മലപ്പുറം : താനൂർ താമിർ ജിഫ്രി കൊലപാതകത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവിശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകത്തിൽ മരണപ്പെട്ട താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ പ്രതികളാകേണ്ടവർ ഉന്നത സ്ഥാനത്ത് തുടർന്ന് കൊണ്ട് നീതിപൂർവമായി അന്വേഷണം ഒരു നിലക്കും നടക്കുകയില്ല. കേസ് ദുർബലപ്പെടുത്താനാണ് SP ശ്രമിക്കുന്നത്. തങ്ങളുടെ മുമ്പിൽ എത്തുന്ന കേസുകളിൽ വിധിപറയാനും ശിക്ഷനടപ്പാക്കാനുമുള്ള അധികാരം ആരാണ് പോലീസിന് നൽകിയത്. കഴിഞ്ഞ പിണറായി വിജയൻ സർക്കാർ കസ്റ്റഡിയിൽ കൊന്നുതള്ളിയത് 26 പേരെയാണ്. അതിന്റ തുടർച്ചയായി ജുഡീഷ്യറിയെ നോക്ക്കുത്തിയാക്കി പ്രതിയെ ഇടിച്ചു കൊല്ലുകയാണ് തിരൂരിലും ചെയ്തത്.
അറസ്റ്റ് ചെയ്തത് മുതൽ കൊലപാതകം വരെ പോലീസിന്റെ അമിതാധികാരപ്രയോഗത്തിന്റെ നിരവധി തെളിവുകൾ ഈ കേസിലും തെളിഞ്ഞു കാണാം. പ്രതിയെ പിടികൂടിയത് ഡാൻസാഫ് എന്ന എസ്.പിയുടെ ടീമായിരിക്കെ കേവലം എസ് ഐയെ പ്രതിയാക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്താൻ എസ് പി ഇടപെട്ടുവെന്ന ആരോപണവും കേസ് ആട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നു എന്ന എസ്ഐയുടെ വെളിപ്പെടുത്തലും പോലീസിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നു.
മലപ്പുറം ജില്ലയിൽ ചെറിയ സമരങ്ങളെ വരെ ഭീകരമായി ആക്രമിക്കുകയും അന്യായമായി കേസെടുക്കുകയും ചെയ്യുന്നുണ്ട്.
മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യത്യസ്ത രീതിയിലുള്ള പോലീസ് അതിക്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇപ്പോൾ നടന്ന ക്രൂരമായ കസ്റ്റഡി കൊലപാതകവും പീഡനവും എസ്പിയുടെ മുൻകയ്യിൽ തന്നെയാണ് നടന്നത് എന്ന് വ്യക്തമാകുന്നതിനാൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ എസ്പിയെയും ആരോപണ വിധേയരായ മുഴുവൻ ഉദ്യോഗസ്ഥരെയും ഉടൻ സസ്പെന്റ് ചെയ്യുകയെന്നത് പ്രാഥമികനീതിയും അന്വേഷണത്തിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയവുമാണെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താമീർ ജിഫ്രിയുടെ സഹോദരനായ ഹാരിസ് ജിഫ്രി അടക്കമുള്ള കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ച് ആശ്വസിപ്പിച്ചു.
ജില്ലാ കമ്മറ്റി അംഗങ്ങളായ നാസർ വേങ്ങര, സെയ്തലവി കാട്ടേരി, കുഞ്ഞാലി മാസ്റ്റർ വേങ്ങര, ഹംസ വെന്നിയൂർ, കെ വി ഹമീദ് മാസ്റ്റർ പറപ്പൂർ, കോയ പരപ്പനങ്ങാടി എന്നിവർകൂടെയുണ്ടായിരുന്നു.