തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതിയെ അവഹേളിക്കുന്ന പ്രസ്താവനകളാണ് ഗണേശോത്സവത്തിന് ജനപ്രീതിയും സ്വീകാര്യതയും ഉണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ.
ചരിത്രത്തിൽ ഒരു കാലത്തും ഹിന്ദു സമൂഹം വിശ്വാസത്തെയും ശാസ്ത്രത്തെയും അതേപടി കാണാനും അംഗീകരിക്കാനും വിമുഖത കാണിച്ചിട്ടില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരു ശാസ്ത്രജ്ഞനെയും വിഷം കൊടുത്തു കൊല്ലാൻ ഹിന്ദുക്കൾ ശ്രമിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രത്തിന് എതിരല്ലെന്നും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പ്രധാനമന്ത്രി രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മഹാമാരിയുടെ കാലത്ത് കൊവിഡ് വാക്സിൻ കണ്ടുപിടിക്കാൻ നരേന്ദ്ര മോദി വലിയ പ്രോത്സാഹനം നൽകിയെന്ന് വാര്യർ പറഞ്ഞു. അദ്ദേഹം ശാസ്ത്രജ്ഞരിലും ശാസ്ത്രലോകത്തിലും വിശ്വസിക്കുന്ന ആളാണെന്നും വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദി കൊവിഡ് വികസിപ്പിക്കാനുള്ള ജോലി ശാസ്ത്രജ്ഞരെ ഏൽപ്പിച്ചപ്പോൾ, കേരള മുഖ്യമന്ത്രി ആ ജോലി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഏൽപ്പിച്ചുവെന്നും സന്ദീപ് വാര്യർ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു.
എ എൻ ഷംസീർ ഗണപതിയെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിക്കുകയും അവ കെട്ടുകഥകളാണെന്നും സാമൂഹിക പുരോഗതിക്ക് വിഘാതമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍, തന്റെ പ്രസംഗത്തിൽ മറ്റ് മതങ്ങളുടെ കെട്ടുകഥകളെയും വിശ്വാസങ്ങളെയും കുറിച്ച് അദ്ദേഹം മൗനം പാലിച്ചു.
കേരളമൊട്ടാകെ ഈ വർഷം ഗണേശോത്സവം കൊട്ടിഘോഷിച്ചു. ഗണേശ ചതുർത്ഥി പ്രമാണിച്ച് സംഘടിപ്പിച്ച ഘോഷയാത്രകളിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്.
ഏറ്റവും വലിയ ഗണേശ ചതുർത്ഥി ആഘോഷമാണ് പാലക്കാട് നടക്കുന്നത്. ഘോഷയാത്രയ്ക്ക് ശേഷം 250 വിഗ്രഹങ്ങൾ വെള്ളത്തിൽ നിമജ്ജനം ചെയ്യും. പൊതുസമ്മേളനം സിനിമാതാരം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്യും.