ഇടുക്കി: സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്‌സും ഉൾപ്പെടുന്ന വസ്തു ഒരു വ്യക്തി ഈടായി ഉപയോഗിച്ച അസാധാരണമായ സംഭവം ഇടുക്കിയില്‍ നടന്നു. 2.4 ഏക്കർ ഭൂമിയാണ് ഇയാള്‍ പണയം വെച്ചത്.
വായ്പാ തുക തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് വസ്തു ജപ്തി ചെയ്ത് ലേലത്തിന് വെച്ചു. ഭൂമി അളന്ന് തിട്ടപ്പെടുത്തി തരണമെന്ന് സ്ഥലം വാങ്ങിയ ആൾ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി സിബി രമേശനാണ് സ്വകാര്യ ബാങ്കിന്റെ അടിമാലി ശാഖയിൽ നിന്ന് വായ്പയെടുക്കാൻ വർഷങ്ങൾക്ക് മുമ്പ് പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്‌സും ഉൾപ്പെടുന്ന വസ്തു ഈടായി സമർപ്പിച്ചിരുന്നത്.
വായ്പാ തിരിച്ചടവ് നിലച്ചതോടെ ബാങ്ക് നടപടി സ്വീകരിക്കുകയും ഡെറ്റ് റിക്കവറി ട്രിബ്യൂണൽ (Debt Recovery Tribunal) മുഖേന ജപ്തി നടപടി സ്വീകരിക്കുകയും ചെയ്തു.
2012ൽ എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ കെ.പി.ജോഷിയാണ് ലേലം ചെയ്ത ഭൂമി ഏറ്റെടുത്തത്.
പിന്നീട് ജോഷി ഭൂമിയുടെ അതിർത്തി അളക്കാൻ ജില്ലാ റവന്യൂ ഓഫീസറെ (ഡിആർഒ) സമീപിച്ചു. വെള്ളത്തൂവൽ പോലീസ് സ്റ്റേഷനും (Vellathooval police station) പരിസരവും കൂടി ഈ വസ്തുവിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അപ്പോഴാണ് കണ്ടെത്തിയത്.