ഫൈസലാബാദ്: ഞായറാഴ്ച പുലർച്ചയ്ക്ക് മുമ്പ് പിണ്ടി ഭട്ടിയനടുത്ത് ഫൈസലാബാദ് മോട്ടോർവേയിൽ പാസഞ്ചർ ബസും ഡീസൽ ബാരൽ കയറ്റിവന്ന പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 പേർ വെന്തുമരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരും മരിച്ചു. 40 ഓളം യാത്രക്കാരുമായി കറാച്ചിയിൽ നിന്ന് ഇസ്‌ലാമാബാദിലേക്ക് പോവുകയായിരുന്നു ബസ് എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
പരിക്കേറ്റവരെ പിണ്ടി ഭട്ടിയാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ചതിന് തൊട്ടുപിന്നാലെയാണ് ബസിന് തീപിടിച്ചതെന്ന് ജില്ലാ പോലീസ് ഓഫീസർ ഡോ. ഫഹദ് പറഞ്ഞു.
പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. തീപിടിച്ച ബസ്സിന്റെ ചില്ലുകൾ തകർത്ത് യാത്രക്കാരെ പുറത്തെടുക്കാൻ സമീപ പ്രദേശങ്ങളിലുള്ളവർ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
15 യാത്രക്കാരെയെങ്കിലും അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തതായി നാഷണൽ ഹൈവേസ് ആൻഡ് മോട്ടോർവേസ് പോലീസ് (എൻഎച്ച്എംപി) വക്താവ് പറഞ്ഞു. ഐജി എൻഎച്ച്എംപി സുൽത്താൻ അലി ഖവാജ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.