തടിയില്‍ രൂപകല്‍പന ചെയ്ത പുതിയ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയൂടെ മോഡലുമായി മൈക്കിള്‍ആന്‍ജലോ പോപ്പ് ജൂലിയസ് മൂന്നാമനെ മുഖം കാണിക്കാനെത്തി. തിരുമനസ്സ് മോഡല്‍ വാങ്ങി സസൂക്ഷ്മം വീക്ഷിച്ച് വിലയിരുത്തി ചോദിച്ചു:
അപ്പോള്‍ ഇത് ശില്പി അന്റോണിയോ ഡസാങ്ലോ രൂപകല്പന ചെയ്ത മോഡലില്‍ നിന്ന് വ്യത്യസ്മാണല്ലേ!
അതേ, തിരുമനസ്സേ, ആ മോഡല്‍ അദ്ദേഹത്തിന്റേതാണ്. അതു ചെയ്താല്‍ ദോഷങ്ങളേറെ ഉണ്ടാകാം. ബസിലിക്കയ്ക്ക് തുടക്കമിട്ട മഹാശില്പി ഡോണാറ്റോ ബ്രാംന്റെയുടെ പ്ലാനുകളാണ് എനിക്കേറെയിഷ്ടം.
പിന്നെ അതോട് ചേര്‍ന്ന് മദ്ധ്യത്തില്‍ മനോഹരമായ ഒരു ഡോം മുകളിലൊരു താഴികക്കുടവും. അതിനുമേലെ ഒരു കുരിശും. അത് പുതിയ ബസിലിക്കയൂടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് എന്റെ പ്രത്യാശ.
അത്തരമൊന്നായിരുന്നില്ലേ സാങ്ലോയുടെ പ്ലാനും? ബസിലിക്കായോട് ചേര്‍ന്ന് കിഴക്കേയറ്റത്ത് വലിയ ഒരു ഡോമും, ആ പ്ലാന്‍ താങ്കള്‍ കണ്ടിട്ടില്ലേ?
ഉണ്ട്. ആ ഭീമാകാരമായ ഡോമും അത്ര വലിയൊരു പ്ലാനും വേണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആ പ്ലാനില്‍ പണിയാന്‍ ആരംഭിച്ചാല്‍ പേപ്പല്‍ ഖജനാവിലെ ധനം ധൂര്‍ത്തടിക്കാമെന്നല്ലാതെ ഒരു മെച്ചവുമില്ല. തിരുമനസ്സ്‌അതിന്റെ മോഡല്‍ കണ്ടിട്ടുണ്ടാകുമല്ലോ. ശ്രദ്ധിച്ചുനോക്കിയാല്‍ മനസ്സിലാകും. കാറ്റും വെളിച്ചവും അധികം കടക്കാത്ത ഭീമാകാരമായ ഒരു ഡോം!
കന്നുകാലികളെ വളര്‍ത്താന്‍ പാകത്തില്‍, അല്ലെങ്കില്‍ത്തന്നെ ഇങ്ങനെ ഒന്നുണ്ടാക്കിയാല്‍ അത് കള്ളന്മാരുടെ ഒളിസങ്കേതവും കച്ചവടക്കാരുടെ വിഹാര കേന്ദ്രവുമാകാനാണ് സാദ്ധ്യത.
ബസിലിക്കയ്ക്ക് ചേര്‍ന്ന് ധാരാളം വെളിച്ചം കടക്കുന്ന ഒതുങ്ങി മനോഹരമായൊരു ഡോം. അതിനുള്ളില്‍ അള്‍ത്താരയോട് ചേര്‍ന്ന് വിശാലമായ തളം. അത് പേപ്പല്‍ കത്തീഡ്രലിനെ അതിമനോഹരമാക്കും.
ശരിയാണ്, അത് നാമും ശ്രദ്ധിച്ചിരുന്ന. വേണ്ടത്ര വെളിച്ചം കടക്കണമെങ്കില്‍ അതിനനുസരണം കിളിവാതിലുകളേറെ വേണം.
