ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തിലും, അറുപതുകളുടെ ആരംഭത്തിലുമാകാം ഈ നാട്ടു കഥകളുടെ കാലം. ‘നൊസ്‌റ്റാള്‍ജിയാ സ്റ്റോറീസ്’ അല്ലങ്കില്‍ ‘ഗൃഹാതുരത്വ കഥകള്‍’, എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. പുതിയ തലമുറ ഇതാസ്വദിക്കുമോ എന്നറിയില്ല. എങ്കിലും അങ്ങനെ ഒരു ഭൂതകാലമുണ്ടായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലുകളാണ് ഈ കഥകളുടെ കാമ്പ്. കാലം എത്ര മാറിയിരിക്കുന്നു! എങ്കിലും ഓര്‍മ്മ ചെപ്പു തുറക്കുമ്പോള്‍ ഇത്തരം കഥകള്‍ നമ്മെ പഴയ തലമുറയെ തൃസിപ്പിക്കുമെങ്കില്‍ ആ പഴയ സ്മരണകളിലേക്കൊന്ന് ഊളിയിട്ടിറങ്ങാം, കൈവിട്ടുപോയ മുത്തുകളും പവിഴങ്ങളും തേടി!
ഇതു പണ്ട് എന്റെ ചെറുപ്പ കാലത്തു നടന്ന കഥയാണ്. ഒരു കൗമരക്കഥ.
പഞ്ചായത്തില്‍ ഡവലപ്മന്‍റ് ബ്ലോക്കും, ഗ്രാമസേവകനും മറ്റും വരും മുമ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ പാപ്പനായിരുന്നു പശുക്കള്‍ക്ക് ഗര്‍ഭോദ്ധാരണം നടത്തിവന്നിരുന്നത്. എല്ലാ ദിവസവും കോഴി കൂവിയതിനുശേഷം, സുര്യോദയം കിഴക്കു പൊടി പൊടിക്കുമ്പോള്‍ പാപ്പനിറങ്ങും, മൂരിയുമായി.
കഴുത്തില്‍ ഒറ്റ മണി കെട്ടിയ കറപ്പും, വെളുപ്പും നിറമുള്ള പുള്ളികുത്തിയ മൂരി! അവന്‍ തലയുയര്‍ത്തി മണി കിലുക്കി വരുന്നതു കാണാന്‍ എന്തു ചന്തമാണന്നോ! ഉയര്‍ന്നു നില്‍ക്കുന്ന ഉപ്പൂണി, ചന്ദ്രക്കല പോലെ രണ്ടു വശത്തേക്കും വളഞ്ഞു കൂട്ടിമുട്ടാത്ത കൊമ്പ്, ഞൊറിഞ്ഞു ഞൊറിഞ്ഞു താഴേക്കു കിടക്കുന്ന ആട, ആരുമവനെ ഒന്നു നോക്കും. ഗ്രാമത്തിലെ പട്ടിയും പുച്ചയും പോലും. അവന്റെ എഴുന്നെള്ളത്ത് ഒരു ഉത്സവം പോലെയാ. കൊച്ചു കുട്ടികള്‍ക്കും, തള്ളമാര്‍ക്കും. അപ്പോള്‍ ഗ്രാമത്തിലെ മച്ചികളായ പശുക്കള്‍ മുതല്‍ മുതുക്കി പശുക്കള്‍ വരെ അമറും. ഗ്രാമവാസികള്‍ പറയും… ‘താണ്ട്, പാപ്പന്‍ വരുന്നു കറാച്ചി മൂരിയുമായി!’
