ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ തുറമുഖ വകുപ്പും, ടൂറിസം പോലീസും, അർത്തുങ്കൽ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ചില ഹൗസ് ബോട്ടുകളുടെ നടത്തിപ്പില്‍ വന്‍ ക്രമക്കേടുകൾ കണ്ടെത്തി.
പരിശോധനയ്ക്കിടെ, ഏഴ് ഹൗസ് ബോട്ടുകൾ പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തി. കൂടാതെ, പത്ത് ബോട്ടുകളുടെ ഉടമകളില്‍ ഭാഗിക ക്രമക്കേടുകളും കണ്ടെത്തി. 1,20,000 രൂപ പിഴയോടൊപ്പം ഈ ബോട്ടുടമകൾക്ക് നിയമലംഘനങ്ങൾ തിരുത്താൻ നോട്ടീസും നല്‍കി.
ഫിനിഷിംഗ് പോയിന്റ്, സ്റ്റാർട്ടിംഗ് പോയിന്റ്, സായി ബോട്ട് ഹൗസ് തുടങ്ങിയ പ്രധാന പോയിന്റുകൾ ഉൾപ്പെടുന്ന 26 ഹൗസ് ബോട്ടുകൾ, മൂന്ന് മോട്ടോർ ബോട്ടുകൾ, ഒരു ബാർജ് ബോട്ട് എന്നിവയാണ് പരിശോധനയ്‌ക്ക് വിധേയമായത്. വിനോദ സഞ്ചാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ആലപ്പുഴയിലെ തിരക്കേറിയ ഹൗസ് ബോട്ട് ടൂറിസം വ്യവസായത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനുമാണ് അധികൃതരുടെ ഈ നടപടി.
പോർട്ട് ചെക്കിംഗ് സ്ക്വാഡ് ഓഫീസർ പി ഷാബു, ടൂറിസം പോലീസ് സബ് ഇൻസ്‌പെക്ടർമാരായ പി ആർ രാജേഷ്, ടി ജയമോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി ശ്രീജ, ആർ ജോഷിത്ത് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. അർത്തുങ്കൽ തീരദേശ പോലീസിനെ പ്രതിനിധീകരിച്ച് സബ് ഇൻസ്‌പെക്ടർ ആൽബർട്ട്, കോസ്റ്റൽ വാർഡൻ രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തുമെന്ന് സംഘം അറിയിച്ചു.