ഇടുക്കി: മൂന്നാറിലെ ജനവാസകേന്ദ്രത്തിൽ വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ ആക്രമിക്കുന്നത് തുടരുന്നു. കന്നിമല ലോവർ ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ രണ്ട് കറവപ്പശുക്കൾ ചത്തു. പ്രദേശവാസിയായ അയ്യാദുരൈ എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് പശുക്കളെയാണ് കടുവ കൊന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ 30-ലധികം മൃഗങ്ങളെയാണ് ഈ പ്രദേശത്ത് വന്യമൃഗങ്ങൾ കൊന്നൊടുക്കിയത്.
മേയ്ക്കാൻ കൊണ്ടുപോയ പശുക്കൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തേയിലത്തോട്ടത്തിൽ പശുക്കളുടെ ജഡം കണ്ടെത്തിയതിനെത്തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. മൃതദേഹം പ്രദേശത്ത് നിന്ന് നീക്കം ചെയ്യാത്തതിനാൽ, കടുവ വീണ്ടും ഭക്ഷണം കഴിക്കാൻ മടങ്ങിയതും ക്യാമറയിൽ പതിഞ്ഞിരുന്നു.
ഉപജീവനമാർഗമായ കന്നുകാലികളെ നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണം തൊഴിലാളികളുടെ ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായും ജനങ്ങൾ പരാതിപ്പെട്ടു. പ്രദേശത്ത് ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാത്രി പ്രത്യേക പട്രോളിങ് നടത്താനാണ് അധികൃതരുടെ തീരുമാനം.