അതെ, അതൊരു കറാച്ചി മൂരിയാണ്. അത്ര വലിപ്പമുണ്ട് അവന്റെ അപ്പന്‍ അങ്ങു സിന്ധില്‍ നിന്നാണ്, അല്ലെങ്കില്‍ കറാച്ചിയില്‍ നിന്നുള്ള വെള്ളമൂരി. അമ്മ നാട്ടുകാരി കറമ്പി പശുവില്‍ നിന്ന്. അതുകൊണ്ടാണവന്റെ പുള്ളിക്കുത്തെന്ന് പാപ്പന്റെ നിഗമനം. സങ്കരനാണ്. രണ്ടു ഗുണവുമൊത്തവന്‍. ശാന്തനാണ്. എങ്കിലും മൂക്കുകയറും മൊഹേറയുമില്ലങ്കില്‍ ചില നേരത്ത് അവനെ പിടിച്ചാ കിട്ടത്തില്ല. അവന്റെ കൊഴപ്പമല്ല, ചില മച്ചി പൈക്കടെ ബഹളി കാണുമ്പം അവനു
ഹാലിളകുമെന്നാ പാപ്പന്റെ പക്ഷം!
പാപ്പന്‍ മുമ്പിലും, മൂരി പിറകിലുമായി കാലത്തു വന്നു നില്‍ക്കുന്നത് കര്‍ത്ത്യാനീടെ ചായക്കടയ്ക്കു മുമ്പിലാണ്. അവിടെയാണ് പാപ്പന്റെ ബ്രേക്ക്‌ഫാസ്റ്റ്. ആറിഡ്ഡലി, ചമ്മന്തി, ,ഒരേത്തപ്പഴം, ഒരു മുട്ട, ഒന്നര ചായ. അതു കുശാലായി കഴിക്കണം. കാളക്ക് കാര്‍ത്ത്യാനി വക കാടി വെള്ളം ഫ്രീ. പാപ്പന് പകുതി ചര്‍ജേജ കര്‍ത്ത്യാനി ഈടാക്കൂ. അതിന് കാരണമുണ്ട്. കാര്‍ത്ത്യാനിക്ക് പൈക്കള്‍ നാലാ. അതിനെ കാലാകാലങ്ങളില്‍ ചവിട്ടിക്കന്നതു പാപ്പന്റെ കളേക്കൊണ്ടാ. അതിനു പാപ്പനും പകുതി ചാര്‍ജേജ വാങ്ങൂ. അവിടെ ചായ അടിക്കുന്നത് കാര്‍ത്തൃനീടെ ഹസ്ബന്‍ഡ് നാരായണനാ,
പാവമാ. ഹെസ്ബന്റെന്നു പറഞ്ഞാ തെക്കു നിന്നെങ്ങോ തെണ്ടിത്തിരിഞ്ഞു വന്നതാ. കര്‍ത്ത്യാനി ജോലി കൊടുത്തു, വെറകു കീറാനും, പൈക്കളെ മാറ്റിക്കെട്ടാനും, പുല്ലരിയാനുമൊക്കെയായി. അങ്ങനെ കൂടീതാ. പില്‍ക്കാലത്തു ചായയടിക്കാരനായി, കാല്രകമേണ ഹസ്ബന്‍റായി. നാരായണന്‍ ചായയടിക്കുന്നത് കണ്ടു നിക്കാന്‍ എന്തു രസമാ, രണ്ടര മൊഴം നീളത്തി. അതു കണ്ടു നിന്നാല്‍ ആരും ആ ചായ കുടിച്ചുപോകും. അന്ന് ഗ്രാമത്തില്‍ ചെമ്പിന്റെ ബോയിലറില്‍ ഒരു ച്രകം നിക്ഷേപിച്ച് നാണയത്തിന്റെ കിലുക്കത്തോടെ വെള്ളം തിളപ്പിക്കുന്ന പരിഷ്ക്കാരം നടപ്പിലാക്കിയതും നാരായണനാണത്രെ…
ചായ കുടിച്ചു കഴിഞ്ഞ് ഒരു ബീഡി എടുത്ത് കത്തിച്ച് പാപ്പന്‍ ചോദിക്കും..
“പശുക്കിടാവിനെ ഒന്നു ചവിട്ടിക്കണ്ടെ, കാര്‍ത്ത്യാനീ?”
