മുംബൈ: 24 കാരിയായ എയർഹോസ്റ്റസിനെ അവരുടെ അപ്പാർട്ട്‌മെന്റിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ 40 കാരനെ പോലീസ് ചൊവ്വാഴ്ച അന്ധേരി ലോക്കൽ കോടതിയിൽ ഹാജരാക്കി. പോവായിലെ ചന്ദിവാലിയിലെ തുംഗ വില്ലേജിലെ താമസക്കാരനായ വിക്രം അത്വൽ (Vikram Atval), ഇരയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, ഇര അയാളെ ശാരീരികമായി കീഴടക്കിയതിനാൽ ശ്രമം വിജയിച്ചില്ല. അതുകൊണ്ട് കൊലപ്പെടുത്തേണ്ടി വന്നു എന്ന് കോടതിയില്‍ മൊഴി നല്‍കി . കേസ് പരിഗണിച്ച കോടതി ഇയാളെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഞായറാഴ്ച രാത്രി 11 മണിക്കാണ് ഇരയുടെ സുഹൃത്തുക്കൾ അപ്പാർട്ട്മെന്റ് തുറന്നപ്പോള്‍ ബാത്ത്റൂമിന് സമീപം മരിച്ച നിലയിൽ ഇരയെ കണ്ടെത്തിയത്. തുടർന്നാണ് സംഭവം പുറത്തറിയുന്നത്. കൊലയാളിയെ കണ്ടെത്താൻ പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. 45 പേരെ ചോദ്യം ചെയ്തു. 14 മണിക്കൂറിന് ശേഷം കൊലയാളിയെക്കുറിച്ച് സൂചന പോലീസിന് ലഭിച്ചു. അങ്ങനെയാണ് വീടുകളിലെ ക്ലീനിംഗ് ബിസിനസ്സ് നടത്തുന്ന ഒരു ഏജൻസിയിൽ ജോലി ചെയ്തിരുന്ന അത്വലിനെ പിടികൂടുന്നത്.
മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് അത്വല്‍ കുറ്റകൃത്യം നടത്തിയത് എങ്ങനെയാണെന്ന് പോലീസിനോട് വിശദീകരിച്ചത്. കുറ്റകൃത്യത്തിന് രണ്ട് ദിവസം മുമ്പ്, വെള്ളിയാഴ്ച, ഇരയായ രൂപാൽ ഓഗ്രേയുമായി (Rupal Ogrey) താൻ വാക്കുതര്‍ക്കമുണ്ടാക്കിയെന്ന് ഇയാള്‍ പറഞ്ഞു. താന്‍ ചെയ്ത ജോലി ശരിയായില്ലെന്ന് ഇര തന്നോട് “ആക്രോശിച്ചതാണ്” ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ബലാത്സംഗം ചെയ്യാന്‍ ഉദ്ദേശിച്ച് ഇരയെ കയറിപ്പിടിച്ചതും പിടിവലി നടന്നതും നിലത്തേക്ക് തള്ളിയിട്ടതും എന്ന് അത്വല്‍ പറഞ്ഞു.
എന്നാല്‍, അപ്രതീക്ഷിതമായി ഇര പ്രതിരോധിക്കുകയും തന്നെ ആക്രമിക്കുകയും മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തു. ഇയാളുടെ ശരീരമാസകലം ഉള്ള പോറലുകൾ അതിനു തെളിവാണെന്ന് പോലീസ് പറയുന്നു. ഇര മുന്‍വശത്തെ വാതിലിനടുത്തേക്ക് ഓടുന്നതു കണ്ട അത്വല്‍ പരിഭ്രമിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ഇരയുടെ കഴുത്ത് മുറിക്കുകയും ചെയ്തു. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതിയുടെ വീടും കുറ്റം ചെയ്ത സ്ഥലവും പരിശോധിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, മരിച്ച യുവതിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രാജവാഡി ആശുപത്രി പുറത്തുവിട്ടതായി സോൺ 10 ഡിസിപി ദത്ത നലവാഡെ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഇരയുടെ ശരീരത്തിൽ ലൈംഗികാതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ യാതൊരു സൂചനയും റിപ്പോർട്ടില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിനുള്ള സാധ്യത തള്ളിക്കളയാൻ പ്രതിയെ വൈദ്യപരിശോധന നടത്തണമെന്നും കണ്ടെത്തിയാൽ അത് കുറ്റം ചെയ്തതിന് തെളിവാകാമെന്നും കോടതി വിചാരണയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. ഈ മെഡിക്കൽ പരിശോധനയിൽ പ്രതിയുടെ ശരീരത്തിലെ മുറിവുകളും പരിശോധിക്കും.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച വീട്ടുകാർക്ക് വിട്ടുകൊടുത്തു, അന്തിമ ചടങ്ങുകൾക്കായി ജന്മനാടായ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി.