പുതുപ്പള്ളി: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കുമ്പോൾ ചാണ്ടി ഉമ്മനു ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞുവെന്നതും റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതും ഉറപ്പായി.
കേരള-കേന്ദ്ര ഭരണകക്ഷിയുടെ ഊറ്റമായ പിന്തുണയും പണക്കൊഴുപ്പും പ്രകടമാകും വിധം പോസ്റ്റുകളും പ്രചരണവും അതിഗംഭീരമായി നടക്കുന്നത് ജയ്ക് തോമസിനും ലിജിൻ ലാലിനും വേണ്ടിയാണെന്നുള്ള യാഥാർത്ഥ്യവും ഇവിടെ വിസ്മരിക്കാവതല്ല.
ഓഗസ്റ്റ് 29ന് പുതുപ്പള്ളി മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് ഇത്രയും കാര്യങ്ങൾ ബോധ്യമായത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിരവധി പേരെ നേരിൽ കണ്ടു തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതിനും അവസരം ലഭിച്ചു. മഹാഭൂരിപക്ഷവും ചാണ്ടി ഉമ്മനെ പിന്തുണച്ചപ്പോൾ ജയിക്കിന് ഒരു ശതമാനം പോലും വിജയ സാധ്യതയില്ലെന്നു മാത്രമല്ല കെട്ടിവെച്ച തുക പോലും ലഭിക്കുമോ എന്ന ആശങ്കയും ചിലരെങ്കിലും പ്രകടിപ്പിക്കുകയും ചെയ്തു. ജനഹൃദയങ്ങളിൽ ആഴമായി പതിഞ്ഞ ഒരു വികാരമായി മാറികഴിഞ്ഞിരിക്കുന്നു ചാണ്ടി ഉമ്മൻ.
ഡാളസ്സിൽ നിന്നും ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. ചൊവ്വാഴ്ച ഞാൻ താമസിക്കുന്ന നെല്ലിക്കുന്നിലെ വീട്ടിൽ നിന്നും അതിരാവിലെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. 5 25നു പുറപ്പെട്ട കന്യാകുമാരി സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ കയറി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എട്ടര മണിയോടുകൂടി എത്തിച്ചേർന്നു. അവിടെ വെജിറ്റേറിയൻ കാന്റീനിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ചു പുറത്ത് കടന്ന് പുതുപള്ളിയിലേക്ക് പോകുന്നതിനുള്ള കെഎസ്ആർടിസി ബസ്സിൽ കയറി. പുതുപ്പള്ളി പള്ളിക്കു ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിലാണ് ബസ് നിർത്തിയത്.
പള്ളി ലക്ഷ്യമാക്കി നടന്നു. പള്ളി എത്തുന്നതിന് മുൻപ് വഴിയരികിൽ കണ്ട പലരോടും തിരഞ്ഞെടുപ്പിനെ കുറിച്ച് സംവദിക്കുന്നതിനും അവസരം ലഭിച്ചു. റോഡിനിരുവശവും മതിലുകളിൽ വളരെ കാര്യമായ രീതിയിൽ ഇടതു പക്ഷ, ബിജെപി സ്ഥാനാർത്ഥികളുടെ ബാനറുകൾ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, പല സ്ഥലങ്ങളിലും ഉമ്മൻചാണ്ടിയുടെ മരണത്തോടനുബന്ധിച്ചു സ്ഥാപിച്ച ഫ്ലക്സ്കുകൾ കാണാമായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ കാര്യമാക്കാതെ സാവകാശം
നടന്ന് പുതുപ്പള്ളി പള്ളിയുടെ സമീപത്തെത്തി. അമേരിക്കയിൽ നിന്നും എത്തിയ ഒ ഐ സി സി പ്രവർത്തകർ ഇതിനിടെ ആ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. ഞങ്ങളെല്ലാവരും ചേർന്ന് ഉമ്മൻചാണ്ടിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് ചാണ്ടി ഉമ്മെന്റെ വസതിയിലെത്തിയത്. ഉമ്മൻ ചാണ്ടിയുടെ ശവകുടീരം സന്ദർശിക്കുന്നതിന് എത്തിച്ചേർന്നവരുടെ വാഹനങ്ങൾ രാവിലെതന്നെ പള്ളിയുടെ സമീപം നിറഞ്ഞിരുന്നു.
ചാണ്ടി ഉമ്മന്റെ വസതിയിൽ എത്തിയപ്പോൾ നൂറുകണക്കിന് ആളുകളാണ് ചാണ്ടി ഉമ്മനെ കാണുന്നതിലും ആശംസകളർപ്പിക്കുന്നതിനും അവിടെയും എത്തിയിരുന്നു. അമേരിക്കയിൽ നിന്നാണെന്നും മുൻകൂട്ടി അപ്പൊയ്‌മെന്റ് എടുത്തിരുന്നതിനാലൂം ചില നിമിഷങ്ങൾ മാത്രം ചാണ്ടി ഉമ്മനുമായി കുശല പ്രശ്നങ്ങൾ നടത്തുന്നതിനു അവസരം ലഭിച്ചു. തുടർന്ന് ഞങ്ങളൊരുമിച്ച് ഒരു ഫോട്ടോ എടുക്കുകയും ഓ ഐ സി സി സമാഹരിച്ച ഫണ്ട് കൈമാറുകയും ചെയ്തു. യാത്ര പറഞ്ഞു പിരിയുമ്പോഴും സന്ദർശകരുടെ ഒഴുക്കും വര്‍ദ്ധിക്കുകയായിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ വിജയത്തിനെക്കാളുപരി ഭൂരിപക്ഷം എത്രമാത്രം വർദ്ധിപ്പിക്കാം എന്നു മാത്രമാണ് എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ഇരുപത്തിഅയ്യായിരത്തിനും മുപ്പതിനായിരത്തിനുമിടയിൽ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡാളസിൽ നിന്നും ലേഖകനും ഒ ഐ സി സി ഡാളസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ഒ ഐ സി സി ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സന്തോഷ് എബ്രഹാം, ബിജു തോമസ്, ആഴ്ചവട്ടം പത്രാധിപർ ഡോ. ജോർജ് കാക്കനാട്ട് എന്നിവരാണ് പുതുപ്പള്ളി തിരെഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനു പിന്തുണയറിയിക്കുന്നതിനും തുടർന്നു തെരഞ്ഞെടുപ്പ് വരെയുള്ള ദിവസങ്ങളിൽ അവിടെ താമസിച്ചു വീടുകൾ കയറിയിറങ്ങി പ്രചരണം നടത്തുന്നതിനും എത്തിച്ചേർന്നിരിക്കുന്നത്.