“അയ്യോ പാപ്പച്ചാ ഇപ്പം വേണ്ട, അവളു കുഞ്ഞല്ലേ!”
“എന്തോന്നു കുഞ്ഞ്, കൊല്ലം മുന്നായില്ലേ, കന്നുകാലിക്ക് മൂന്നു വയസ്സ് മധുരപതിനേഴാ!”
“അതിപ്പം അവള്‍ അമറീട്ടില്ല!”
“അടുത്ത വാവിന് അമറിക്കോളും. അവടെ തന്ത എന്റെ മൂുരിയല്ലേ, ചുമ്മാ നാടന്റെ നാണക്കേടൊന്നും അവളു കാണിക്കത്തില്ല.”
അതുപറഞ്ഞു പാപ്പന്‍ കാളേം അഴിച്ച് ധൃതി വെച്ചൊരുപോക്കാണ്. കോരുതു സാറിന്റെ പശുക്കിടാവ് ഈയിടെ അമറീന്നൊരു ശ്രുതികേട്ടു.
അതു വെച്ചുര്‍ പശുക്കിടവാ. മൊഴയന്‍ കൊമ്പുള്ള ശാന്ത പശൂന്റെ മോള്‍. അവടെ തന്തേം വെച്ചുരാനാന്നാ
കേള്‍വി. അതിനെ കറാച്ചിയാക്കാന്‍ കോരുതു സാറിനും സഹധര്‍മ്മിണി സാറാമ്മക്കും ഏറെ ഉത്സാഹമുണ്ടാകുമെന്നു പറഞ്ഞു കൊടുത്തത് കാര്‍ത്ത്യാനി തന്നെ!
പാപ്പന്‍ കോരുതു സാറിന്റെ വസതിക്കു മുമ്പിലെത്തി. തൊഴുത്തില്‍ വെച്ചൂരമ്മയും പുത്രിയും നില്‍ക്കുന്നു. പാപ്പന്‍ വെച്ചൂര്‍ പശുക്കിടാവിനെ ഒന്നു വിലയിരുത്തി. അതേ, ചെറുതെങ്കിലും മധുര പതിനേഴുകാരി. വാലിട്ടടിച്ച് ചെറു മുഴയന്‍
കൊമ്പ് കുലുക്കി ഈച്ചേ ആട്ടി നില്‍ക്കുന്നു. പാപ്പന്റെ മൂരീടെ മണിനാദം കേട്ടാവണം മധുരപതിനേഴുകാരി വെച്ചൂര്‍ പശു കുമാരി ഒന്നു വെകിളി പിടിച്ച് കറാച്ചി മൂരീടെ നേരെ ഒരു കടാക്ഷ കടക്കണ്ണെറിഞ്ഞന്നു തന്നെ പാപ്പന്‍ നിരുവിച്ചു.
പാപ്പന്‍ സൂക്ഷിച്ചു നോക്കി. കോരതു സാറ് പെണ്‍മക്കക്ക്, മൂത്തതു ടീനേജു മുതല്‍ ഇളയത് നാലു വസ്സുകാരിക്കു വരെ
ഗൃഹപാഠം കണക്കു പഠിപ്പിച്ചു കൊടുക്കുന്ന തിരക്കിലാണ്. ഭാര്യ സാറാമ്മ ധൃതിയില്‍ മുറ്റത്തെ വാഴേന്നു തുശനില വെട്ടുന്നു, സ്‌കൂളി പോണ പിള്ളേര്‍ക്കും ഭര്‍ത്താവിനും ചോറു പൊതി കെട്ടാന്‍! നല്ല അവസരം പാപ്പന്‍ സാറാമ്മേ പതുക്കയൊന്നപ്രോച്ചു ചെയ്തു.
“കൊച്ചമ്മേ, പശു കിടാവ് അമറീന്നു കാര്‍ത്ത്യാനി പറഞ്ഞു”
“ങാ, വയസ്സറീച്ചെന്നാ തോന്നുന്നെ, പക്ഷേ ഇപ്പൊഴെങ്ങനാ, പിള്ളേരു കാണത്തില്ലിയോ, അതും പെമ്പിള്ളേര്‍, നാണക്കേട്!”
