കൊച്ചി: മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മണനെ അറസ്റ്റു ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.
മോൺസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ ഐജി ലക്ഷ്മണാണെന്നും ഗൂഢാലോചനയിൽ ഐജിക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതേ കേസിലെ മറ്റൊരു പ്രതിയായ മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം അറസ്റ്റു ചെയ്തിരുന്നു. കളമശ്ശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായ സുരേന്ദ്രനെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റു ചെയ്തത്.
കേസിലെ ഒന്നാം പ്രതി മോണ്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് അന്ന് തൃശ്ശൂരില്‍ ഡി.ഐ.ജി.യായിരുന്ന സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. കെ. സുധാകരന്‍, ഐ.ജി ലക്ഷ്മണ്‍, എസ്. സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണു മോണ്‍സന് വന്‍തുക കൈമാറിയതെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.
അന്ന് ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് കുറ്റം ചുമത്തിയിരുന്നില്ല. എന്നാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതിയായതിന് പിന്നാലെ ഐജി ലക്ഷ്മണും പ്രതിയായി.
നേരത്തെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഐജി ലക്ഷ്മണ്‍ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ അന്വേഷണ സംഘത്തിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ ചോദ്യം ചെയ്യാനെത്തിയത്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉള്ളപ്പോൾ ഐജി വെള്ളായണിയിലെ ഒരു ഡിസ്പെൻസറിയിൽ ചികിത്സയ്ക്ക് പോകാറുണ്ടായിരുന്നത്. പിന്നീട് ഐപിഎസ് പദവി ദുരുപയോഗം ചെയ്യുകയും വ്യാജ മെഡിക്കൽ രേഖകൾ ഉണ്ടാക്കുകയും ചെയ്തുവെന്ന് അന്വേഷണ സംഘം ആരോപിച്ചു. ചികിത്സാ രേഖകളിൽ സംശയം പ്രകടിപ്പിച്ച് അന്വേഷണ സംഘം രംഗത്തെത്തിയതോടെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കാൻ ഐജി തയ്യാറായത്.
നേരത്തെ കേസിലെ മൂന്നാം പ്രതിയായ ഐ.ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാനിരുന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്, സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളയാൾ ഇടനിലക്കാരനാകുന്നു എന്നും മറ്റും ഹർജിയിൽ ആരോപിച്ചു. മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസിന്റെ ആദ്യ ഘട്ടത്തിൽ തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ തന്റെ പേരില്ലായിരുന്നു എന്നാണ് ഐജി ലക്ഷ്‌മൺ വാദിച്ചത്.
കോടതി വ്യവഹാരങ്ങളിൽപ്പെട്ട കേസുകളിൽ പോലും ഈ ശക്തി കൈകടത്തുന്നു എന്നും, മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനയ്ക്ക് അതീതമായ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും, പരിഹാരത്തിനായി ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കങ്ങൾ പോലും ഈ അതോറിറ്റിയാണ് തീര്‍പ്പാക്കുന്നതെന്നും, തിരശീലയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ഈ ഭരണഘടനാതീത ബുദ്ധികേന്ദ്രവും അദൃശ്യകരവുമാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കു നിർദേശം നൽകുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. അന്ന് കേസിൽ ലക്ഷ്‌മണിനു ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഘട്ടത്തിലാണു ലക്ഷ്‌മൺ, മോൻസനുമായി അടുപ്പമുണ്ടാക്കിയത്. നിലവിൽ പൊലീസ് പരിശീലന വിഭാഗം ഐജിയാണ് ലക്ഷ്മൺ. മോൻസണ്‍ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈ.എസ്.പി വൈ.ആർ റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.