പുതുപ്പള്ളി: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ (Puthuppally constituency) ഇന്ന് രാവിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി ജയ്ക്ക് സി തോമസിനെ (സിപിഐഎം) 30,000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ (chandy oommen) മറികടന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പിതാവും മുൻ പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻ ചാണ്ടി നേടിയ ലീഡ് മൂന്ന് റൗണ്ട് വോട്ടെടുപ്പിന് ശേഷം ചാണ്ടി ഉമ്മൻ മറികടന്നു എന്നത് ശ്രദ്ധേയമാണ്.
ആഘോഷങ്ങൾ തുടങ്ങിയതോടെ യു.ഡി.എഫ് ക്യാമ്പിൽ ആഹ്ലാദം അലതല്ലി. തപാൽ ബാലറ്റ് വോട്ടുകൾ യുഡിഎഫ് നിർണ്ണായകമായി ഉറപ്പിച്ചതായും മണ്ഡലത്തിലെ വിവിധ വാർഡുകളിൽ പ്രബല സാന്നിധ്യം ഉറപ്പിച്ചതായും പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നു.
പുതുപ്പള്ളിയിൽ വിയർത്ത് ജെയ്ക് സി തോമസ്
പുതുപ്പള്ളിയിൽ വിയർത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് (Jake C Thomas). ഭൂരിഭാഗം ബത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥിയെക്കാൾ ജെയ്ക് പിന്നിലാണ്. കഴിഞ്ഞ തവണ വലിയ നേട്ടമുണ്ടാക്കിയ ബൂത്തുകൾ പോലും ജെയ്കിനെ കൈവിട്ടു.
നിലവിൽ മണർകാട് ബൂത്തിലെ വോട്ടുകളാണ് എണ്ണുന്നത്. എൽഡിഎഫിന്റെ സ്വാധീന മേഖലയാണ് മണർകാട്. എന്നാൽ ഇവിടുത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് നിലയാണ് ഉയരുന്നത്. 16,541 വോട്ടുകൾ ചാണ്ടിയുമ്മനെക്കാൾ പിന്നിലാണ് ജെയ്ക്.
ഇടിപിബിഎസ് കൗണ്ടിംഗ് പൂർത്തിയായപ്പോൾ തന്നെ ജെയ്കിനെ മണ്ഡലം കൈവിട്ടതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങിയിരുന്നു. ആകെ 10 വോട്ടുകളിൽ മൂന്ന് വോട്ടുകൾ മാത്രമാണ് ജെയ്കിന് നേടാൻ കഴിഞ്ഞത്. പിന്നീട് പോസ്റ്റൽ വോട്ടുകളും അസന്നിഹിത വോട്ടുകളും എണ്ണി തുടങ്ങിയപ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് കുതിച്ചുയരുകയായിരുന്നു.
വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ വലിയ ആത്മവിശ്വാസത്തിലായിരുന്നു ജെയ്കും എൽഡിഎഫും. എന്നാൽ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ ഈ ആത്മവിശ്വാസത്തിൽ കുറവ് വന്നു. ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് നില പതിനായിരം പിന്നിട്ടതോടെ ഏറെ കുറേ തോൽവി ഉറപ്പിച്ച മട്ടിലാണ് എൽഡിഎഫ്.
പുതുപ്പള്ളിയിൽ ജെയ്ക് ജയിച്ചാൽ അത് ലോകാത്ഭുതമാകും: എ കെ ബാലൻ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് വിജയിച്ചാൽ അത് ലോകാത്ഭുതമായിരിക്കുമെന്ന് ബാലൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുതുപ്പള്ളിയിൽ എൽഡിഎഫ് അത് ലോകാത്ഭുതമായിരിക്കും. ഇപ്പോൾ അത്ഭുതം ഒന്നും സംഭവിക്കുന്നില്ലല്ലോ?. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമാണല്ലോ പുതുപ്പള്ളി. അത് ആവർത്തിക്കുമോയെന്ന് നോക്കാമെന്നും ബാലൻ കൂട്ടിച്ചേർത്തു.
അതേസമയം മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് എൽഡിഎഫിന് ലഭിച്ചിരിക്കുന്നത്. ഭൂരിഭാഗം ബൂത്തുകളിലും സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എതിർ സ്ഥാനാർത്ഥിയെക്കാൾ പിന്നിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ബൂത്തുകളിൽ പോലും ജെയ്ക് പിന്നിലാണ്. ഈ സാഹചര്യത്തിൽ പുതുപ്പള്ളിയിലെ തോൽവി ഏറെക്കുറേ ഉറപ്പിച്ച മട്ടിലാണ് എൽഡിഎഫ്.