ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ (Rishi Sunak) ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയില്‍, ഇന്ത്യൻ വംശജനായ അദ്ദേഹത്തിന്റെ പൂർവ്വിക ദേശത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി ബന്ധുക്കൾ ന്യൂഡൽഹിയിൽ വിരുന്നൊരുക്കുന്നു.
വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ ന്യൂഡൽഹിയിൽ സുനക്കിന്റെ ബന്ധുക്കൾ വിരുന്നു സത്ക്കാരം സംഘടിപ്പിക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ പറഞ്ഞു.
മൂന്ന് ദിവസത്തെ യാത്രയിൽ ഭാര്യ അക്ഷതാ മൂർത്തിയും ഉണ്ടാകുമെന്നും, അത് ആഘോഷമാക്കാന്‍ എല്ലാ ബന്ധുക്കളോടും ന്യൂഡൽഹിയിൽ ഒത്തുകൂടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുനക്കിന്റെ അമ്മാവൻ ഗൗതം ദേവ് സൂദ് പറഞ്ഞു.
“മെനുവിൽ ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ വിഭവങ്ങള്‍ ഉണ്ടായിരിക്കും. ഞങ്ങൾക്ക് കൃത്യമായ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല, പക്ഷേ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഒരു പദ്ധതി നിലവിലുണ്ട്. ഞങ്ങൾ ഒരു രാത്രി നിർത്താതെ നൃത്തം ചെയ്യാൻ തയ്യാറെടുക്കുകയാണ്, കൂടുതലും പരമ്പരാഗത പഞ്ചാബി സംഗീതത്തിന്റെ ചടുലമായ സ്പന്ദനങ്ങൾക്കായി ഞങ്ങൾ ഒരുങ്ങുകയാണ്. എന്നിരുന്നാലും, വഴിയിൽ കുറച്ച് ഇംഗ്ലീഷ് ട്യൂണുകളും ഞങ്ങൾക്ക് ആസ്വദിക്കാന്‍ കഴിയുമെന്ന് ഞാൻ കരുതുന്നു,” സുനക്കിന്റെ പിതൃസഹോദരൻ സുഭാഷ് ബെറി പറഞ്ഞു.
എന്നാല്‍, വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുടെ തിരക്കു പിടിച്ച ഷെഡ്യൂൾ കാരണം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ രാത്രി നടത്താനുദ്ദേശിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സുനക്ക് പദ്ധതിയിടുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പഞ്ചാബിൽ വേരുകളുള്ള സതാംപ്ടണിലെ ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച 42 കാരനായ സുനക്ക്, യുകെയിൽ പ്രധാനമന്ത്രി സ്ഥാനമേറ്റ ആദ്യത്തെ ഇന്ത്യൻ വംശജനാണ്.
ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ മേഖലകളിലും യുകെയുടെ ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണെന്നാണ് ബ്രിട്ടീഷ് ഇന്ത്യൻ നേതാവ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുമുണ്ട്.
ചൊവ്വാഴ്ച, ഇന്ത്യയുമായുള്ള ‘ക്വിക്ക് ഫിക്‌സ്’ വ്യാപാര ഇടപാട് അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യൻ ജനങ്ങൾക്ക് കൂടുതൽ കുടിയേറ്റ അവകാശങ്ങൾക്കായുള്ള ന്യൂഡൽഹിയുടെ ആവശ്യങ്ങളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാലാണത് തടഞ്ഞത്.
ഈ വാരാന്ത്യത്തിൽ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിന് മുമ്പ്, ഒരു കരാറിലെത്താനുള്ള എല്ലാ സാധ്യതയും ഈ തീരുമാനം ഇല്ലാതാക്കി.
2024-ൽ ഇരു രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ഒരു കരാർ അസാധ്യമാണെന്ന് പലരും ഇപ്പോൾ വിശ്വസിക്കുന്നു. എന്നാല്‍, സർക്കാരിലെ ചിലർ ഇപ്പോഴും ഈ വർഷാവസാനം കരാറില്‍ എത്തിച്ചേരാനാകുമെന്ന് വിശ്വസിക്കുന്നു.