ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്കെതിരെ രാജ്യത്ത് രൂപപ്പെട്ടു വന്ന ‘ഇന്ത്യ’ മുന്നണി 2024 പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹമാണ്. ബി ജെ പി വിരുദ്ധ പക്ഷത്തുള്ള ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്ക് നിലവിലെ അവസ്ഥയിൽ ഒറ്റയ്ക്ക് അധികാരത്തിൽ വരുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയെയും സംഘ്പരിവാർ രാഷ്ട്രീയത്തെയും പരാജയപ്പെടുത്താൻ പ്രി-പോൾ അലയൻസ് അനിവാര്യമാണ്. വാജ്പെയിയുടെയും ഒന്നാം മോദി സർക്കാരിന്റെയും കാലത്ത് ഇത്തരത്തിലുള്ള ഒരു പ്രി-പോൾ അലയൻസ് രൂപപ്പെട്ടു വന്നിരുന്നില്ല.
ഇന്ത്യ മുന്നണിയിലെ അംഗങ്ങളായ പാർട്ടികളിൽ പലതും വിവിധ സംസ്ഥാനങ്ങളിൽ പരസ്പരം എതിർ ധ്രുവങ്ങളിൽ നിന്ന് മത്സരിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ബി ജെ പി വിരുദ്ധ രാഷ്ട്രീയ രംഗത്ത് അവർ ഒരുമിച്ചു നിൽക്കുന്നത് സ്വാഗതാർഹമാണ്. മുന്നണിയിലെ പല പാർട്ടികളും നേതാക്കളും ബി ജെ പി യുടെ ഭരണകൂട വേട്ടയ്ക്ക് ഇരയായിട്ടുണ്ട്. ബി ജെ പി യുടെ ഭരണകൂട വേട്ടയിൽ നിന്ന് ഒരു പാർട്ടിയും ഒഴിവല്ലെന്ന തിരിച്ചറിവ് ഇന്ന് എല്ലാവരിലും ഉണ്ടായി വന്നിട്ടുണ്ട്.
സഖ്യത്തിൽ പ്രധാന പങ്കാളിത്തം വഹിക്കുന്ന കോൺഗ്രസ് പാർട്ടി കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ താരതമ്യേന മെച്ചപ്പെട്ട ബി ജെ പി വിരുദ്ധ തെരഞ്ഞെടുപ്പ് സമീപനം സ്വീകരിക്കുകയും വലിയ സാമൂഹിക സ്വീകാര്യത ലഭിക്കുകയും ബി ജെ പി പരാജയപ്പെടുകയും ചെയ്തു. കർണാടകയിൽ തന്നെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിൽ എദ്ദേലു കർണാടക പോലുള്ള സിവിൽ കൂട്ടായ്മകൾ നടത്തിയ പ്രവർത്തനം വലിയ റിസൾട്ടുണ്ടാക്കി. സമാന കൂട്ടായ്മകൾ മറ്റിടങ്ങളിലും വരുന്നത് പ്രതീക്ഷാ ദായകമാണ്. ഇന്നലെ യു പി, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന നിയമ സഭ ഉപതെരഞ്ഞെടുപ്പുകളിലും ഇന്ത്യ മുന്നണിയിൽപ്പെട്ട പാർട്ടികളുടെ സ്ഥാനർഥികളെ ജനങ്ങൾ വലിയ രീതിയിൽ പിന്തുണക്കുകയും ബി ജെ പി സ്ഥാനാർഥികളെ തള്ളിക്കളയുകയും ചെയ്തു.
28 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപം കൊടുത്ത ഇന്ത്യ മുന്നണി ആസൂത്രിതമായും ഫലപ്രദമായും മുന്നോട്ട് പോയാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറന്തള്ളാനാകും.
