ഡാളസ്: ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ ഡാളസ് സൗഹൃദ വേദി കൊണ്ടാടിയ ഓണാഘോഷം മേന്മയുടെ തിളക്കമായി പര്യവസാനിച്ചു. പ്രസിഡന്റ് എബി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡാളസിലെ കലാസാംസ്‌കാരിക മലയാള ഭാഷാ സ്‌നേഹി ജോസ് ഓച്ചാലിൽ ഓണസന്ദേശം നൽകി. ഡാളസ് സൗഹൃദവേദി സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു.
ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസറും പ്രീമിയർ ഡെന്റൽ ക്ലിനിക് ഉടമയുമായ ഡോ. എബി ജേക്കബ്, കലാ സാംസ്‌കാരിക നേതാവും, ഡാളസ്മലയാളികളുടെ വിശ്വസ്ത റിയൽ എസ്റ്റേറ്റ് & ഭവന വായ്പാ ഓഫീസറുമായ ജോസെൻ ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
പ്രസിഡന്റ് എബി തോമസ്, മുഖ്യാതിഥി ജോസ് ഓച്ചാലിൽ, മെഗാ സ്പോൺസർ ഡോ. എബി ജേക്കബ്, ഗ്രാന്റ് സ്പോൺസർ ജോസെന്‍ ജോര്‍ജ്, സെക്രട്ടറി അജയകുമാർ, പ്രോഗ്രാം എം.സി ശ്രീമതി സുനിത എന്നിവർ നിലവിളക്ക് കൊളുത്തി കലാപരിപാടികൾക്ക് തുടക്കമിട്ടു.
പ്രശസ്തിയുടെ കുതിപ്പിലേക്കു കയറിക്കൊണ്ടിരിക്കുന്ന ഡാളസിലെ ഗായകൻ അലക്സാണ്ടർ പാപ്പച്ചൻ അതിമനോഹരമായ ഓണപ്പാട്ട് പാടി സദസിന്റെ പ്രശംസ പിടിച്ചു പറ്റി.
പ്രോഗ്രാം എം.സി ശ്രീമതി സുനിത ജോർജ് പട്ടു പാടി, നൃത്തം ചെയ്തു സ്റ്റേജില്‍ എത്തിയതോടെ കലാപരിപാടികൾ ഓരോന്നായി ആരംഭിച്ചു.
ഓണാഘോഷ പരിപാടികൾ കാണുവാനും സദസിനെ ആശീർവദിക്കുവാനുമായി എത്തിച്ചേർന്ന മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തു ഒരു വിസ്മയകാഴ്ചയായി സദസ്സിനു അനുഭവപെട്ടു. താലപ്പൊലിയേന്തിയ ബാലികാ ബാലന്മാരുടെയും വനിതകളുടെയുംഅകമ്പടിയോടെ, വാദ്യാഘോഷ ചെണ്ടമേള സംഘത്തോടൊപ്പമായിരുന്നു മഹാബലി തമ്പുരാൻ സ്റ്റേജിലേക്ക് എഴുന്നള്ളിയത്.
പരിപാടികളുടെ തുടക്കം എന്ന നിലയിൽ കാണികളെ അതിശയിപ്പിക്കുന്ന അതിമനോഹരമായ തിരുവാതിര കളി സ്റ്റേജിൽ അവതരിപ്പിച്ചത് രാഖിയും സംഘവുമായിരുന്നു.
തുടന്ന് സദസ്സിനു വിനോദം പകർന്നു കൊടുത്തുകൊണ്ട് സജി കോട്ടയാടിയിൽ മലയാള സിനിമാ താരങ്ങളെ അനുകരിച്ചു മിമിക്രി അവതരിപ്പിച്ചു. മികച്ച പ്രകടനം സദസിന്റെ കൈയ്യടി വാങ്ങി. ടോം കറുകച്ചാലിന്റെ ഹാസ്യാനുകരണ പ്രകടനവും ഗംഭീരമായിരുന്നു.
കാണികളെ ആശ്ചര്യഭരിതരാക്കിയ മുഹൂർത്തമായിരുന്നു പൂജാ ജയന്ത് എന്ന കുട്ടിയുടെ ഭരതനാട്യം. മികച്ച പ്രകടനം കാഴ്ചവെച്ച പൂജ നിലക്കാത്ത കരഘോഷത്തിലൂടെ സദസ്യരുടെ അഭിനന്ദനം ഏറ്റു വാങ്ങി.
ഷെജിൻ ബാബു, രഞ്ജിത് എബ്രഹാം, ഷാജി തോമസ് തുടങ്ങിയവർ ശ്രുതിമധുരമായ ഗാനങ്ങളാലപിച്ച് സദസ്യരുടെ മസ്സുകളിൽ സ്ഥാനം ഉറപ്പിച്ചു
പരിപാടികളിൽ അതിശ്രദ്ധേയമായിരുന്നു പ്രൊ. ജെയ്സി ജോർജ്ജും സംഘവും അവതരിപ്പിച്ച വില്ലടിച്ചാം പാട്ട്. നാടൻ സംസ്കാരം പുതുതലമുറയെ ഓർമ്മപ്പെടുത്തൽ ആയിരുന്നു ഈ പുരാതനമായ കലയിലൂടെ പ്രകടമായത്. മാത്യു മത്തായി, ജോർജ് വറുഗീസ് , വിനു പിള്ള, ദീപ തോമസ്, ലിൻസി വിനു, ജെൻസി തോമസ്, ജാൻസി കണ്ണങ്കര തുടങ്ങിയ എട്ടു അംഗങ്ങളുള്ള ഈ ടീം നടത്തിയ കലാവിരുന്ന് കാണികളുടെ നീണ്ട കൈയടി ഏറ്റുവാങ്ങിയതോടൊപ്പം ഡാളസ് സൗഹൃദ വേദി സെക്രട്ടറി അജയകുമാറിന്റെ പ്രത്യേക അനുമോദനവും നേടി.
സാബു കിച്ചൺ സ്പോൺസർ ചെയ്ത ഓണക്കോടികൾ നറുക്കെടുപ്പിലൂടെ മുഖ്യാതിഥി ജോസ് ഓച്ചാലിൽ പ്രസിഡന്റ് എബി തോമസ് എന്നിവർ സമ്മാന ദാനം നിർവഹിച്ചു. തുടർന്ന് ട്രഷറർ ബാബു വർഗീസ് കൃതജ്ഞത അറിയിച്ചു.
രുചിക്കൂട്ടുകളുടെ ഓര്‍മ്മപ്പെരുന്നാളായിരുന്നു ഡാളസ് സൗഹൃദ വേദി ഒരുക്കിയ ഓണ സദ്യ. നാടന്‍ ശൈലിയിൽ ഇലയിൽ വിളമ്പിയ ഓണസദ്യക്ക് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ഓണ സദ്യ തയ്യാറാക്കിയത് കരോൾട്ടൻ ജോസ്സിലുള്ള സാബു കിച്ചൺ ആയിരുന്നു.
കലാസംകാരിക നേതാക്കളായ ഗോപാല പിള്ള , ഷിജു എബ്രഹാം, ജോൺസൺ തലച്ചെല്ലൂർ, പ്രൊഫ. എലിസബെത്ത് ജോസഫ്, രാജു വറുഗീസ്, ശ്രീമതി ആൻസി തലച്ചെല്ലൂർ, സാം മേലേത്ത് തുടങ്ങിയവർ പ്രോഗ്രമിന്റെ ആദ്യാവസാനം വരെ സംബന്ധിച്ചു.
അത്യുത്‌കൃഷ്‌ടമായ പരിപാടികളുമായി രണ്ടര മണിക്കൂർ സമയം കാണികൾക്കു ഒരുക്കി കൊടുത്തത് പുരാതന സ്മരണകളിൽ നിന്നും ചില ഓർമകളെ വീണ്ടും ഓർമിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. സാഹോദര്യത്തിന്റെയും ഒരുമയുടെയും തിരുവോണ സന്ദേശങ്ങൾ ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിയിൽ പ്രകടമായിരുന്നു.