പാപ്പന്‍ സ്വരം താഴ്ത്തി പറഞ്ഞു..
“അവരു പോയിട്ടു മതി. സാറും പിള്ളേരടെ കൂട്ടത്തി പഠിപ്പിക്കാന്‍ സ്കൂളി പോകുമല്ലോ, സാറിനോടൊന്ന് ചോദിച്ചു വെക്ക്!”
“ശരിയാ, ഒന്നു ചോദിച്ചു വെക്കാം, പിള്ളേരു പോയിട്ട് ആകാമല്ലോ, വാവിന് രണ്ടുമൂന്നമറി. ഇനിയിപ്പമാകാം, അല്ലേ പാപ്പാ!”
“തന്നെ!”
സാറാമ്മ അടക്കം പിടിച്ച് കോരുത് സാറിന്റെ ചാരെ എത്തി അടക്കിപറഞ്ഞു…
“ദേ….ഒന്നിങ്ങോട്ടു മാറി നിന്നെ!”
സാറ് മൊരടനാണ് എങ്കിലും സാറമ്മെ ഒഴിവാക്കാറില്ല. സാറമ്മേടെ അടുത്തേക്ക് നീങ്ങിനിന്നു.
സാറാമ്മ അടക്കംപറഞ്ഞു…
“ദേ, പാപ്പന്‍ വന്നിരിക്കുന്നു കറാച്ചി മൂരീമായി. നമ്മടെ പശുക്കിടാവിനെ……..!, പിള്ളേരു സ്‌കുളി പോയിട്ടു മതി”
“വേണ്ട, വേണ്ട. അവന്റെ ആന പോലത്തെ മൂരി നമ്മുടെ വെച്ചൂര്‍ കിടാവിനു വേണ്ട. ഞാം ഒരു വെച്ചുരു മൂരിയെ പറഞ്ഞു വെച്ചിട്ടൊണ്ട്!”
അനുസരണശീലയായ സാറാമ്മ പാപ്പനെ അടക്കത്തില്‍ തന്നെ ഭര്‍ത്താവിന്റെ മെസ്സേജ് അറിയിച്ചു.
പാപ്പനു ദേഷ്യം വന്നു. അയാടെയൊരു വെച്ചുര്‍! പക്ഷേ പാപ്പന്‍ ദേഷ്യമടക്കി ഒന്നുമുരിയാടാതെ ആ പാട്ടും പാടി അവിടന്നു നേരെ തേവേരിക്കു വിട്ടു. ഒരു സിനിമാശീല്…
“ആത്മവിദ്യാലയമേ…
അവനിയില്‍ വാഴും
ആത്മവിദ്യലയമേ.
മന്നവനാട്ടെ, യാചകനാകെ..”
പാപ്പനോര്‍ത്തു.
കോരുതു സാറു ദുഷ്ടന്‍. തന്റെ മൂരി ചവിട്ടി എത്ര പശുക്കിടാക്കളാ ചത്തേക്കുന്നെ.. അങ്ങനാണെ ഈ മനുഷ്യരു തന്നെ കല്ല്യാണം കെട്ടുന്നതു സൈസു നോക്കിയണോ!
അയാക്കിട്ടൊരു പണികൊടുക്കണം. അതിനും ധൈര്യം പോരാ. ജന്മി മുതലാളി ബൂര്‍ഷാകളെല്ലേ ഇവരൊക്കെ! അതൊക്കെ ചിന്തിച്ചു തേവേരിക്കു നടന്നവഴി രണ്ടു മൂന്നു കോളുകിട്ടി ….മ്പിലെ ചാക്കോച്ചന്റെ രണ്ടു പശുക്കളെ ചവിട്ടിച്ചു. ഒരു തള്ളേം മോളേം. പിന്നങ്ങോട്ടു ചെന്നപ്പം ഭാര്‍ഗവന്റെ ഒരു പാണ്ടി പശുനെ. പിന്നെ ശോശേടെ എല്ലുന്തിയ പശൂനെ!
