തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ തുടരുന്ന സൈബര്‍ അധിക്ഷേപത്തിനെതിരെ ഒടുവില്‍ പോലീസ് കേസെടുത്തു. ഇടത് സംഘടനാ നേതാവും സെക്രട്ടേറിയറ്റ് മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍
കൊളത്തപ്പിള്ളിക്കെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ
ചുമത്തിയിരിക്കുന്നത്.
നേരത്തെ, സൈബര്‍ ഭീഷണിക്ക് പിന്നിലെ ശക്തികളെ നേരിടാന്‍ കേസുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ച് അച്ചു ഉമ്മന്‍ ആലോചിച്ചതിനെത്തുടര്‍ന്ന് നന്ദകുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.
ഇടത് പക്ഷ ചായ്‌വുള്ളവര്‍ ഇന്‍സ്റ്റഗ്രാമില്‍ അപകീര്‍ത്തിപരമായ പ്രസ്താവനകളും മറ്റു അധിക്ഷേപങ്ങളും പ്രചരിപ്പിച്ചത് തന്റെ ഒദ്യോഗിക ജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് പുജപ്പുര പോലീസ് വിഭാഗമായ സൈബര്‍ പോലീസില്‍ പരാതി നല്‍കാന്‍ അച്ചു ഉമ്മന്‍ തീരുമാനിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന പകപോക്കല്‍ രാഷ്ട്രീയത്തിനെതിരെ വനിതാ കമ്മീഷനും അവര്‍ പരാതി നല്‍കി.
നേരത്തെ അജ്ഞാത സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ അച്ചു ഉമ്മനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും
ചെയ്തിരുന്നു. എന്നാല്‍, സിപിഎമ്മുമായി ബന്ധമുള്ള പല പേജുകളും മുന്‍ മുഖ്യമന്ത്രിയുടെ മകളുടെ പ്രൊഫഷണല്‍ ജീവിതത്തെ കളങ്കപ്പെടുത്തുന്ന രീതിയിലേക്ക് തിരിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.