പോപ്പ് ജൂലിയസ് മോഡല്‍ പലതവണ നിരീക്ഷിച്ചു ചോദിച്ചു;
സാങ് ലോയുടെ പണിയുടെ മേല്‍നോട്ടം വഹിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിസ്‌കോ സാങ്ലോതന്നെ ആയിരിക്കുമോ താങ്കളുടെ പണികളുടെ മേല്‍നോട്ടവും. ആ ചെറുപ്പക്കാരന്‍ ഇന്നലെ നമ്മെ മുഖംകാണിക്കാന്‍ എത്തിയിരുന്നു. അയാളുടെ അങ്കിളാണ് ബസിലിക്കാ പണിതുകൊണ്ടിരുന്ന ശില്പി അന്റോണിയോ ഡി സാങ്ലോ ജൂണിയര്‍. അയാളുടെ അപേക്ഷ, അന്റോണിയോയുടെ പ്ലാന്‍ നിലനിര്‍ത്തി അയാളെത്തന്നെ പണികളുടെ മേല്‍നോട്ടം ഏല്‍പ്പിക്കണമെന്നാണ്.
മൈക്കിള്‍ആന്‍ജലോ നീണ്ട ഒരു ആലോചനയ്ക്കുശേഷം തിരികെ പോപ്പിനോട് എളിമയായി ചോദിച്ചു:
അങ്ങും അങ്ങനെ ഉദ്ദേശിക്കുന്നുണ്ടോ?
പോപ്പ് ഈറിച്ചിരിച്ച് മൊഴിഞ്ഞു:
അതൊക്കെ തീരുമാനിക്കേണ്ടത് താങ്കളാണ്. താങ്കളെയാണ് നാം മുഴവന്‍ ഉത്തരവാദിത്വവും ഏല്‍പ്പിച്ചിരിക്കുന്നത്. അറിയാമല്ലോ സാങ്ലോ ശില്പികളെ അവരുടെ അപ്പനപ്പുപ്പന്മാരുടെ കാലംതൊട്ടേ വാസ്തുശില്പകലയുടെ തലതൊട്ടപ്പന്മാരാണെന്നാണല്ലോ പരക്കെ സംസാരം. അതൊന്നും നമ്മൂടെ കാര്യമല്ല. അവരല്ല അവരേക്കാളേറെ നമൂക്ക് താങ്കളോടാണ് പ്രതിപത്തി.
താങ്കള്‍ ചിത്രകാരനും ശില്പിയും അതിനപ്പുറം വാസ്തുശില്പകലയുടെ പുതിയ വക്താവും എന്ന് പലകുറി തെളിയിച്ചിട്ടുള്ള ആളുമാണ്. താങ്കളുടെ ഈ മോഡല്‍ എനിക്കേറെ ഇഷ്ടമായി. ഇതനുസരിച്ചുതന്നെ പണികള്‍ മുമ്പോട്ടു കൊണ്ടുപോകുക.
തച്ചുശാസ്ത്രത്തിലെ പ്രഗല്ഭരായ സാങ്ലോ കുടുംബകഥ മൈക്കിള്‍ആന്‍ജലോ ചെറുപ്പംമുതലേ കേള്‍ക്കുന്നതാണ്, നവോത്ഥാനത്തിന്റെ ആരംഭഘട്ടംമുതല്‍. പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധന്‍, ജൂലിയാനോ ഡി സാങ്ലോ. ഫ്ളോറന്‍സിലും പരിസരങ്ങളിലും വാസ്തുശില്പത്തിന്റെ മാസ്മരിസം കൊണ്ട് ശില്പികളെയും പ്രഭൂക്കളെയും അമ്പരപ്പിച്ച തച്ചുശാസ്ത്രജ്ഞന്‍!
