സൂര്യപുത്രൻ എന്ന നാടകം ഡാളസ്സിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയപ്പോൾ പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച ഒരുരംഗം ഉണ്ടായിരുന്നു. കർണ്ണന്റെ ജീവൻ സംരക്ഷിച്ചിരുന്ന കവച കുണ്ഡലങ്ങൾ, സ്വന്തം മകനായ അർജുനന്റെ ജീവൻ രക്ഷിക്കാനായി ഇന്ദ്രൻ ഇരന്നു വാങ്ങി. അതിന് പ്രത്യുപകാരമായി ശക്തിവേൽ ഇന്ദ്രൻ, കര്ണ്ണന് നൽകി.
ഇന്ദ്രൻ എന്ന കഥാപാത്രം വേദിയിലെത്തിയത് വെറും കൈയോടെ ആയിരുന്നു. പക്ഷെ, കർണ്ണന് ശക്തിവേൽ നൽകുമ്പോൾ അഞ്ചടിയോളം നീളമുള്ള ശൂലം ഇരു കൈകളിലുമായി പ്രത്യക്ഷപ്പെടുന്നു. തഴക്കവും പഴക്കവും വന്ന ഒരു മാന്ത്രികൻറെ ചാരുതയോടെ അനായാസം ശൂലം കൈകളിൽ എങ്ങനെയാണ് എത്തിയതെന്ന് അന്ന് നാടകം കണ്ട് അമ്പരന്നിരുന്ന പലപ്രേക്ഷകരും ഇപ്പോഴും വിലാസ് കുമാറിനോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. സൂര്യപുത്രൻ എന്ന നാടകത്തിൽ ഇന്ദ്രന്റെ ജീവിതം വേദിയിൽ പകർന്നവതരിപ്പിച്ചത് വിലാസ്‌കുമാർ ആയിരുന്നു. ഈ നാടകത്തിന്റെ ഓഡിയോ റിക്കാർഡിങ്ങ്, L E D ബാക്ക്ഗ്രൗണ്ട് മുതലായ സാങ്കേതിക കാര്യങ്ങൾ ഒരുക്കിത്തന്നതും വിലാസ് കുമാർ ആയിരുന്നു. പൂരങ്ങളിൽ, തിമിലകളാൽ പെരുമഴയൊരുക്കുന്ന പല്ലാവൂർ ശ്രീധരന്റെയും, പല്ലാവൂർ ശ്രീ കുമാറിന്റെയും ശിക്ഷണത്തിൽ പ്രവർത്തിച്ചുവരുന്ന ഡാലസ്സ് വാദ്യ കലാകേന്ദ്രത്തിന്റെ നേടും തൂണും വിലാസ് കുമാർ തന്നെ.
അമേരിക്കയിലെ, സാന്റിയാഗോയിൽ എല്ലാവർഷവും അരങ്ങേറുന്ന കോമിക്ക്-കോൺ എന്ന ബൃഹത്തായ, സിനിമാ ആസ്വാധകരുടേയും, സിനിമ പ്രവർത്തകരുടെയും പരിപാടിയിൽ ആദ്യമായി ഒരു ഇന്ത്യൻ സിനിമയുടെ പ്രദർശന അറിയിപ്പുണ്ടായി. കൽക്കി 2898-AD എന്ന ബ്രഹ്മാണ്ഡ സിനിമ, അമേരിക്കയിൽ പരിചയപ്പെടുത്തിയപ്പോൾ കേരളത്തനിമയുള്ള ചെണ്ടമേളം കോമിക്ക്-കോണിൽ വേണമെന്ന് കൽക്കി സിനിമാ നിർമ്മാതാക്കൾ ആഗ്രഹിച്ചു. അവർ വിലാസ് കുമാറിനെ ബന്ധപ്പെടുകയും, പല്ലാവൂർ ശ്രീകുമാർ ഉൾപ്പെട്ട ഡാലസ്സ് വാദ്യ കലാ കേന്ദ്രം, ചെണ്ടമേളം അവിടെ അവതരിപ്പിക്കുകയും ഉണ്ടായി. സദസ്സിൽ സന്നിഹിതരായിരുന്ന അനേകം ഹോളിവുഡ്, ബോളിവുഡ് പ്രവർത്തകരെ അമ്പരപ്പിച്ചുകൊണ്ട് സാന്റിയാഗോയിൽ ചെണ്ടമേളം അരങ്ങേറിയപ്പോൾ, കലാ കേരളത്തിന്റെ മേളപ്പെരുക്കം അമേരിക്കൻ മണ്ണിലും ആസ്വാദകരെ കണ്ടെത്തുകയായിരുന്നു.
കലയോടും കലകളോടും ഉള്ള അഭിനിവേശം കൊണ്ടാണ് ഒരു സിനിമ നിർമ്മിക്കാം എന്ന ആഗ്രഹം വിലാസിനുണ്ടായത്. സ്വന്തം ജീവിതാനുഭവം തന്നെ സിനിമയാക്കി മാറ്റി സംസ്ഥാന അവാർഡ് നേടിയ വെള്ളം സിനിമയുടെ നിർമ്മാതാവായ മുരളി കുന്നുംപുറത്തുമായി ഒത്തുചേർന്ന് “നദികളിൽ സുന്ദരി യമുന” എന്ന അഭ്രകാവ്യം അങ്ങനെയാണ് ഒഴുകാനാരംഭിച്ചത്.
വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച്, സംവിധനം ചെയുന്ന സിനിമ സെപ്‌റ്റംബർ 15ന് പ്രദര്ശനത്തിനെത്തുകയാണ്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കോമഡി പടത്തിലെ നായികയെ ഒരു സസ്പെൻസാക്കി വച്ചിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഗാനം ആലപിക്കുന്നു എന്നൊരു പ്രത്യേകതകൂടി ഈ സിനിമക്കുണ്ട്. ഡാളസ്സിലെ പ്രഗത്ഭനായ ബിസിനെസ്സുകാരൻ എന്ന നിലയിലെ അനുഭവ സമ്പത്തും, കലാരംഗത്തെ പ്രവർത്തനപരിചയവും, ഏറ്റെടുക്കുന്ന എല്ലാജോലികളും പരിപൂർണതയിൽ എത്തണം എന്ന നിശ്ചയദാർഢ്യവും, സിനിമാ രംഗത്തും വിലാസ്‌കുമാറിന് മുതൽക്കൂട്ടാകും. സെപ്‌റ്റംബർ 15ന് പ്രദർശനത്തിനെത്തുന്ന “നദികളിൽ സുന്ദരി യമുന” വിജയിപ്പിക്കാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
റിലീസിങ് കാത്തിരിക്കുന്നു. സിനിമ ബോക്സോഫീസിൽ ഹിറ്റ് ആവട്ടെ