പരപ്പനങ്ങാടി: 14 വർഷമായി അന്യായമായി ജയിലിൽ കിടക്കുന്ന പരപ്പനങ്ങാടി സകരിയ്യയുടെ മാതാവ് ബിയ്യുമ്മയെ വെൽഫെയർ പാർട്ടി (Welfare Party) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും സംസ്ഥാന ഭാരവാഹികളും സന്ദർശിച്ചു.
കിടപ്പിലായ ബിയ്യുമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണമെന്നും, ബാംഗ്ലൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസർ മഅദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം അനുവദിക്കാൻ കർണ്ണാടക സർക്കാർ കൂടുതൽ അനുഭാവ പൂർണമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . സകരിയ അടക്കമുള്ളവരുടെ ജാമ്യവിഷയമുന്നയിച്ച് കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം കർണാടക സർക്കാറുമായി സംസാരിക്കാൻ തയാറകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകൂടം അന്യായമായി തടവിലാക്കപ്പെട്ട പരപ്പനങ്ങാടി സക്കറിയയുടെ വീടും സംഘപരിവാർ കൊല ചെയ്ത കൊടിഞ്ഞി ഫൈസലിന്റെ വീടും ഇന്ന് രാവിലെ സന്ദർശിച്ചുകൊണ്ടായിരുന്നു മലപ്പുറം ജില്ലയിലെ ഇന്നത്തെ ”ഒന്നിപ്പ്” പര്യടനത്തിന് സമാരംഭം കുറിച്ചത്.
സംസ്ഥാന പ്രസിഡന്റിനൊപ്പം സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിശ,മുജീബ് പാലക്കാട്, ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, ശാക്കിർ മോങ്ങം, ലുബ്‌ന കൊടിഞ്ഞി, റീന സാനു, ഹംസ വെന്നിയൂർ, കോയ പരപ്പനങ്ങാടി എന്നിവർ കൂടെയുണ്ടായിരുന്നു.
നാല് ദിവസങ്ങളിലായി (സപ്തംബർ 8, 9, 10, 11 ) ജില്ലയിലെ സാമൂഹ്യ – സാംസ്കാരിക – കലാ – സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികൾ, വിവിധ മത – സമുദായ നേതാക്കൾ, ചിന്തകർ, വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ , ആക്ടിവിസ്റ്റുകൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ അദ്ദേഹം സന്ദർശിക്കും.
സാമൂഹ്യനീതിയും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യനീതി സംഗമം’ ഒക്ടോബർ 10 ഞായർ മൂന്നു മണിക്ക് മലപ്പുറത്ത് നടക്കും.
തീരദേശ സംഗമം, തീരദേശ ഹൈവേ സമരസംഗമം, പാലത്തിങ്കൽ ഭൂസമരക്കാരുടെ സംഗമം, ഫുട്‌ബോൾ താരങ്ങളോടൊപ്പം, 1921 പിൻമുറക്കാരുടെ സംഗമം, ആദിവാസി സംഗമം, ആദിവാസി സമര പോരാളികൾക്കൊപ്പം, കവളപ്പാറ പ്രളയബാധിതരായ ആളുകളോടൊപ്പം, കർഷക സംഗമം, പത്ര സമ്മേളനം ഉൾപ്പെടെ വിവിധ പരിപാടികൾ പര്യടനത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കും.