കോഴിക്കോട്: സിസേറിയൻ ഓപ്പറേഷനുശേഷം യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും മറ്റ് മെഡിക്കൽ പ്രാക്ടീഷണർമാരെയും അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (KGMCTA) രംഗത്ത്. വയറ്റിൽ കത്രിക കുടുങ്ങിയതറിയാതെ ഇരയായ ഹർഷിന അഞ്ച് വർഷത്തോളം കഷ്ടപ്പെട്ടു. തനിക്കുണ്ടായ ദുരനുഭവത്തിന് നീതി തേടി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ അവർ സമരവും ആരംഭിച്ചിരുന്നു.
എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ (Kozhikode Medical College) ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതിന് തെളിവില്ലെന്ന് കെജിഎംസിടിഎ പറയുന്നു. മെഡിക്കൽ ബോർഡും ഈ നിഗമനത്തിൽ എത്തിയിരുന്നു.
ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും എതിരെ കേസുമായി മുന്നോട്ടു പോകുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഡോക്‌ടേഴ്‌സ് യൂണിയൻ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.
ഡോക്ടർമാരെ കുറ്റക്കാരായി മുദ്രകുത്തി അവരുടെ പ്രതിച്ഛായ നശിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും കെജിഎംസിടിഎ കൂട്ടിച്ചേർത്തു. ഇതിനെതിരെ നിയമപരമായും സംഘടനാപരമായും ഏതറ്റം വരെയും പോകുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.