പാലക്കാട്: കുളത്തില്‍ കുളിക്കാനിറങ്ങിയ മുന്ന് യുവതികള്‍ക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് ഭീമനാട് പെരിങ്കുളത്താണ് അപകടം.
മരിച്ച മൂന്നു പേരും സഹോദരിമാരാണ്. ഭീമനാട് സ്വദേശികളായ കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നാഷിദ (28), റംഷീന ഷഹനാസ് (23), റിൻഷ അൽത്താജ് (18) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സ്‌ഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് സഹോദരിമാർ കൂടി മുങ്ങിത്താഴുകയായിരുന്നു.
അലക്കുകയായിരുന്ന പിതാവിന്റെ കണ്‍മുന്നില്‍ വെച്ചാണ് മൂവരും മുങ്ങിയത്. അരമണിക്കൂറിന് ശേഷമാണ് മൂവരെയും
പുറത്തെടുത്തത്. ദുരന്തം കണ്ട് നിലവിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പിതാവ്. പിതാവിനൊപ്പം തുണി അലക്കുന്നതിനായും കുളിക്കുന്നതിനുമായാണ് മൂന്നു പെൺമക്കളും കോട്ടോപ്പാടത്ത് കുളത്തിലെത്തിയത്. ഇവരുടെ സഹോദരൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. ഇവരുടെ മാതാവാണ് സഹോദരന് വൃക്ക നൽകിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാൽ പിതാവാണു വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെൺമക്കൾ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത്.
വിവാഹിതരായ റംഷീനയും നാഷിദയും ഓണ അവധിക്ക് നാട്ടിലെത്തിയതാണ്. ഒരാള്‍ വെള്ളത്തില്‍ വീണപ്പോള്‍ മറു രണ്ടുപേര്‍
രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂവരും കുളത്തില്‍ വീണതായി കരുതുന്നു.
ഒരേക്കര്‍ വിസ്മൃതിയുള്ള വലിയ കുളമാണിത്. അപകടം നടന്ന കുളം ഉള്‍പ്രദേശത്താണ്. അതുവഴി വന്ന കുടിയേറ്റ തൊഴിലാളിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.