അതെ സമയം തന്നെ സംഘ് പരിവാർ ഫാഷിസത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും സമഗ്രമായി പ്രതിരോധിക്കാൻ ഇന്ത്യ മുന്നണി ഇപ്പോഴും പര്യാപ്തമല്ല. മുന്നണിക്ക് പോരായ്മകളും പ്രശ്നങ്ങളുമുണ്ട്. ഇപ്പോഴും മുന്നണി ഒരു തെരഞ്ഞെടുപ്പ് കൂട്ട് കെട്ട് മാത്രമാണ്. ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കാനുള്ള രാഷ്ട്രീയ ആശയമോ അടിത്തറയോ മുന്നണി വികസിപ്പിച്ചിട്ടില്ല. സംഘ് ഫാഷിസത്തിന്റെ വിവിധ രാഷ്ട്രീയ പദ്ധതികളോട് വ്യത്യസ്ത നിലപാടുകളാണ് മുന്നണിയിലെ പാർട്ടികൾക്കും നേതാക്കൾക്കും ഉള്ളത്. ഹിന്ദുത്വ – പ്രാദേശിക വംശീയ വാദം ഉയർത്തുന്ന ശിവസേന പോലുള്ള പാർട്ടികളും യു സി സി യുടെ രാഷ്ട്രീയ – വംശീയ ഉന്നങ്ങൾ മനസ്സിലാക്കാതെ അതിനോട് പ്രതികരിക്കുന്ന പാർട്ടികളും കശ്മീർ പുനഃസംഘടന നിയമത്തെയും യു എ പി എ അടക്കമുള്ള ഭീകര നിയമങ്ങളെയും പിന്തുണക്കുന്ന പാർട്ടികളും മുന്നണിയിലുണ്ട്. സംഘ്പരിവാർ ഫാഷിസത്തിന്റെ സവർണ്ണ ഉള്ളടക്കത്തെയോ മുസ്‌ലിം – അവർണ്ണ – ന്യൂനപക്ഷ – ഗോത്ര – പിന്നോക്ക വിരുദ്ധ ഉള്ളടക്കങ്ങളെയോ അഭിമുഖീകരിക്കാൻ മുന്നണിയുടെ കൈയിൽ ഒന്നുമില്ല. സംഘ് ഫാഷിസത്തിന്റെ ഇരകൾ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഇൻഡ്യ മുന്നണിയുടെ അടുത്ത് വ്യക്തമായ ഉത്തരങ്ങളുമില്ല. ഇന്ത്യ മുന്നണി സംഘം മണിപ്പൂർ സന്ദർശിച്ചത് തീർത്തും സ്വാഗതാർഹമാണ്. എന്നാൽ ആയിരത്തിലധികം മുസ്‌ലിം വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യപ്പെട്ട ഹരിയാനയിലെ നൂഹിൽ മുന്നണി സംഘം എത്തിയില്ല. ആർ എസ് എസ് പ്രൊമോട്ട് ചെയ്യുന്ന സവർണ്ണ ജാതീയത, ഇസ്‌ലാമോഫോബിയ തുടങ്ങിയ സുപ്രധാന സാമൂഹിക വിഷയങ്ങളോടുള്ള ഇന്ത്യ മുന്നണിയുടെ പ്രതിരോധവും പ്രതികരണവും തീർത്തും ദുർബലമാണ്. അഥവാ രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ഇന്ത്യ മുന്നണി ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വിജയം / തോൽവി, ഭരണത്തുടർച്ച / ഭരണ മാറ്റം എന്നതിനപ്പുറത്ത് സാമൂഹികമായോ രാഷ്ട്രീയമായോ ഉള്ള വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന വിധം മുന്നണി നവീകരിക്കപ്പെടണം. അധികാരത്തിൽ നിന്ന് മാറി നിന്നാലും സാമൂഹികമായി പ്രവർത്തന ക്ഷമതയുള്ള കൊടും വിഷമാണ് ഹിന്ദുത്വ ഫാഷിസം. സംഘ് പരിവാറിനെ രാഷ്ട്രീയമായി അധികാരത്തിൽ നിന്ന് മാറ്റി നിറുത്തുക എന്ന ഹ്രസ്വകാല ലക്ഷ്യം മാത്രമാണ് ഇന്ത്യ മുന്നണിയുടെ മുമ്പിലുള്ളത്. ആ രാഷ്ട്രീയത്തിന്റെ സാമൂഹിക വിപാടനം ദീർഘകാല ലക്ഷ്യമായി ആയി മുന്നണി ഏറ്റെടുക്കണം.
മുന്നണിയുടെ പേരിൽ ഇൻക്ലൂസിവിറ്റി ഉണ്ടെങ്കിലും മുന്നണി പൂർണ്ണാർത്ഥത്തിൽ ഇനിയും ഇൻക്ലൂസീവ് ആകേണ്ടതുണ്ട്. ബി ജെ പി വിരുദ്ധ പക്ഷത്തുള്ള ചെറുതും വലുതുമായ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും ചേർത്തു വെക്കാൻ മുന്നണിക്ക് സാധിക്കണം. എല്ലാ വിഭാഗങ്ങൾക്കും രാഷ്ട്രീയ പ്രതിനിധ്യം ഉറപ്പ് വരുത്തണം. അത്തരം പാർട്ടികളുമായും സാമൂഹിക വിഭാഗങ്ങളുമായും ജനാധിപത്യപരമായ സംവാദ അന്തരീക്ഷം രൂപപ്പെടുത്താൻ മുന്നണി മുൻകൈ എടുക്കണം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന വെൽഫെയർ പാർട്ടിയുടെ നിലപാടിനെ ശരിവെക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഇടതു സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിന് ജനം നൽകിയ പ്രഹരമാണ് ഈ വിധി.
വർഗീയതയും വിഭാഗീയതയും പരത്തി വിദ്വേഷം ഊതിക്കാച്ചി തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിൽ നിന്ന് ഭിന്നമായി വികസനവും സർക്കാറിൻ്റെ ഭരണ നേട്ടങ്ങളും വിലയിരുത്തി വോട്ട് രേഖപ്പെടുത്തണം എന്ന പ്രചാരണമാണ് ഇടതുപക്ഷം നടത്തിയത്. ഈ ക്യാമ്പയിന് മുഖ്യമന്ത്രി നേരിട്ടാണ് നേതൃത്വം നൽകിയത്. ഈ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള വികാരവായ്പ്പിനൊപ്പം ഭരണത്തിനെതിരായ തിരിച്ചടിയായി കൂടി ജനവിധിയെ മനസ്സിലാക്കാൻ കഴിയണം. മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബാംഗങ്ങളും ചേർന്ന് നടത്തുന്ന അഴിമതികൾ, മാസപ്പടി, സർക്കാർ സംവിധാനങ്ങളുടെയും ഭരണപ്പാർട്ടിയുടെയും ധാർഷ്ട്യ നിലപാടുകൾ, പോലീസിന്റെ അഴിഞ്ഞാട്ടം, ദലിത് – ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ, സ്ത്രീ സുരക്ഷയിൽ വരുത്തുന്ന വീഴ്ചകൾ, ജനകീയ സമരങ്ങളോടും നേതാക്കളോടുമുള്ള നിഷേധ നിലപാട് , ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, നികുതി വർധനവ്, വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ചാർജിൽ വരുത്തിയ വർദ്ധനവ് തുടങ്ങി സാധാരണക്കാരന്റെ ജീവിതം അതീവ ദുസ്സഹമാക്കുന്ന നടപടികളാണ് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചു വന്നത്. സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി, കാരുണ്യ – മെഡിസെപ് ആരോഗ്യ ഇൻഷുറൻസുകൾ, സൗജന്യ ഭക്ഷ്യ പദ്ധതികൾ തുടങ്ങി ജനോപകാരപ്രദമായ നിരവധി പദ്ധതികൾ സർക്കാർ അനാസ്ഥ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനോടെല്ലാമുള്ള ജനങ്ങളുടെ രോഷം തെരഞ്ഞെടുപ്പ് വിധിയിൽ വ്യക്തമാണ്. ഇത്തരമൊരു സാഹചര്യം പുതുപ്പള്ളിയിൽ പ്രകടമായിരുന്നിട്ടും ഇടതുപക്ഷം വൻകുതിപ്പ് ഉണ്ടാക്കുമെന്ന് അവകാശപ്പെട്ട നേതാക്കൾക്ക് ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ കഴിയുന്നില്ല എന്നാണ് മനസ്സിലാകുന്നത്.
