കൊല്ലം: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം (Balagokulam) സംഘടിപ്പിച്ച ശോഭാ യാത്രയിൽ (Sobha Yathra) ശ്രീകൃഷ്ണന്റെ വേഷം ധരിച്ച് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ താമസിക്കുന്ന നാലുവയസ്സുകാരി മന്ഹമറിയവും (Manhamariyam) കുടുംബവും ആവേശത്തില്‍.
നഴ്‌സറിയിൽ തന്റെ സുഹൃത്തുക്കളെല്ലാം കുഞ്ഞ് കൃഷ്ണന്റെയും രാധയുടെയും വേഷം ധരിക്കുന്നത് കണ്ടതിന് ശേഷമാണ് ശ്രീകൃഷ്ണന്റെ വേഷം ധരിക്കാനുള്ള മന്ഹമറിയത്തിന്റെ ആഗ്രഹം മാതാപിതാക്കളായ ഷിഹാബുദീനോടും അമ്മ അൻസിയോടും പറഞ്ഞത്. കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇരുവരും തീരുമാനിച്ചു. ഒടുവില്‍ അവരുടെ സഹായവും പിന്തുണയും കൊണ്ട് മന്ഹമറിയം കുഞ്ഞന്‍ കൃഷ്ണനായി മാറി.
മനുരേത്ത് കാവിൽ നിന്ന് മാരാരിത്തോട്ടം ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ച ശോഭായാത്രയിലാണ് മന്ഹമറിയം പങ്കെടുത്തത്. അമ്മയും മുത്തശ്ശി സുനിയും ഒപ്പമുണ്ടായിരുന്നു. ഘോഷയാത്രയിൽ പൂർണമായി പങ്കെടുത്ത്, വെണ്ണ നിറച്ച പാത്രം പൊട്ടിക്കുന്ന കുഞ്ഞൻ കൃഷ്ണന്റെ പ്രതീകമായ ക്ഷേത്രത്തിലെ ഉറിയടി കളിയിലും പങ്കെടുത്ത ശേഷമാണ് മന്ഹമറിയം വീട്ടിലേക്ക് മടങ്ങിയത്.
ശോഭാ യാത്രയിൽ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും നല്ല അനുഭവമാണ് ലഭിച്ചതെന്നും അൻസി പറഞ്ഞു. മകൾ കൃഷ്ണവേഷം കെട്ടിയതിൽ ബാലഗോകുലം പ്രവർത്തകർക്കും നാട്ടുകാർക്കും സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൃഷ്ണവേഷം ധരിച്ച് മുത്തശ്ശിയുടെ കൈകളിൽ പിടിച്ചിരിക്കുന്ന മന്ഹമറിയത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.