ഫിലഡൽഫിയ: ഇന്ത്യയുടെ 77-ാം സ്വാതന്ത്യ ദിനം ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്റർ സമുചിതമായി കൊണ്ടാടി. ഓഗസ്റ്റ് 19 ശനിയാഴ്ച 5:00 മണിക്ക് മുഖ്യാതിഥിയായി ത്തിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
തുടർന്ന് താലപ്പൊലിയുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ സമ്മേളന നഗറിലേക്ക് ആനയിച്ചു. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ക്രിസ്തോസ് ചർച്ച് ഓഡിറ്റോറിയത്തിൽ പ്രത്യേകമായി തയ്യാറാക്കിയ ഉമ്മൻ ചാണ്ടി നഗറിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്.
പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്റ് സാബു സ്കറിയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കൊച്ചുമോൻ വയലത്ത് ഏവരെയും സ്വാഗതം ചെയ്തു. മുഖ്യാതിഥി സാം പിട്രോഡ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്നും, മത വർഗ്ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം കണ്ടില്ല എന്ന് നടിക്കുന്ന സർക്കാരാണ് അധികാരത്തിലുള്ളതെന്നും, ഈ പ്രവണത ഇന്ത്യാ രാജ്യത്തെ ഫാസിസത്തിലേയ്ക്ക് നയിക്കുമെന്നും, എന്നാൽ മതേതരമായി ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്യുന്ന കോൺഗ്രസ്സിനു മാത്രമെ ഇതിനു മാറ്റം വരുത്താൻ സാധിയ്ക്കുകയുള്ളുവെന്നും പറഞ്ഞു. ശാസ്ത്രജ്ഞനും, സംരംഭകനും, കോൺഗ്രസ് നേതാവുമായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്റർ മെമന്റോ നൽകി ആദരിച്ചു.
കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവും അമേരിക്കൻ മലയാളിയുമായ ജയന്ത് കാമിച്ചേരിൽ ആശംസ പ്രസംഗം നടത്തി തനിയ്ക്ക് അവാർഡ് നേടിത്തന്ന ഹാസ്യസാഹിത്യകൃതിയായ “ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ ഉൾത്തിരിഞ്ഞ വന്ന നാൾവഴിളെക്കുറിച്ച് സംസാരിച്ചു. ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്റർ അദ്ദേഹത്തെ മെമന്റോ നൽകി ആദരിച്ചു.
ഐ.ഒ.സി ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ്ജ് എബ്രാഹം, കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ലീല മാരേട്ട്, ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ജോബി ജോർജ്ജ്, ഫിലാഡൽഫിയായിലെ സാംസ്ക്കാരിക സംഘടന നേതാക്കളായ സുരേഷ് നായർ (സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ), സുമോദ് നെല്ലിക്കാല (പമ്പ പ്രസിഡന്റ്), ശ്രീജിത്ത് കോമത്ത് (മാപ്പ് പ്രസിഡന്റ്) എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. അന്തരിച്ച കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ മ്യൂസിക് പ്ലസും, സാജൻ വറുഗീസും ചേർന്ന് തയ്യാറാക്കിയ ടീബുട്ട് റ്റു ഉമ്മൻ ചാണ്ടി എന്ന വീഡിയോ പ്രദർശിച്ചു. ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്റർ ട്രഷറർ ജോർജ്ജ് ഓലിക്കൽ പൊതുയോഗം നിയന്ത്രിച്ചു. പെൻസിൽവേനിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജീമോൻ ജോർജ്ജ് നന്ദി പ്രകാശനം നടത്തി.
മണിപ്പൂരിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധമായ വർഗ്ഗീയ, വംശീയ സംഘട്ടനങ്ങളിൽ ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്ററിന്റെ അമർഷവും, സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നിസ്സംഗതയിൽ പ്രതിഷേധവും രേഖപ്പെടുത്തിയ പ്രമേയം ഡോ: ഈപ്പൻ ഡാനിയേൽ അവതരിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കാൻ ഐ.ഒ.സി ഗ്ലോബൽ വൈസ് ചെയർമാൻ സാം പിറ്റ്ഡാടയ്ക്ക് കൈമാറി.
കലാസാംസ്ക്കാരിക പരിപാടികളിൽ ജി പണിക്കർ (നൂപുര ഡാൻസ് അക്കാഡമി), നിമ്മി ദാസ് (ഭരതം ഡാൻസ് അക്കാഡമി), അജ്ഞലി മുരളി (ശിവമുരളി കലാക്ഷേത്ര), ബ്ലൂമൂൺ എന്നീ ടീമുകൾ അവതരിപ്പിച്ച ദേശഭക്തി സന്ദ്രമായ നൃത്തശില്പങ്ങളും, റെയ്ച്ചൽ ഉമ്മൻ, ഹെൽഡ കെവിൻ, കെവിൻ വറുഗീസ്, ജയറാം, ബിജു ഏബ്രാഹം, പ്രസാദ് ബേബി എന്നിവർ ചേർന്ന സംഗീത പരിപാടികളും ആഘോഷങ്ങളെ മികവുറ്റതാക്കി. ഫീലിപ്പോസ് ചെറിയാൻ, ജോൺ സാമുവൽ, ജോൺസൺ മാത്യ ലിബിൻ പുന്നശേരി കുര്യൻ രാജൻ, തോമസ് ചാണ്ടി എന്നിവർ ആഘോഷ പരിപാടികൾ ക്രമീകരിച്ചു. സന്തോഷ് എബ്രാഹം, തോമസുകുട്ടി വറുഗീസ്, സുനിത അനീഷ് എന്നിവർ ചേർന്ന് കൾച്ചറൽ പ്രോഗ്രാം കോഡിനേറ്റു ചെയ്തു. വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.