തിരുവനന്തപുരം: ഉദയനിധി സ്റ്റാലിന്റെ ഹിന്ദു വിരുദ്ധ പ്രസ്താവനയെ അപലപിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ നിലപാട് രാജ്യദ്രോഹമാണെന്നും രാജ്യത്തെ ജനങ്ങളെ നിരാശപ്പെടുത്തുന്ന സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്ന കെസി വേണുഗോപാൽ സനാതന ധർമ്മത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞത് വായിച്ച് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെസി വേണുഗോപാലിന്റെ അഭിപ്രായം തന്നെയാണോ കേരളത്തിലെ കോൺഗ്രസിനും ഉള്ളതെന്ന് വിഡി സതീശനും സുധാകരനും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഉദയനിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കോൺഗ്രസ് ആരെയാണ് ഭയക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും കോൺഗ്രസിന് ഭയമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഭൂരിപക്ഷ സമുദായത്തിന് എന്ത് ചെയ്താലും കുഴപ്പമില്ലെന്ന തോന്നൽ കോൺഗ്രസിനുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസിന്റെ നിലപാട് കുറ്റകരവും രാജ്യദ്രോഹവുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു
“ഹിന്ദു ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട പാർട്ടിയാണ് സിപിഐഎം. ശബരിമല വിഷയം അതിന് ഉദാഹരണമാണ്. പിണറായി വിജയനും നേരത്തെ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. സ്റ്റാലിനൊപ്പമുള്ള പരിപാടിയിൽ പിണറായി ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു,” കെ സുരേന്ദ്രൻ പറഞ്ഞു.