ഓണക്കാല വിശേഷങ്ങള്‍ (ജോണ്‍ ഇളമത)

‘കാണം വിറ്റും ഓണം ഉണ്ണണം’. അതാണ്‌ ഓണക്കാലം. ഓണം മലയാളത്തിന്റെ മഹോത്സവമാണ്‌. മലയാളി എവിടെയായാലും അതിനു മാറ്റമില്ല. ഓണത്തിന്‌ ജാതിയും മതവുമില്ല. എങ്കിലും അതൊരു ഹൈന്ദവ ഉത്സവമാണ്‌ എന്ന്‌ ആരൊക്കെ പറഞ്ഞാലും കേരളത്തിലെ എല്ലാ മതങ്ങളിലും ഹൈന്ദവ പാരമ്പര്യം ഉണ്ടെന്നതും ശ്രദ്ധേയം തന്നെ. കേരള ചരിത്രത്തിലേക്ക്‌ ആഴ്ന്നിറങ്ങുമ്പോള്‍ ആരാണ്‌ കേരളീയര്‍, മലയാളികള്‍. അതും സങ്കരമാണ്‌. ദ്രാവിഡ സംസ്ക്കാരത്തിലേക്ക്‌ ഇഴുകിചേര്‍ന്ന പേര്‍ഷ്യ, മെസൊപ്പൊട്ടേമിയ, സിറിയ, ജൂത സംസ്ക്കാര പാരമ്പര്യത്തിന്റെ ഒരു വേരോട്ടം എവിടെയും ദര്‍ശിക്കാം. അങ്ങനെ ചിന്തിക്കുമ്പോള്‍ നാം മലയാളികള്‍ സങ്കര ദ്രാവിഡര്‍ തന്നെ.

ഓണ സങ്കല്പം ഇന്നും ഉറച്ചു നില്‍ക്കുന്നത്‌ ഒരു മിത്തിലൂടെയാണ്‌. പുരാതന കേരളക്കര ഭരിച്ചിരുന്ന നീതിമാനായിരുന്ന ഏതോ ചേര രാജാവായിരിക്കാം മഹാബലി. ദ്രാവിഡ ചക്രവര്‍ത്തി, അസുര ച്രകവര്‍ത്തി!

“മാവേലി നാടുവാണിടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ!”

അതാകാം കാരണം. ആര്‍ക്കാണ്‌ സത്യവും, നീതിയും, സനാതന ധര്‍മ്മവുമൊക്കെ ഇഷ്ടം. ഇതു ജനാധിപത്യമാണ്‌! ജനാധിപത്യം ഇന്ന്‌ കടംകഥയായി മാറുകയാണ്‌. പക്ഷേ പേരിന്നും ജനാധിപത്യം എന്നുതന്നെ. ഫ്യൂഡലിസത്തിന്റെ വഴി പിഴച്ച സന്തതിയാകാം സ്വേഛാധിപത്യം. ആരുമത്‌ ഉറക്കെ പറയുന്നുമില്ല. എന്നാല്‍, ലോകമതിലേക്ക്‌ വഴുതി വീണുകൊണ്ടിരിക്കുകയല്ലേ!