ലൊറന്‍സോ പ്രഭുവിന്റെ കൊട്ടാരം അദ്ദേഹമാണ് നിര്‍മ്മിച്ചത്. അന്നത് തച്ചുശാസ്ത്രത്തിലെ അത്ഭുതമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങളില്‍ ഏറ്റവും ഇളവനായിരുന്നു സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിന്റെ ഒടുവിലത്തെ ശില്പി. അന്റോണിയോ ഡി സാങ്ലോ ജൂണിയര്‍. റാഫേല്‍ പ്രധാനശില്പിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹായി. റാഫേലിന്റെ മരണശേഷം പ്രധാന ശില്പിയായി പറഞ്ഞിട്ടെന്തു കാര്യം? എന്തൊക്കെയോ ചെയ്യാനറിയാമെന്നതിനപ്പുറം മുത്ത സഹോദരനായ മഹാശില്പി ജൂലിയാനോ സാങ്ലോയുടെ ഒരു വൈദഗ്ദ്ധ്യവും ഭാവനയും ഇല്ലാത്ത ഒരു പാരമ്പരാഗത ശില്പി എന്നേ വിശേഷിപ്പിക്കാനാകു.
ബസിലിക്കയുടെ പണി തുടങ്ങി. നാലു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പുതിയ അടിത്തറയില്‍ മുകളിലേക്ക് പണി ആരംഭിക്കാന്‍ തുടങ്ങിയിരുന്നതേയുള്ളു. വൃദ്ധനായ പോപ്പ് ജൂലിയസ് മൂന്നാമന്‍ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ കാലം ചെയ്തു എന്ന വാര്‍ത്ത മൈക്കിള്‍ആന്‍ജലോ ഞെട്ടലോടെ കേട്ടു. അപ്പോള്‍ എഴുപത്താറു വയസ്സിലേക്കു കടന്ന മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു:
ബസിലിക്കയുടെ പണി ആരംഭിക്കും മുന്‍പ് പോപ്പ് ജൂലിയസ് മൂന്നാമന്‍ പറഞ്ഞിരുന്നത്.
ഒരുപക്ഷേ, ഈ വലിയ ദൗത്യം പൂര്‍ത്തിയാകും മുമ്പ് ഞാനും അദ്ദേഹവും കടന്നുപോയേയ്ക്കാമെന്ന്. നല്ലവനായ ജുലിയസ് പോപ്പ് കടന്നുപോയി. തീര്‍ച്ചയായും അദ്ദേഹത്തിന്റെ സല്‍പ്രവൃത്തികളുടെ നിക്ഷേപം സ്വര്‍ഗ്ഗത്തിലുണ്ട്. ഇനി തന്റെ ഊഴമാണ് എന്നാണ് മരണപ്പെടുക എന്നാരു കണ്ടു? അതുവരെ പണിയുക. അവസാനിക്കുന്നിടത്ത് അവസാനിപ്പിച്ച് കടന്നുപോകുക. ഈ മഹത്തായ ജോലി വേദനകൂടാതെ ഏറ്റെടുത്തത് ദൈവമഹത്വത്തിനാണല്ലോ. മരണം കള്ളനെപ്പോലെ കടന്നുവരുന്നു. ആ നാഴികയോ, വിനാഴികയോ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക? എത്ര എത്ര പ്രഗല്ഭരായ പോപ്പുമാര്‍ തന്റെ കണ്‍മുന്നിലൂടെ കടന്നുപോയി.
തല്ക്കാലം പണി നിന്നു. ഇനി പുതിയൊരു പോപ്പ് വരണം. ആരായിരിക്കാം അടുത്ത പോപ്പ്? ഇനി അടുത്ത പോപ്പിന്റെ തീരുമാനം വേണം പണി തുടരാന്‍. വയസ്സനായ തന്നെ നീക്കി മറ്റൊരു യുവശില്പിയെ നിയമിക്കാന്‍ താല്പര്യമുള്ള പോപ്പാണെങ്കില്‍ തന്റെ സേവനം ഇവിടെ അവസാനിക്കും. എന്തെങ്കിലും ദൈവനിശ്ചയംപോലെ നടക്കട്ടെ. ആര്‍ക്കും ഈ ജീവിതത്തില്‍ ഇഷ്ടാനിഷ്ടങ്ങളെ മുമ്പോട്ടേക്ക് കൊണ്ടുപോകാനാവില്ലല്ലോ ശ്രമിക്കാമെന്നതില്‍ക്കവിഞ്ഞ്!