എളുപ്പമൊള്ള പണിയൊന്നുമല്ല. കമ്പുകള്‍ കുഴിച്ചിട്ട് കമ്പുകള്‍ ചുറ്റിലും പാകി കയറുകൊണ്ട് കൂടു കെട്ടണം. പശു ഇടംവലം തിരിയാത്തവിധം അതിനാത്ത് അതിനെ കുറക്കി കെട്ടണം. എന്നിട്ട് പശൂന്റെ വയറിനടീകൂടെ ഒരൊലക്ക തിരുകണം, അനങ്ങാതെ നില്‍ക്കാന്‍. അല്ലേല്‍ മൃഗമല്ലേ വല്ല വകതിരിവുമുണ്ടോ! ചെലപ്പം ഒന്നും, രണ്ടും, മൂന്നും പ്രാവശ്യം മൂരിയെ വിട്ടാലെ കാര്യം നടക്കൂ.
സമയം പോയതറിഞ്ഞില്ല. അപ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറ് താഴാന്‍ തുടങ്ങി.
ആകാശം കുങ്കമ ചായം പുരട്ടി. തേവരില്‍ ഷാപ്പില്‍ ആരവം. കുടിയമ്മാരുടെ സംഗീതധാര! ശാസ്ത്രീയവും അശാസ്ത്രീയവും അതങ്ങനെ ഒഴുകി ഒഴുകി സമീപത്തെ പമ്പയാറിന്റെ കുഞ്ഞോളങ്ങളില്‍ അലിയുന്നു. പൊട്ടിപ്പറിഞ്ഞ മേശമേല്‍ തങ്കപ്പനും, കുഞ്ഞപ്പനുമിരുന്നു താളം പിടക്കുന്നത് പുറത്തും അകത്തും തൂക്കിയ ശരറാന്ത വെളിച്ചത്തില്‍ പാപ്പന്‍ കണ്ടു. പാപ്പന്‍ കാളെ ഷാപ്പിനു മുമ്പിലുള്ള വലിയ മാവില്‍ തളച്ചു. എന്നിട്ട് സംഗീതവിദ്വാന്മാരുടെ ഒപ്പം കൂടി. പാപ്പന്‍ അന്നത്തെ ഒരു ഹിറ്റു പാട്ടു പാടി…
“താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി……
പൂമുഖവാതില്‍ തുറക്കുകില്ലേ
കാമിനി നിന്നെ ഞാന്‍ മറക്കുകില്ല…”
കൂട്ടുകാര്‍ ഒപ്പം കൂടി, പൊളിഞ്ഞ മേശമേല്‍ താളംപിടിച്ചു. അപ്പോഴേക്ക് സപ്ലൈ ദാമോദരന്‍ എത്തി. ഒറ്റ ചോദ്യം…
“പാപ്പച്ചാ എടുക്കട്ടെ വാള കറീം കപ്പേം…”
“എന്തോന്നാടാ ഇത്ര ചോദിക്കാന്‍!”
അന്തി രണ്ടു കോപ്പ കള്ളും, വാളക്കറീം എത്തി. അതാ പതിവ്. പടിഞ്ഞാറ് വിയോരത്തുന്ന് ചെത്തി ഇറങ്ങി വള്ളത്തേവന്ന് ഉരുന്നു മൂത്ത കള്ളാ! ഒരെണ്ണമടിച്ചാ മതി, പിപ്പിരിയാകും. കള്ളും വാളക്കറീം തലക്കു കയറി പിടിച്ചു. ഒടുവില്‍ സംഗീതാലപനത്തിന് മാറ്റങ്ങളുണ്ടായി. തെറിപ്പാട്ട്, പൂരപ്പാട്ട്! അതങ്ങനെ നീണ്ടു നീണ്ടു പാതിരാക്കോഴി കൂവാന്‍ തയ്യാടൊുക്കവേ, സപ്ലൈ ദാമോരന്‍ കുടിയാമ്മാരായ കസ്റ്റമേഴ്‌സിനെ ഒന്നുണര്‍ത്തി…
“അന്തിക്കള്ളു തീര്‍ന്നു, ഷാപ്പടക്കാറായി!”
