കോട്ടയം : പുതുപ്പള്ളിക്കാര്‍ വലിയ ആവേശത്തോടെ വോട്ടുചെയ്യാനെത്തുന്ന കാഴ്‌ചയാണ് എങ്ങുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ്. വോട്ട് രേഖപ്പെടുത്തി. കണിയാംകുന്ന് എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി പോളിംഗ് ബൂത്തില്‍ നിന്ന് ഇറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെയ്ക്. ഒരു മണിക്കൂര്‍ വരിനിന്ന ശേഷമാണ് ഇടത് സ്ഥാനാര്‍ഥിയായ ജെയ്ക് വോട്ട് രേഖപ്പെടുത്തിയത്. പിതാവിന്‍റെ കല്ലറയിലെത്തിയ ശേഷമാണ് അദ്ദേഹം കണിയാംകുന്നിലെ പോളിങ് ബൂത്തിലേക്ക് എത്തിയത്
മാറ്റത്തിനും വികസനത്തിനും വേണ്ടി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാണ് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കാനുള്ളതെന്നും ജെയ്‌ക് സി തോമസ് പറഞ്ഞു. വ്യക്തിപരമായ സ്ഥാനങ്ങളും മഹത്വങ്ങളും കണക്കിലെടുത്തല്ല പുതുപ്പള്ളി ഈ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. വികസനവും ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളുമാണ് പുതുപ്പള്ളി ചര്‍ച്ചയാക്കിയിട്ടുള്ളത് – ജെയ്‌ക് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് ജെയ്‌ക് വോട്ട് ചെയ്‌ത ശേഷം മടങ്ങിയത്. രാവിലെ ഏഴിന് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍, നാലെണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 1,76,147 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. അതില്‍, 90,281 സ്‌ത്രീവോട്ടര്‍മാരും, 86,132 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെയുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തിനാണ് കളമൊരുങ്ങിയത്. സഹതാപതരംഗം മാത്രം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും എന്ന് പൊതുവെ ആളുകള്‍ കരുതിയിരിക്കവെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന പ്രചാരണവുമായി ഇടത് ക്യാമ്പ് സജീവമായി. ഇതോടെയാണ് വികസനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ വന്‍തോതില്‍, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയായതും തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയതും.
ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 957 പുതിയ വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷൻ പൊതുനിരീക്ഷകരേയും ചെലവ് നിരീക്ഷകനേയും പൊലീസ് നിരീക്ഷകനേയും നിയോഗിച്ചു. ഹരിത ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ്.
കോട്ടയം ബസേലിയസ് കോളജിൽ നിന്ന് ഇന്നലെ പോളിങ് സാധനങ്ങൾ യഥാക്രമം വിതരണം ചെയ്‌തിരുന്നു.182 പ്രിസൈഡിങ് ഓഫിസർ, 182 ഫസ്‌റ്റ് പോളിങ് ഓഫിസർ, 182 സെക്കൻഡ് പോളിങ് ഓഫിസർ, 182 തേഡ് പോളിങ് ഓഫിസർ എന്നിങ്ങനെയാണ് നിയോഗിച്ചിട്ടുള്ളത്. 144 ഉദ്യോഗസ്ഥരെ റിസർവ് ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പടെ അഞ്ച് പേരായിരിക്കും ഒരു പോളിങ് സംഘത്തിലുണ്ടാവുക. 16 സെക്‌ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. 182 ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.