തിരുവനന്തപുരം: ഗണപതി ഭഗവാനെ അനാദരിച്ച സ്പീക്കറുടെ നടപടിയിൽ ഇടപെടണമെന്ന അഭ്യര്‍ത്ഥനയുമായി വിശ്വഹിന്ദു പരിഷത്ത് മാർഗ-ദർശക് മണ്ഡല്‍ അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി ഔദ്യോഗികമായി പരാതി നല്‍കി. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ അവര്‍ക്ക് ഉറപ്പ് നൽകി.
വിശ്വഹിന്ദു പരിഷത്തിന്റെ സന്യാസ സമൂഹമായ മാർഗ-ദർശക് മണ്ഡലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകിയത്. ഗണപതി ഭഗവാനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടണമെന്നായിരുന്നു ഇവരുടെ അപേക്ഷ. കൂടാതെ, ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു.
സംഘടനാ അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി സ്വാമിയുടെ നേതൃത്വത്തിൽ രാജ്ഭവനിലെത്തി ഗവർണറെ നേരിട്ട് കണ്ടാണ് നിവേദനം സമര്‍പ്പിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി സ്വാമി ചിദാനന്ദപുരി അറിയിച്ചു.
സ്വാമി പ്രജ്ഞാനാനന്ദ തീർഥ പാദ, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, വേദാമൃതാനന്ദ പുരി, വീതസംഗാനന്ദ, സ്വാമി അയ്യപ്പദാസ്, ഹരിഹരാനന്ദ സരസ്വതി, കേശവാനന്ദ ഭാരതി, തിരുവനന്തപുരം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ, വിഭാഗ് സംഘടനാ സെക്രട്ടറി അജിത് കുമാർ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.