മലപ്പുറം: ഇന്ത്യയിലുടനീളം ശക്തിപ്പെടുന്ന സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തിന് അയ്യങ്കാളി ചിന്തകൾ കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. മഹാത്മാ അയ്യങ്കാളി ദിനത്തിൽ മഹാത്മാ അയ്യങ്കാളിയും നവജനാധിപത്യ രാഷ്ട്രീയവും എന്ന പ്രമേയത്തിൽ വള്ളിക്കുന്ന് പെരുവള്ളൂരിൽ നടത്തിയ ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുൾപ്പെടെ ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങൾക്കെതിരെ വംശീയത പടർത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാറിനെ പ്രതിരോധിക്കാൻ വിശാല മുന്നേറ്റം രൂപപ്പെടണം.
ആർ എസ്സ് എസ്സ് രൂപപ്പെടുത്തുന്ന ഹിന്ദുത്വ എകീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ കഴിയൂ.
ഭൂമിയും വീടും നിഷേധിക്കപ്പെട്ട ദളിതുകളും ആദിവാസികളും പരിഗണിക്കപ്പെടാത്ത രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായിരുന്നു ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണം. അന്യാധീനപ്പെട്ട ഭൂമി മുഴുവൻ കുത്തകകളിൽ നിന്ന് തിരിച്ചുപിടിച്ച് ഭൂരഹിതർക്കും കർഷകർക്കും നൽകാൻ കഴിയുംവിധം കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ജോതിവാസ് പറവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, കെ ടി അസീസ്, വാസു ചേളാരി, നാസർ ചേളാരി, ജയചന്ദ്രൻ വള്ളിക്കുന്ന്, കെ കെ സലിം, മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.