തിരുവനന്തപുരം: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലിൽ തൊട്ട് വന്ദിച്ച തമിഴ് നടൻ രജനികാന്തിനെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ സോഷ്യൽ മീഡിയ. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്കിനെയാണോ മന്ത്രി മുഹമ്മദ് റിയാസിനെയാണോ മന്ത്രി പരിഹസിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് സോഷ്യൽ മീഡിയയില്‍ ചോദിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാൻ മന്ത്രി തയ്യാറാകണമെന്നും ഉപയോക്താക്കൾ പറയുന്നു.
“കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും” എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജെയ്ക്ക് മതനേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ആ സമയത്തൊക്കെ ജെയ്ക് കുനിയുന്നതും മാധ്യമങ്ങളില്‍ വന്നിരുന്നു. ശിവൻകുട്ടിയെ സോഷ്യൽ മീഡിയ ഓർക്കുന്നത് ഇങ്ങനെയാണ്. ശിവൻകുട്ടിയുടെ കൈയ്യിൽ നിന്ന് പായസം വാങ്ങി കുടിക്കുന്ന മുഹമ്മദ് റിയാസിന്റെ ചിത്രമാണ് ഓണാഘോഷത്തിനിടെ പുറത്തുവന്നത്. ഇതാണോ മന്ത്രി ഉദ്ദേശിച്ചതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. കോൺഗ്രസ് സർക്കാരിന്റെ ബജറ്റ് അവതരണത്തിനിടെ ശിവന്‍കുട്ടി നിയമസഭയിലുണ്ടാക്കിയ അക്രമങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നുണ്ട്.
എന്നാലും ജെയ്ക്ക് അണ്ണനെ ഇങ്ങനെ ട്രോളരുതായിരുന്നു സാറേ… ഒന്നുമില്ലങ്കിലും പുതുപ്പള്ളിയിലെ നമ്മുടെ സ്ഥാനാർഥി അല്ലേ സാറേ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഒരാൾ ശിവൻകുട്ടിയോട് പറയുന്നത്. ജൈയ്‌നോട് ആണെന്ന് തോന്നുന്നു എന്ന് മറ്റൊരാൾ ആവർത്തിക്കുന്നു. നല്ല നട്ടെല്ല ഉള്ളവർക്ക് കുനിയാൻ പറ്റും . നട്ടെല്ല് പാർട്ടി ആപ്പീസിൽ കൊന്നു പണയം വെച്ചിട്ടുള്ളവർക്കു പറ്റണം എന്നില്ലെന്നും കമന്റുണ്ട്.
പണ്ട് സഭയിൽ മുണ്ട് മാടിക്കുത്തി കോപ്രായം കാണിച്ചപ്പോൾ.. ഒന്നും തോന്നിയില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്. ‘മുണ്ട് മടക്കി കുത്തൽ …. ഗ്വാ ഗ്വാ വിളി. …ഡസ്‌കിന്മേൽ കേറൽ. ..കമ്പ്യൂട്ടർ വലിച്ചെറിയൽ. ..അയ്യേ …അയ്യേ എന്നുള്ള പരിഹാസ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. വ്യക്തി സ്വാതന്ത്ര്യം എന്നൊരു അവകാശം ഉണ്ട് ഈ രാജ്യത്ത് അതിൽ കൈ കടത്തരുത് അങ്ങ് ബഹുമാനം നൽക്കുന്നവരെ മാത്രമേ മറ്റുള്ളവരും ബഹുമാനിക്കാവു? അങ്ങയുടെ ആദർശം മാത്രമേ എല്ലാവരും പിന്തുടരു എന്ന് വാശി പിടിക്കരുത് മന്ത്രി സാർ രാജ ഭരണം അവസാനിച്ചിട്ട് ഒരു യുഗം കഴിഞ്ഞു മന്ത്രി സാറെന്നും പറയുന്നുണ്ട്.