സ്റ്റാഫോർഡ്, ടെക്സസ് – അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പോലീസ് ഫണ്ടിംഗിൽ ഒരു മില്യൺ ഡോളർ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നഗരത്തിന്റെ സുരക്ഷ അപകടത്തിൽ ആകുമെന്ന് സ്റ്റാഫോർഡ് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. യൂണിയൻ പ്രസിഡന്റ് ലൂസിയാനോ ലോപ്പസ് പറയുന്നത്, ഡിപ്പാർട്ട്മെന്റ് ഇപ്പോൾ തന്നെ ജീവനക്കാരുടെ കുറവ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ്.
അടുത്തിടെ, സ്റ്റാഫോർഡ് മേയർ കെൻ മാത്യു അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിർദ്ദേശം സമർപ്പിച്ചതിൽ പോലീസ് വകുപ്പിന്റെ വിഹിതത്തിൽ ഒരു മില്യൺ ഡോളറിന്റെ കുറവ് ആണ് നിർദ്ദേശിച്ചിരിക്കുന്നത്. “ഇത് യഥാക്രമം ഒമ്പത് പട്രോളിംഗ് ഓഫീസർമാരെയും ഒരു ഡിറ്റക്ടീവിനെയും മൂന്ന് ഡിസ്പാച്ചർമാരെയും വിട്ടയക്കുക എന്നാണ് ഇതിനർത്ഥം. ” ലോപ്പസ് പറഞ്ഞു. “കൗൺസിൽ ഇത് പാസാക്കുകയാണെങ്കിൽ, അത് അടിസ്ഥാനപരമായി ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ ഫണ്ട് ഡി-ഫണ്ട് ചെയ്യുകയാണ്, അത് അനുവദിച്ചു കൊടുക്കുവാൻ കഴിയില്ല,” കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സിറ്റി കൗൺസിൽ യോഗത്തിൽ ലോപ്പസ് പറഞ്ഞു.
“ഞങ്ങൾ ഇതിനകം ഒരു അസ്ഥികൂടമായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പോലീസ് മേധാവിയാണ് കഴിഞ്ഞയാഴ്ച ഒരാളെ അറസ്റ്റ് ചെയ്യാൻ പോയത്. അടിയന്തിര സാഹചര്യങ്ങളിൽ സ്റ്റാഫോർഡിലെ പൗരന്മാർക്ക് സമയോചിതമായ സഹായം നൽകുന്നതിൽ ഞങ്ങൾ പരാജയപ്പെടാനുള്ള സാധ്യതയുണ്ട് ” സാർജന്റ് ലോപ്പസ് പറഞ്ഞു.
കഴിഞ്ഞ ജൂണിൽ അധികാരമേറ്റ മേയർ കെൻ മാത്യു ഈ അവകാശവാദങ്ങളെ നിഷേധിച്ചു പറഞ്ഞത്, “നിർദിഷ്ട ബജറ്റിലെ സംഖ്യകൾ എന്റേതല്ല. പോലീസ് ബജറ്റിൽ നിന്ന് ഒരു മില്യൺ ഡോളർ ഞാൻ വെട്ടിക്കുറയ്ക്കുകയോ പോലീസ് സേനയുടെ അംഗബലം കുറയ്ക്കുകയോ ചെയ്യുന്നില്ല” എന്നാണ്.
എന്നിരുന്നാലും അവസാന കണക്കുകൾ ഒരു മാസത്തിനുള്ളിൽ മാത്രമേ വെളിപ്പെടുത്തൂ. ഒക്ടോബർ ഒന്നിന് പുതിയ ബജറ്റ് പ്രാബല്യത്തിൽ വരും.
ഈ വിഷയത്തിൽ പ്രദേശവാസികൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. പ്രദേശവാസിയായ ബ്രെൻഡ മാർട്ടിൻ തന്റെ ആശങ്ക പ്രകടിപ്പിച്ചത് ഇങ്ങനെയാണ് “ഞങ്ങൾക്ക് വേണ്ടത്ര പോലീസ് ഉദ്യോഗസ്ഥരില്ല, ഇത് എന്നെ അസ്വസ്ഥയാക്കുന്നു”
എന്നാൽ മറുവശത്ത്, മറ്റൊരു താമസക്കാരനായ ഹാഫിസ് കെസി പറഞ്ഞു, “പാഴായാൽ അത് വെട്ടിക്കുറയ്ക്കണം, ശരിയായ തീരുമാനം എടുക്കുന്ന മേയറെ ഞാൻ വിശ്വസിക്കുന്നു.”
മേയറുടെ നിർദ്ദിഷ്ട ബജറ്റ്, ഈ വരുന്ന കൗൺസിൽ അസാധുവാക്കുമെന്നും പൊതുജന സുരക്ഷയ്ക്ക് മതിയായ ഫണ്ട് നൽകുമെന്നും സ്റ്റാഫോർഡ് സിറ്റി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നു.