ഒരു ഒന്നാംതരം ഡിസ്‌ക്കോത്തിക തീര്‍ന്ന ഇഛാഭംഗത്തോടെ ഒരല്പം കാലുറക്കാതെ പാപ്പനും കൂട്ടരുമെണീറ്റു. പാപ്പന്‍ കാളയുമായി കിഴക്കു കൂരയിലേക്കു മടങ്ങി. കാലുറക്കുന്നില്ലേലും നടപ്പിനൊരു സുഖമുണ്ട്. കാളക്കു വീട്ടിലേക്കുള്ള വഴി മനഃപാഠമായതിനാല്‍ പാപ്പന്‍ അതേപ്പറ്റി വ്യാകുലനായില്ല. അല്ലേല്‍ വഴിതെറ്റും. പതിരാക്കോഴി ഒന്നുകൂവി… പാപ്പന് ബോധോധയമുണ്ടായി.
ഇന്നു വെള്ളിയാഴ്ചയാണ്. കിഴക്ക് പനയന്നാറു കാവീന്ന് യക്ഷിക്കൊരു സഞ്ചാരമുമെന്ന് കേട്ടിട്ടൊണ്ട്. ഇതുവരെ ഒന്നിനെം കണ്ടിട്ടില്ല. അല്ലങ്കിലും കുട്ടപ്പനില്ലേ കൂട്ടിന്. സ്‌നേഹം കേറുമ്പം പാപ്പന്‍ മൂരിയെ കുട്ടപ്പാന്നാ വിളിക്കുക. അല്ലേതന്നെ അന്തിക്കള്ള് കുടിച്ച് പിപ്പിരിയായി നിക്കുന്ന പാപ്പനെ ഒരെക്ഷീം തൊടത്തില്ല. ഇന്നാളിതു പോലൊരു വെള്ളിയാഴ്ച ഒന്നു പേടിച്ചതാ! ആരാ പാപ്പനല്ല, യക്ഷി! നോക്കുമ്പം ആറ്റിറമ്പത്ത് വലിയ പാലമരത്തിന്റെ ചുവട്ടില്‍ ചുവന്ന ജംബറുമിട്ട് നിക്കുന്നു. എന്നേം മൂരിയേം കണ്ട് യക്ഷി ഒറ്റ കാര്‍ച്ച!
നോക്കിയപ്പം നിലാവെളിച്ചത്ത് യക്ഷി നിക്കുന്നു, ദേവയാനി! ഞങ്ങടെ ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്ന മാദക സുന്ദരി, എന്നിട്ടവളു പറേക!
“എന്റെ പൊന്നു പാപ്പച്ചാ! എന്റെ അകവാളു വെട്ടിപോയി. ഈ നേരത്ത് കാലനും പോത്തുംകൂടെ വരികാന്നാ ഞാം കരുതിയത്.”
ങും! പാപ്പന്‍ പൊട്ടിചിരിച്ചു.
“നീ നിന്റെ വഴിക്കു പോ! സെക്കന്റ് ഷോ വിട്ടാളു വരും. ആരേലും നിന്നെ കൂട്ടികൊണ്ടുപൊക്കോളും. എന്നെ വിട്ടേരെ, ഇന്നത്തെ എന്റെ ബജറ്റ് കഴിഞ്ഞു!”
പാപ്പന്‍ ഉറക്കം വരാതിരിക്കാന്‍ മറ്റൊരു പാട്ടുപാടി
“ആനത്തലയോളം വെണ്ണതരാമെടാ
ആനന്ദ്രശീകൃഷ്ണ ഓടിവാടാ!