വീണ്ടും കര്‍ദിനാള്‍ തിരുസംഘം ഒത്തുകൂടി. കോണ്‍ക്ലേവില്‍ വെളുത്ത പുക പൊങ്ങി. പുതിയ പോപ്പ് കര്‍ദിനാള്‍ മാര്‍സിലോ സര്‍മിനി, പോപ്പ് മാര്‍സിലസ്സ് രണ്ടാമന്‍ എന്ന നാമധേയത്തില്‍ അവരോധിക്കപ്പെട്ടു. മദ്ധ്യവയസ്ക്കന്‍, അമ്പത്-അമ്പത്തിയഞ്ച് പ്രായം. എന്നിട്ടും വെറും ഇരുപത്തിരണ്ട് ദിനങ്ങള്‍ മാത്രം! ഹതഭാഗ്യനായ പോപ്പ് പെട്ടെന്നൊരു ഹാര്‍ട്ടറ്റാക്കായി കാലം ചെയ്തു.
വിധിയെ ആര്‍ക്കു തടയാനാകും!
ബസിലിക്കയുടെ പണി വീണ്ടും നീണ്ടു. വീണ്ടുമൊരു പുതിയ പോപ്പ് അധികാരത്തില്‍ വന്ന് പുതിയ കരാറില്‍ ഒപ്പുവെക്കണം. ആരായിരിക്കാം ഇനിയും അടുത്ത പോപ്പ്? അദ്ദേഹത്തിന്റെ ആയുസ്സ് എത്രകാലമാകാം? മരണത്തെപ്പറ്റി ആയിരുന്നില്ല ആകുലത. ഏറ്റെടുത്ത ജോലി എവിടെവരെ കൊണ്ടവസാനിപ്പിക്കാമെന്നതിനെവപ്പറ്റി, ഒന്നിനുമൊരു വ്യവസ്ഥിതി ഇല്ല. ങാ, ചെല്ലുന്നിടംവരെ ചെല്ലട്ടെ. അത്രയല്ലേ കഴിയു!
വീണ്ടുമൊരു പോപ്പ് അധികാരത്തില്‍ വന്നു. കര്‍ദിനാള്‍ ജിയോവാനി പീട്രോകറാഫാ, പോള്‍ നാലാമന്‍ എന്ന നാമധേയത്തില്‍ അധികാരമേറ്റു. വൃദ്ധനെങ്കിലും ചുറുചുറുപ്പും പ്രസരിപ്പുമുള്ള പോപ്പ്. തന്നെക്കാള്‍ പ്രായക്കുറവ് എന്ന് പറയാനാവില്ല. ഏറെക്കുറെ എണ്‍പതോടുടുത്ത പ്രായം. ഈ പോപ്പിന്റെ കാലത്തുതന്നെ താന്‍ മരിച്ചേക്കും എന്ന് മൈക്കിള്‍ആന്‍ജലോ മനസ്സില്‍ കണക്കുകൂട്ടി.
പുതിയ പോപ്പ് പോള്‍ നാലാമന്‍, മൈക്കില്‍ ആന്‍ജലോയെ താമസംവിനാ പേപ്പല്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.
മൈക്കിള്‍ആന്‍ജലോ തിരുസന്നിധിയിലെത്തി. പുതിയ പോപ്പിന്റെ തീരുമാനം എന്താകാം എന്ന് ശങ്കിച്ചിരിക്കവേ, പോള്‍ നാലാമന്‍ പറഞ്ഞുതുടങ്ങി:
നാം മൈക്കിളിന്റെ ഒരാരാധകനാണ്. പണ്ടുമുതല്‍ക്കേ ഇങ്ങനെ നാം തമ്മിലൊരു കൂടിക്കാഴ്ചതന്നെ നമ്മെ ധന്യനാക്കുന്നു. എല്ലാമൊരു ദൈവനിയോഗം പോലെ. ഒരുപക്ഷേ നമുക്കിരുവര്‍ക്കും ഈ മഹാദാത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ത്തന്നെ ഇതില്‍ മൈക്കിള്‍ആന്‍ജലോ എന്ന മഹാശില്‍പിയുടെ കൈയൊപ്പ് ഉണ്ടായിരിക്കുന്നത് ഏറെ നന്ന്. പത്രോസിന്റെ സിംഹാസനത്തിന്റെ മഹാശില്പി എന്ന നിലയില്‍ താങ്കള്‍ പ്രത്യേകം ആദരവ് അര്‍ഹിക്കുന്നു. പഴയ കരാര്‍ നാം ഉറപ്പിക്കുന്നു. ഉടനെ പണികള്‍ ആരംഭിക്കുക. താങ്കള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകൂമാറാകട്ടെ.
