കോട്ടയം; പുതുപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാളിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ കവലകളിലെ ഓരോ കടകളിലും കയറിയായിരുന്നു ഇന്നത്തെ പ്രചാരണം. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജ്യോതി ബിനു, വിദ്യാ സുദീപ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ മോഹൻ, മണർകാട് പഞ്ചായത്തംഗം സിന്ധു അനിൽകുമാർ, വിവിധ മണ്ഡലം സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ എന്നിവർ അനുഗമിച്ചു. വരും ദിവസങ്ങളിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ കവലകളിലും പ്രചാരണം നടത്താനാണ് പദ്ധതി.
രാധാമോഹൻ ദാസ് അഗർവാൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. ദേശീയ ജനറൽ സെക്രട്ടറിയായതിന് ശേഷം പുതുപ്പള്ളിയിലെത്തിയ അദ്ദേഹം കഴിഞ്ഞ പത്ത് ദിവസമായി പാർട്ടിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ദേശീയ തലത്തിലെ ബിജെപി യുടെ മുൻ നിര നേതാക്കളിൽ ഒരാൾ, ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിൽ ഇത്രയേറെ ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിയ്ക്കുന്നത് ആദ്യമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം പാർട്ടിയുടെ ദേശീയ നേതൃത്വം നൽകുന്നുണ്ടെന്ന സൂചനയാണിത്.
ബി.ജെ.പി.ക്ക് അധികം വേരോട്ടമില്ലാത്ത മണ്ഡലമാണെങ്കിലും മണ്ഡലത്തിൽ വലിയ ശ്രദ്ധയാണ് നേതാക്കൾ നൽകുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ബൂത്ത് തലത്തിൽ വീടുവീടാന്തരം സന്ദർശനം നടത്തി വോട്ടർമാരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കുന്നു.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ അടുക്കുന്തോറും ശക്തമായ ത്രികോണ മത്സരത്തിൻ്റെ പ്രതീതി മണ്ഡലത്തിലുണ്ട്. കഴിഞ്ഞ തവണത്തേക്കൾ കൂടുതൽ വോട്ടുകൾ ഇത്തവണ സമാഹരിയ്ക്കുമെന്നാണ് ബിജെപി ക്യാമ്പിൻ്റെ പ്രതീക്ഷ.