തങ്ങളുടെ വോട്ട് നില വർധിപ്പിക്കുമെന്ന അവകാശവാദത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി ക്ക് പുതുപ്പള്ളിയിലെ ജനത വൻ തിരിച്ചടിയാണ് നൽകിയത്. സംഘ്പരിവാർ ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ബി ജെ പിയുടെ വോട്ട് നില മുമ്പത്തെക്കാളും താഴേക്ക് കൊണ്ടുപോയത്. സംഘ്പരിവാർ രാഷ്ട്രീയത്തിന് കേരളം ഇടം നൽകുകയില്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. നിലവിലുള്ള സാഹചര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് രാഷ്ട്രീയ ജാഗ്രതയോടെ വോട്ട് വിനിയോഗിച്ച പുതുപ്പള്ളിയിലെ വോട്ടർമാരെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ജനവിധി നൽകിയ താക്കീത് ഉൾക്കൊണ്ട് ജനങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേരള സർക്കാർ ഇനിയെങ്കിലും തയ്യാറാകണം.
ഒന്നിപ്പ് പര്യടനം നാല് ദിവസം മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. പല മേഖലകളിലും ഏറെ അവഗണന നേരിടുന്ന ജില്ലയാണ് മലപ്പുറം ജില്ല. ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസായിട്ടും പ്ലസ് വന്നിന് സീറ്റ് കിട്ടാത്ത കുട്ടികൾ ഏറ്റവും അധികമുള്ളത് മലപ്പുറം ജില്ലയിലാണ്. ഡിഗ്രി – പിജി പഠന മേഖലയിൽ സ്ഥിതി ഗുരുതരമാണ്. അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് മഞ്ചേരി മെഡിക്കൽ കോളേജുള്ളത്. ആവശ്യത്തിന് ഡോക്റ്റർമാരോ ജീവനക്കാരോ കെട്ടിട സൗകര്യങ്ങളോ സർക്കാർ കോളേജിൽ ഒരുക്കിയിട്ടില്ല. പൊതുഗതാഗത സംവിധാന രംഗത്തും റെയിൽവേ മേഖലയിലും ജില്ല അവഗണന നേരിടുന്നത് തുടരുകയാണ്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂർ സ്റ്റേഷനിൽ പല ട്രെയിനുകൾക്കും സ്റ്റോപ്പില്ല.
ഈ വികസന വിവേചനം മലബാറിലാകെ പ്രകടമാണ്. മുഖ്യമന്ത്രിയും സി പി എമ്മിന്റെ പ്രധാന നേതാക്കളും പാർട്ടി സെക്രട്ടറിയും മലബാർ ജില്ലകളിൽ നിന്നുള്ളവരാണ്. ഇത്തരം വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ജനാധിപത്യപരമായി സംസാരിക്കുന്നവരെ കേൾക്കാനുള്ള സാമാന്യ മര്യാദ പോലും സർക്കാർ കാണിക്കുന്നില്ല. പകരം വികസന വിവേചനം ഇല്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും കൈക്കൊള്ളുന്നത്. ക്രിയാത്കമായ പുതിയ സ്റ്റെപ്പുകൾ സർക്കാർ എടുക്കണം. മലബാറിൽ പുതിയ ജില്ല രൂപീകരിക്കണം. കോഴിക്കോട് സർവകലാശാല വിഭജിച്ച് പുതിയ സർവകലാശാല സ്ഥാപിക്കണം. ആരോഗ്യ മേഖലയിൽ കാസർഗോഡ്, വയനാട് ജില്ലകളിൽ മെഡിക്കൽ കോളേജുകൾ വേണം. വികസനം കൂടുതൽ വികേന്ദ്രീകരിക്കാനും വിഭവ ലഭ്യത ഉറപ്പ് വരുത്താനും സർക്കാർ പ്രത്യേക മലബാർ വികസന പാക്കേജ് പ്രഖ്യാപിക്കണം.