കാലം വീണ്ടും കറങ്ങി. വെളിച്ചത്തെ ഇരുള്‍ വിഴുങ്ങി. ഇരുളിനെ വെളിച്ചം വിഴുങ്ങി. പണികള്‍ ധൃതഗതിയില്‍ നടന്നു. കൂറ്റന്‍ കല്‍ത്തൂണുകള്‍ ഉയര്‍ന്നുവന്നു. അവയില്‍ തച്ചുശാസ്ത്ര വൈദഗ്ദ്ധ്യത്തിന്റെ പുതിയ പൂക്കള്‍ വിടര്‍ന്നു. വെളിച്ചമേറെ കിട്ടുന്ന നാനാവര്‍ണ്ണങ്ങള്‍ പതിച്ച ചില്ലുമേടകള്‍പോലെ ബസിലിക്കയുടെ മുന്‍ഭാഗം ഉയര്‍ന്നുകൊണ്ടിരുന്നു. ഗോഥിക് രീതിയിലുള്ള വാതായനങ്ങള്‍ ബസിലിക്കയുടെ രൂപഭംഗി ചാര്‍ത്തി. മഴയും മഞ്ഞും പിന്നെ വസന്തവും ശരല്‍ക്കാലവും വേനലും താളംതെറ്റാതെ കടന്നുപോയി.
ബെസിലിക്കയുടെ താഴത്തെ തട്ട് പൂര്‍ത്തിയായി. മുകള്‍ത്തട്ടിനുള്ള പണി ആരംഭിക്കണം. മദ്ധ്യത്തില്‍ കമനീയമായ ഡോമോടുകൂടി. ഡോമിന് പലപല സ്‌കെച്ചുകള്‍ മാറിമാറി ഇട്ട് പരിശ്രമം നിര്‍ബ്ബാധം തുടരവേ, വീണ്ടുമതു സംഭവിച്ചു. പോപ്പ് പോള്‍ നാലാമന്‍ വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ കാലം ചെയ്തു. രണ്ടു ദിവസം പനിയായി കിടന്നു. പെട്ടെന്നു മരിച്ചു.
മരണകാഹളം മൈക്കിള്‍ആന്‍ജലോയുടെ കാതുകളില്‍ മുഴങ്ങി. എങ്കിലും ദൈവത്തിന്റെ ഖജനാവില്‍ തന്റെ ആയുസ്സ് കാത്തുകിടക്കുന്നു. ഒരുപക്ഷേ, ബസിലിക്കയുടെ പണി പൂര്‍ത്തിയാകും വരെയോ! തീര്‍ച്ചയായും അതുണ്ടാകാന്‍ വഴിയില്ല. വയസ്സ് എണ്‍പത്തിയെട്ടില്‍ എത്തിയിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും ഭാഗ്യവാനായ ദീര്‍ഘായുഷ്മാനായി ദൈവം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഒരുപക്ഷേ, അവിടത്തേക്കുള്ള ദൌത്യം പൂര്‍ത്തിയാക്കാനാകാം. ബസിലിക്കയുടെ മദ്ധ്യത്തില്‍ വിരിയുന്ന കമനീയമായ ഡോം. അതു തനിക്കു കാണാനാകുമോ? ഇല്ലെങ്കില്‍ വേണ്ട. തന്റെ കൈയൊപ്പ് പതിഞ്ഞതായിരിക്കൂമല്ലോ, ആ ഡോം!
(തുടരും…………….)