വന്യജീവികളുടെ വിസ്മയിപ്പിക്കുന്ന വൈവിധ്യം പലപ്പോഴും നമ്മുടെ ഏറ്റവും ഉജ്ജ്വലമായ ഭാവനകളെ മറികടക്കും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോ ഈ പ്രതിഭാസത്തിന് തെളിവ് നൽകുകയാണ്. ദക്ഷിണാഫ്രിക്കയിലെ ഒരു വിദൂര പ്രദേശത്താണ് സംഭവം നടന്നത്. ഏകദേശം 50 ഓളം ബാബൂണുകളാണ് (ആഫ്രിക്കന്‍ കുരങ്ങുകള്‍) തങ്ങളെ ആക്രമിക്കാന്‍ വന്ന പുള്ളിപ്പുലിയെ തിരിച്ച് ആക്രമിച്ച് വിരട്ടിയോടിച്ചത്.
വിജനമായ റോഡിന് നടുവിൽ നടന്ന അസാധാരണമായ ആക്രമണം ആ വഴി വന്ന വാഹനങ്ങളിലുള്ളവര്‍ക്ക് വേറിട്ട അനുഭവമായി, അവരത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
ഇര തേടി വന്ന ഒരു പുള്ളിപ്പുലി റോഡില്‍ ചിന്നിച്ചിതറി നടക്കുന്ന കുരങ്ങുകളെ കണ്ട് അവയിലൊന്നിനെ പിടിക്കാന്‍ മുന്നോട്ടോടിയതും തുടര്‍ന്ന് കുരങ്ങുകള്‍ കൂട്ടത്തോടെ പുലിയെ ആക്രമിക്കുന്നതുമാണ് രംഗം. കുരങ്ങനെ തിന്നാമെന്ന് വ്യാമോഹിച്ച താന്‍ അബദ്ധമാണോ കാണിച്ചതെന്ന് പുലി ചിന്തിക്കുന്നതിനു മുന്‍പേ കുരങ്ങുകള്‍ ആക്രമണം ആരംഭിച്ചിരുന്നു.
പുലിയുടെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന് തുടക്കത്തിൽ ചിന്തിച്ച് തങ്ങളുടെ ജീവൻ രക്ഷിക്കാൻ ഓടിപ്പോകാമെന്ന് ബാബൂണുകൾ കരുതിയെങ്കിലും, പെട്ടെന്നാണ് തങ്ങളുടെ സംഖ്യ കൂടുതലുണ്ടെന്നും പുലിയെ തിരിച്ച് ആക്രമിക്കാന്‍ ശക്തിയുണ്ടെന്നും മനസ്സിലാക്കി ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായുണ്ടായ പ്രത്യാക്രമണത്തില്‍ പുലിയ്ക്കും അടി തെറ്റി. നിലത്തു വീണ പുള്ളിപ്പുലിയെ കുരങ്ങുകള്‍ കടിച്ചു കീറി. ഒടുവില്‍ ഗത്യന്തരമില്ലാതെ പുലി എഴുന്നേറ്റ് ഓടിയെങ്കിലും കുരങ്ങുകളും പിറകേ ഓടുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്….