുത് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. അസ്തികള്‍ പൂക്കുന്നു, വിഷ്ണു എന്നി മൂന്ന് ചിത്രങ്ങളും 12 ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. എ.കെ.ജി, സൂസന്ന, മായാവി, ഡാനി, അച്ചുവിന്റെ അമ്മ, പ്രമാണി, ഭാഗ്യ ദേവത, രസതന്ത്രം, കുട്ടിസ്രാങ്ക് തുടങ്ങി 150 ലധികം ചലച്ചിത്രങ്ങളിലും 30 ഓളം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. പാഠം ഒന്ന് വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ശങ്കര്‍
1980 ല്‍ ഒരു വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച “ഒരുതലൈ രാഗം” എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായക വേഷത്തില്‍ ശ്രദ്ധേയനായി. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, സുഖമോ ദേവി, ചേക്കേറാന്‍ ഒരു ചില്ല, ഒന്നിങ്ങു വന്നെങ്കില്‍, വീണ്ടും ചലിക്കുന്ന ചക്രം, പിരിയില്ല നാം, പുച്ചയ്ക്കൊരു മൂക്കുത്തി, അര്‍ച്ചന ആരാധന, ഒരു നോക്കു കാണാന്‍, പാളങ്ങള്‍, പടയോട്ടം തുടങ്ങി 200-ലധികം ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മലയാളത്തിലെ റൊമാന്റിക് ഹീറോ വേഷങ്ങളില്‍ ഏറ്റവും
തിളങ്ങിനിന്നു.
മല്ലികാ സുകുമാരന്‍
1968 ല്‍ കാര്‍ത്തിക എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് വന്നു. 1974 ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായണത്തില്‍ നായികയായി ശ്രദ്ധേയയായി. 1974 ല്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത സ്വപ്നാടനം എന്ന ചിത്രത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി നിരവധി ടെലിവിഷന്‍ പരമ്പരകളിലും ടെലിവിഷന്‍ ഷോകളിലും പങ്കെടുത്തു വരുന്നു. ഗൗരവമുള്ള വേഷങ്ങളും ഹാസ്യ വേഷങ്ങളും മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്ത് ചലച്ചിത്ര – ടെലിവിഷന്‍ രംഗത്ത് ലബ്ദ പ്രതിഷ്ഠ നേടി.
ഭീമന്‍ രഘു
പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ. ഭീമന്‍ രഘു, പിന്നെയും പൂക്കുന്ന കാട്, ഗൃഹലക്ഷ്മി, എന്നീ ചിത്രങ്ങളില്‍ തുടങ്ങി 1982 ല്‍ ഭീമന്‍ എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ ശ്രദ്ധേയനായി. കമ്മീഷണര്‍, എഫ് ഐ ആര്‍, നരിമാന്‍, നരസിംഹം, രാജമാണിക്യം, നരന്‍, വല്യേട്ടന്‍, മൃഗയ തുടങ്ങി 400 ലധികം ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളും ഹാസ്യ വേഷങ്ങളും ചെയ്ത് ജനപ്രീതി നേടി.
ആര്‍. രജിത
സെക്രട്ടറി