തിരുവനന്തപുരം: ആൾമാറാട്ടവും കോപ്പിയടിയും കണ്ടെത്തിയതിനെ തുടർന്ന് ഞായറാഴ്ച നടന്ന വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്‌സി) ടെക്‌നീഷ്യൻ ബി പരീക്ഷ റദ്ദാക്കി. പോലീസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പരീക്ഷ മുടങ്ങിയ സാഹചര്യത്തിൽ ഒരിക്കൽ പരീക്ഷ നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു
ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയാണ് ഞായറാഴ്ച വിഎസ്എസ്‌സിയിൽ നടന്നത്. എന്നാൽ, അപേക്ഷകർക്ക് വേണ്ടി മറ്റ് രണ്ട് പേർ പരീക്ഷ എഴുതിയതായാണ് വിവരം. ഇതോടെ ഹരിയാന സ്വദേശികളായ സുമിത് കുമാറും സുനിൽകുമാറും ആൾമാറാട്ടവും കോപ്പിയടിയുമായി ബന്ധപ്പെട്ട് പോലീസ് വലയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
അതേസമയം, ഹരിയാനയിൽ നിന്നുള്ള 469 പേർ തിരുവനന്തപുരത്തെ 10 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതി. വിഎസ്എസ്‌സി ടെക്‌നീഷ്യൻ ബി കാറ്റഗറി പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതിയിടുന്നതായി ഹരിയാനയിൽ നിന്ന് ഫോൺ സന്ദേശം വന്നതോടെയാണ് ഹൈടെക് കോപ്പിയടി ശ്രദ്ധയിൽപ്പെട്ടത്. സന്ദേശം ലഭിച്ചയുടൻ പോലീസ് ഈ വിവരം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൈമാറി. ഇതിനെ തുടർന്ന് കോട്ടൺഹിൽ, സെന്റ് മേരീസ് സ്‌കൂളുകളിൽ കോപ്പിയടി സ്ഥിരീകരിച്ചതായി പോലീസിന് വിവരം ലഭിച്ചു.
അതേസമയം, പിടിയിലായവർ ഹരിയാനയിൽ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവര്‍ ഇതിന് മുൻപും ആൾമാറാട്ടത്തിലൂടെ പരീക്ഷ എഴുതിയിട്ടുണ്ടെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴിയിലുമുള്ളത്. നിലവിൽ കസ്‌റ്റഡിയിലുള്ളവരുടെ യഥാർഥ പേരും വിലാസവും കണ്ടെത്താൻ ഹരിയാന പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പട്ടം സെന്‍റ് മേരീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ സുമിത്തിനെ മെഡിക്കൽ കോളജ് പൊലീസും കോട്ടൺഹിൽ സ്‌കൂളിൽ പരീക്ഷ എഴുതിയ സുനിലിനെ മ്യൂസിയം പൊലീസുമാണ് അറസ്‌റ്റ് ചെയ്‌തത്. ഹെഡ്‌സെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ചായിരുന്നു ഇവര്‍ കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ച് ചോദ്യങ്ങള്‍ സ്‌ക്രീന്‍ വ്യൂവര്‍ വഴി ഹരിയാനയിലെ സുഹൃത്തുക്കൾക്ക് അയച്ച് നല്‍കുകയും തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ ഇവര്‍ കേട്ടെഴുതുകയുമായിരുന്നു.
പ്ലസ് ടു യോഗ്യത ആവശ്യമായ പരീക്ഷയിലാണ് ഇവർ കോപ്പിയടിക്കാൻ ശ്രമിച്ചത്. ഹരിയാനയിലാണ് ഇതിന്റെ ആസൂത്രണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൽ സുനിൽ 79 മാർക്കിന്റെ ഉത്തരവും സുമിത് 25 മാർക്കിനു മുകളിൽ ഉത്തരവും എഴുതി.