എന്തായിരുന്നാലും ഇന്നും മലയാളക്കര ആ കൈവിട്ടുപോയ പഴയ സൗഭാഗ്യകാല ഓര്‍മ്മകള്‍ പുതുക്കുമ്പോള്‍, ജാതിമത ചിന്തകള്‍ക്കതീതമായി തോളോടു തോള്‍ ചേര്‍ന്ന്‌ നാമിന്നും ഓണ മഹോത്സം കൊണ്ടാടുമ്പോള്‍, നാമൊന്നാണ്‌, ഒരേ അമ്മയുടെ മക്കള്‍! എന്ന്‌ നമ്മേ ഒരുമാലപോലെ ഒരേ ചരടില്‍ കോര്‍ക്കുന്നു. പല വിശ്വാസങ്ങളും, ആചാരാങ്ങളും, അനുഷ്ഠാനുങ്ങളും, നമ്മുടെ ഉള്ളിലുണ്ട്. അവയെ പരസ്പരം ബഹുമാനിക്കുമ്പോള്‍ നമ്മുടെ ഇടയില്‍ കലഹത്തിനോ, സ്പര്‍ദ്ധക്കോ സ്ഥാനമില്ല. നാം കേരളീയരാണ്‌, മലയാളികളാണ്‌. വംഗ സംസ്ക്കാരത്തിന്റെ ലാവണ്യവും, ദേവഭാഷയുടെ തത്വചിന്തയുമാണ്‌ നമ്മുടെ ഭാഷയും, സംസ്ക്കാരവും, വേദോപനിഷത്തുകളുടെ ഊര്‍ജ്ജവും. ദ്രാവിഡത്വത്തിന്റെ തനിമത്വവും, നമ്മെ ഭാരതത്തിന്റെ തന്നെ നെറുകയില്‍ എത്തിക്കുന്നു.

തുമ്പപ്പൂവിന്റെ മണമുള്ള നീലനിലാവുകളില്‍ ഓണതുമ്പികള്‍ തുള്ളിതുള്ളി പറക്കുമ്പോള്‍ മലയാളക്കരയില്‍ ഓണ മഹോത്സവത്തിന്റെ ആരവം കേട്ടു തുടങ്ങും. അങ്ങു കുട്ടനാടു മുതല്‍ നാഞ്ചനാടുവരെ. മലയാളക്കര ഉയര്‍ത്തെണീക്കും. പഞ്ഞകര്‍ക്കടകത്തിന്റെ പര്‍ദ്ദകള്‍ മാറ്റി ഓണക്കോടി പുതച്ചു വരും ഓണം, പെന്നോണം! അത്തം മുതല്‍ പത്തു നാളേക്ക്‌ ആരവം മുഴങ്ങും. കുട്ടനാടുണരും!

“കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ…..!”

എന്നു തുടങ്ങുന്ന വഞ്ചിപ്പാട്ടിന്റെ ആവേശം, ആറന്മുള സദ്യയും, ആറന്മുള ചുണ്ടന്റെ ആലവട്ടം ചാര്‍ത്തിയ വര്‍ണ്ണക്കുടകളുടെ പ്രഭാപൂരവും, ആലപ്പുഴ നെഹൃ ട്രോഫിയും ഒക്കെ തകര്‍ത്താടി തെക്കന്‍ മലയാളക്കര ആഘോഷതിമിര്‍പ്പിലാകും. വടക്കന്‍ മലയാളക്കരയുടെ തെയ്യവും, തിറയും, ഓണ മഹോത്സവത്തിന് മാറ്റേറെയേകും. കഥകളിയും, കളരിപയറ്റും, പുലി കളിയും
ഓണ മഹോത്സവത്തിന്‌ തിലകം ചാര്‍ത്തും. പുലികളി മത്സരത്തില്‍ വലിയ വയറില്‍ ചായം തേച്ച്‌ മനുഷ്യ പുലികള്‍ താളത്തിനൊത്ത്‌ നൃത്തം ചവിട്ടും. പിന്നെ ഓണത്തെ സമ്പൂര്‍ണ്ണമാക്കുന്ന വടംവലിയാണ്‌. ശക്തിമാന്മാരുടെ പ്രകടനം. ഒടുവിലൊരോണ സദ്യ! പതിനാറുകൂട്ടം കറി, മുപ്പത്തിരണ്ടുകൂട്ടം കറി. ഓണസദ്യയില്‍ മുങ്ങിമരിക്കും മലയാളി, ഇവിടെ വിദേശത്ത്‌, അല്ല നാട്ടിലും മദ്യമില്ലാതെന്തരോണം. പക്ഷേ അതു പരമ രഹസ്യം!

എല്ലാവര്‍ക്കും ഓണത്തിന്റെ മംഗാളാശംസകള്‍…

“മാവേലി നാടു വണിടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ!”

നമുക്കു വീണ്ടും പാടാം!

Print Friendly, PDF & Email

Leave a Comment

More News