ടൊറന്റോ: കാനഡയിലെ ഒരു സ്കൂളിൽ സെപ്റ്റംബർ 10 ന് നടക്കാനിരുന്ന ഖാലിസ്ഥാൻ റഫറണ്ടം (Khalistan referendum) സ്കൂള്‍ അധികൃതര്‍ റദ്ദാക്കി. പരിപാടിയുടെ പോസ്റ്ററില്‍ ആയുധങ്ങളുടെ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയിട്ടുള്ളത് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് നടപടി.
ആവർത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതിൽ സംഘാടകർ പരാജയപ്പെട്ടതിനാൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ പട്ടണത്തിലെ തമനവിസ് സെക്കൻഡറി സ്കൂളിൽ (Tamanawis Secondary School) നടക്കാനിരുന്ന ഇവന്റ് റദ്ദാക്കിയതായി സറേ സ്കൂൾ ഡിസ്ട്രിക്റ്റ് ഇന്ന് (സെപ്റ്റംബർ 4 ന്) പ്രഖ്യാപിച്ചു.
“നേരത്തെ, വാടക കരാർ ലംഘിച്ചതിനാൽ ഞങ്ങളുടെ ഒരു സ്കൂളിന്റെ കമ്മ്യൂണിറ്റി ഹാള്‍ സ്കൂള്‍ ജില്ല റദ്ദാക്കിയിരുന്നു. ഇവന്റിനായുള്ള പ്രമോഷണൽ മെറ്റീരിയലുകളിൽ ഞങ്ങളുടെ സ്കൂളിന്റെ ചിത്രങ്ങളും ആയുധത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്, ”സറേ സ്കൂൾ ഡിസ്ട്രിക്റ്റ് ദി ഇൻഡോ-കനേഡിയൻ വോയ്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.
“പ്രശ്നം പരിഹരിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും, ഇവന്റ് സംഘാടകർ ഈ ചിത്രങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടു. കൂടാതെ, സറേയിലും സോഷ്യൽ മീഡിയയിലും മെറ്റീരിയലുകൾ പോസ്റ്റ് ചെയ്യുന്നത് തുടർന്നു,” പ്രസ്താവനയിൽ പറയുന്നു.
ഗുർപത്വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള നിരോധിത ഖാലിസ്ഥാനി ഗ്രൂപ്പായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ പേരിനൊപ്പം ഒരു കിർപാനും എകെ 47 മെഷീൻ ഗണ്ണും പോസ്റ്ററിൽ ഉണ്ടായിരുന്നു.
ജൂണിൽ സറേയിലെ പാർക്കിംഗ് സ്ഥലത്ത് വെടിയേറ്റ് മരിച്ച ഖാലിസ്ഥാനി നേതാക്കളായ ഹർദീപ് സിംഗ് നിജ്ജാറിന്റെയും 1985ലെ എയർ ഇന്ത്യ വിമാന സ്‌ഫോടനത്തിന്റെ സൂത്രധാരൻ തൽവീന്ദർ സിംഗ് പർമറിന്റെയും ചിത്രങ്ങളും ഇതിലുണ്ടായിരുന്നു.
“ഒരു സ്കൂൾ ജില്ല എന്ന നിലയിൽ, ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പിന്തുണയും നൽകുകയും ഞങ്ങളുടെ സ്കൂൾ കമ്മ്യൂണിറ്റികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ദൗത്യം. ഞങ്ങളുടെ കരാറുകളും നയങ്ങളും, വാടകയ്‌ക്ക് നൽകുന്നവ ഉൾപ്പെടെയുള്ള മാർഗ്ഗനിർദ്ദേശങ്ങളും, ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഞങ്ങളുടെ ജില്ലയെ പിന്തുണയ്ക്കുന്നു. ഞങ്ങളുടെ സൗകര്യങ്ങൾ വാടകയ്‌ക്കെടുക്കുന്ന എല്ലാവരും ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം,” ”സ്‌കൂൾ അധികൃതർ പറഞ്ഞു.
തീരുമാനം “ഒരു തരത്തിലും ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അംഗീകാരമോ വിമർശനമോ അല്ല” എന്ന് സ്കൂൾ ഡിസ്ട്രിക്റ്റ് കൂട്ടിച്ചേർത്തു.
കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ അടുത്തിടെ പ്രത്യക്ഷപ്പെട്ടതിന് ഇടയിലാണ് ഈ സംഭവം.
സെപ്റ്റംബർ 8 ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് “അടച്ചു പൂട്ടാൻ” കാനഡയിലെ ഖാലിസ്ഥാൻ ഘടകങ്ങളോട് SFJ-യുടെ പന്നൂൻ ആഹ്വാനം ചെയ്തിരുന്നു.