പൈക്കളെ മേയിക്കാന്‍ പാടത്തയക്കാം ഞാന്‍
മയില്‍ക്കണ്ണാ ശ്രീ കൃഷ്ണാ… ഓടി വാടാ!”
അപ്പോള്‍ ഒരു അമര്‍ച്ച കേട്ടു. പാപ്പന്‍ അതു തിരിച്ചറിഞ്ഞു. സാക്ഷാല്‍ കോരുതു സാറിന്റെ പടി എത്തിയിരിക്കുന്നു. അമറിയത് കോരുതു സാറിന്റെ വെച്ചൂരമ്മയുടെ പുത്രി വെച്ചുര്‍ കുമാരി! മൂരി കുട്ടപ്പന്‍ തലപൊക്കി ഒരു നിമിഷം നിര്‍നിമേഷനായി അവിടെ തരിച്ചു നിന്നു.
പാല്‍നിലാവില്‍ എല്ലാം വ്യക്തമായി കണ്ടു.. പാപ്പന്റെ ഉള്ളിലെ അന്തിക്കള്ളു മൂത്തു, നുരഞ്ഞുപൊങ്ങി എന്തൊരു ധൈര്യം!
പാപ്പന്‍ ഉറക്കെ ഉറഞ്ഞുതുള്ളി–
…….രെ, കോരുതെ……..ന്റമ്മേ….വെച്ചൂര്. ആ പുഴുത്ത തെറി പമ്പയാറ്റിലെ ഓളങ്ങളില്‍ തെറിച്ചു വീണ് ഗ്രാമമെങ്ങും മാറ്റൊലി കൊണ്ടു!!
മറ്റൊരു നോസ്റ്റാള്‍ജിക് കഥ. മൂരിക്കുട്ടന്മാരെക്കൊണ്ട് ഉപജീവനം നടത്തിയിരുന്നവര്‍ അക്കാലങ്ങളില്‍ ഏറെയായിരുന്നു…
ആ കാലഘട്ടങ്ങളിലെ ചായക്കടയും കള്ളു ഷാപ്പുമൊന്നും പുതുയുഗത്തില്‍ കാണാനേ ഇല്ല… ഉണ്ടെങ്കില്‍ തന്നെ അവയിലൊന്നും പഴയ കാലത്തെ സംഭാഷണമോ നര്‍മ്മരസം തുളുമ്പുന്ന ‘എ’ വര്‍ത്തമാനമോ ഒന്നും ഇല്ല… അന്നുള്ള കുടിയന്മാരുടെ നര്‍മ്മത്തില്‍ ചാലിച്ച ചില സംസാര ശൈലികള്‍ കേള്‍ക്കാന്‍ തന്നെ ഒരു രസമായിരുന്നു…
50-60കളിലെ കുടിയന്മാരുടെ പാരഡി പാട്ടുകള്‍ ഇക്കാലത്തെ കുടിയന്മാര്‍ക്കറിയില്ലെന്നു തൊന്നുന്നു. എല്ലാവരും പിപ്പിരിയടിച്ച് വല്ല വഴിത്തിണ്ണകളിലോ ഇടവഴികളിലോ കിടക്കും… അല്ലെങ്കില്‍ ഒന്നും മിണ്ടാതെ നടക്കും… ഏതായാലും ഒരു നൊസ്റ്റാള്‍ജിക് കഥ എഴുതി വായനക്കാരെ പുറകോട്ട് വലിച്ചുകൊണ്ടുപോയതിന് നന്ദി
നർമ്മത്തിൽ ചാലിച്ചെഴുതിയ ഈ ചിത്രീകരണം ഗ്രാമപ്രദേശങ്ങളിൽ താമസിച്ചിട്ടുള്ളവർക്ക് സുപരിചതമാണ്. നാട്ടിലെ യക്ഷിമാരെയും ജോൺ ഇളമത വെറുതെ വിട്ടിട്ടില്ല. നല്ല എഴുത്ത്.