മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാണിച്ചത് പ്രതിപക്ഷത്തിന്റെ വർഗീയ പ്രചാരണമാണെന്ന എം ബി രാജേഷിന്റെ പ്രസ്താവന തീർത്തും അപലപനീയം ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് (Fraternity Movement). മലബാറിലെ സീറ്റ് പ്രതിസന്ധി പകൽ വെളിച്ചം പോലെ ഉണ്ടായിരിക്കെ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ ദുഷ്ട ലാക്കോട് കൂടിയതാണ്. 114 ബാചുകൾ മലബാറിൽ ആകെ അനുവദിക്കേണ്ടി വന്നതിലെ ജാള്യത മറക്കുന്നതിനാണ് നിലവിലെ ദുഷ്പ്രചരണങ്ങൾ എന്നത് വ്യക്തമാണ്. മലബാറിൽ സീറ്റ് കുറവ് ഇല്ലെങ്കിൽ മലബാറിലെ സീറ്റ് അപര്യാപ്തതയെ കുറിച്ചു പഠിക്കാൻ കമ്മീഷനെ വച്ചത് എന്തിനായിരുന്നെന്ന് സർക്കാർ വ്യക്തമാക്കണം. റിപ്പോർട്ട് പുറത്തു വിടാതെ അതിന്മേൽ അടയിരിക്കുന്നത് വഴി തന്നെ അതിനകത്തു എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് വ്യക്തമാണെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
മലബാർ ജില്ലകളിൽ നിന്ന് ആകെ പത്താം തരം വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണവും ലഭ്യമായ പ്ലസ് വൺ സീറ്റുകളുടെ എണ്ണവും ഒക്കെ സർക്കാർ വെബ്സൈറ്റുകളിൽ തന്നെ ലഭ്യമാണെന്നിരിക്കെ പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് പ്രചരിപ്പിച്ച ഇല്ലാ കഥകളാണ് മലബാറിലെ സീറ്റ് പ്രതിസന്ധി എന്ന മന്ത്രിയുടെ പ്രസ്താവന ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. മലബാറിലെ വീശിഷ്യാ മലപ്പുറത്തെ ജനകീയ പ്രശ്നങ്ങളോടും പ്ലസ് വൺ സീറ്റ് പ്രതിസന്ധിയോടും തുടക്കം മുതലേ പുറം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് അബ്ദുറഹ്മാൻ സ്വീകരിച്ചു വരുന്നത്. ജൂൺ ഒന്നിന് പ്രവേശനോത്സവ ദിവസം അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന അതിന് തെളിവാണ്.
അബ്ദുറഹ്മാൻ ഉൾപ്പടെ മന്ത്രിമാരും സി പി എമ്മിന്റെ ന്യായീകരണ തൊഴിലാളികളും സൈബർ പോരാളികളും നിരന്തരം വെളുപ്പിക്കാൻ ശ്രമിച്ചിട്ടും ആദ്യ ഘട്ടത്തിൽ മലപ്പുറത്തു മാത്രം 14 ബാചുകളും പിന്നീട് മലബാറിൽ ആകെ 97 ബാചുകളും അനുവദിച്ചത് വഴി സമരത്തിന്റെ ആധികാരികത സർക്കാർ തന്നെ അംഗീകരിച്ചതുമാണ്. ഇതിൽ തന്നെ മതിയായ അടിസ്ഥാന സൗകര്യം ഇല്ലാത്ത സ്കൂളുകളിൽ വീണ്ടും ബാചുകൾ അനുവദിച്ചും വർഷങ്ങളായി ബാച്ചുകൾക്ക് വേണ്ടി ആവശ്യപ്പെടുന്നവർക്ക് നേരെ മുഖം തിരിച്ചും തീർത്തും ആശാസ്ത്രീയം ആയാണ് ബാച്ച് അനുവദിച്ചത്. സകല അടവുകളും പയറ്റിയിട്ടും ജനങ്ങളുടെ മുൻപിൽ തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ഇളിഭ്യത മറക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്ന വർഗീയ ചാപ്പയടിക്കൽ. മലബാറിലെ പ്രശ്നങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാണിക്കുമ്പോൾ വർഗീയ ചാപ്പയടിക്കുന്നത് സി പി എമ്മിന്റെ ഉള്ളിൽ അന്തർലീനമായ മലബാർ വിരുദ്ധതയും വർഗീയതയുമാണ്.
ഓവർടൈം പണി എടുത്ത് ന്യായീകരിക്കാൻ ശ്രമിച്ചിട്ടും ജനങ്ങൾക്ക് മുന്നിൽ അടിപതറിയവർ വീണ്ടും സമരങ്ങൾക്ക് ജനകീയ പിന്തുണയില്ല എന്നൊക്കെ വാദിക്കുന്നത് വിഡ്ഢികളായ സ്വന്തം അണികൾ അല്ലാതെ മറ്റാരും വിലക്കെടുക്കില്ലെന്ന് മനസ്സിലാക്കിയാൽ നന്ന്. വർഗീയ ചാപ്പയടിച്ചും തീവ്രവാദ മുദ്രകുത്തിയും ഇനിയും മലബാറിലെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുവാനാണ് ശ്രമമെങ്കിൽ ഫ്രറ്റേണിറ്റി അതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു.
സെക്രട്ടറിയറ്റിൽ പങ്കെടുത്തവർ :
ജംഷീൽ അബൂബക്കർ (ജില്ലാ പ്രസിഡന്റ്)
ബാസിത് താനൂർ ( ജനറൽ സെക്രട്ടറി)
സാബിറ ശിഹാബ് ( ജനറൽ സെക്രട്ടറി)
ഷാരൂൺ അഹമദ് (വൈസ് പ്രസിഡന്റ്)
ഫയാസ് ഹബീബ് ( വൈസ് പ്രസിഡന്റ്)
ഫായിസ് എലാങ്കോട് ( സെക്രട്ടറിയറ്റ് അംഗം)
നുഹ മറിയം ( സെക്രട്ടറി)
അൽത്താഫ് ( സെക്രട്ടറിയറ്റ് അംഗം)