വാഷിംഗ്ടൺ: ഫെഡറൽ, സംസ്ഥാന, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികൾ രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകളുടെ പേരില്‍ കോവിഡ്-19 ദുരിതാശ്വാസ ധനസഹായത്തില്‍ നിന്ന് 830 മില്യൺ ഡോളറിലധികം മോഷ്ടിച്ചതിന് കുറ്റപത്രം സമര്‍പ്പിച്ചതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച അറിയിച്ചു.
ഇവരില്‍ ഒരു കൊലപാതകത്തിന് പണം നൽകാൻ കോവിഡ്-19 ധനസഹായത്തില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നും, ഒരു ക്രിമിനൽ സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ 60 ലധികം പേർ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
“300-ലധികം പേര്‍ക്കെതിരെ 830 മില്യണിലധികം വരുന്ന കോവിഡ്-19 ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെ എടുത്ത ഈ നടപടി വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കോവിഡ്-19 പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചിരിക്കാം. പക്ഷേ, ദുരിതാശ്വാസ ഫണ്ടുകൾ ദുരുപയോഗം ചെയ്തവരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനം അവസാനിച്ചിട്ടില്ല, ഇത് തുടക്കം മാത്രമാണ്,” അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈയിൽ അവസാനിച്ച മൂന്ന് മാസത്തെ ഓപ്പറേഷനിൽ 300-ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് തട്ടിപ്പിന്റെ വ്യാപകതയെ അടിവരയിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്ര കാലം വേണമെങ്കിലും ഞങ്ങളിത് തുടരുമെന്ന് നിയമപാലകരുടെ യോഗത്തിന് നേതൃത്വം നൽകിയ ഡെപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോ പറഞ്ഞു.
ജൂണിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍, തട്ടിപ്പ് നടത്തിയവര്‍ കോവിഡ്-19 ദുരിതാശ്വാസ ഫണ്ടിംഗിൽ നിന്ന് 280 ബില്യൺ ഡോളറിലധികം മോഷ്ടിച്ചതായി കണ്ടെത്തി. മറ്റൊരു 123 ബില്യൺ ഡോളർ പാഴാക്കുകയോ തെറ്റായി ചെലവഴിക്കുകയോ ചെയ്തിട്ടുണ്ട്.
മഹാമാരി മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയെ അതിജീവിക്കാൻ ചെറുകിട ബിസിനസുകാരെയും തൊഴില്‍ രഹിതരായ തൊഴിലാളികളെയും സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൂന്ന് വലിയ പാൻഡെമിക്-റിലീഫ് സംരംഭങ്ങളിൽ നിന്നാണ് ഭൂരിഭാഗം പണവും മോഷ്ടിക്കപ്പെട്ടത്. പുതിയ നീതിന്യായ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏകദേശം 3,200 പേര്‍ക്കെതിരെ കോവിഡ്-19 സഹായ തട്ടിപ്പ് കുറ്റം ചുമത്തിയിട്ടുണ്ട്. ഏകദേശം 1.4 ബില്യൺ ഡോളറോളം പിടിച്ചെടുത്തിട്ടുണ്ട്.
കോടതി രേഖകൾ പ്രകാരം ‘വൈൽഡ് 100’ എന്നറിയപ്പെടുന്ന മിൽവാക്കി സംഘത്തിലെ അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്നവരാണ് ഉദ്യോഗസ്ഥർ ഉദ്ധരിച്ച കൊലപാതകം-വാടക കൊലയാളി കേസുകളില്‍ ഉൾപ്പെട്ടിരിക്കുന്നത്. പാൻഡെമിക് തൊഴിലില്ലായ്മ സഹായമായി ദശലക്ഷക്കണക്കിന് ഡോളർ മോഷ്ടിച്ചതായും തുകയുടെ ഒരു ഭാഗം തോക്കുകളും മയക്കുമരുന്നുകളും വാങ്ങാനും ഒരാളെ കൊല്ലാൻ പണം നൽകാനും ഉപയോഗിച്ചതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.
കൂടാതെ കൊള്ളയടിച്ച പണത്തിന്റെ എത്ര തുക കൊലയ്ക്ക് വേണ്ടി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കുന്നില്ല.
കാലിഫോർണിയ, ഫ്ലോറിഡ, മെരിലാൻഡ് എന്നിവിടങ്ങളിൽ ഇതിനകം പ്രവർത്തിക്കുന്നവരുമായി ചേർന്ന് കൊളറാഡോയിലും ന്യൂജേഴ്‌സിയിലും കോവിഡ്-19 തട്ടിപ്പിനെ ചെറുക്കുന്നതിന് കൂടുതൽ സ്‌ട്രൈക്ക് ഫോഴ്‌സിനെ വിന്യസിക്കുകയാണെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച പറഞ്ഞു.
കോവിഡ്-19 ഫ്രോഡ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ മൈക്ക് ഗാൽഡോ പറയുന്നതനുസരിച്ച്, വഞ്ചനയുടെ വ്യാപ്തി അവര്‍ കണ്ടതിന്റെ അടിസ്ഥാനത്തിൽ, അവരുടെ ജോലിയുടെ അവസാനം കാണുന്നില്ല എന്നാണ്.