തൃശൂർ: തൃശൂർ നഗരഹൃദയത്തിൽ വെള്ളിയാഴ്ച അർദ്ധരാത്രിയിൽ ഒരു സംഘം അക്രമികള്‍ ആഭരണ നിർമാണ യൂണിറ്റ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച് 1.8 കോടി രൂപ വിലമതിക്കുന്ന 3.2 കിലോ സ്വർണം കവർന്നു. യൂണിറ്റിൽ നിന്ന് 500 മീറ്റർ മാത്രം അകലെയുള്ള റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്ന ഇരുവരെയും രാത്രി 11 മണിയോടെ കൊക്കാലായിയിൽ വെച്ച് ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.
“ഞങ്ങൾക്ക് കന്യാകുമാരിയിൽ ഉപഭോക്താക്കളുണ്ട്, ഞങ്ങളുടെ മാനേജിംഗ് പാർട്ണർ പ്രസാദാണ് അവർക്ക് ആഭരണങ്ങൾ എത്തിക്കുന്നത്. ഞങ്ങളുടെ സ്റ്റാഫില്‍ പെട്ട റോണി അദ്ദേഹത്തെ അനുഗമിക്കാറാണ് പതിവ്. പതിവുപോലെ വെള്ളിയാഴ്ച രാത്രി ഒരു ബാഗ് നിറയെ ആഭരണങ്ങളുമായി റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ഒരു കെട്ടിടത്തിന് പിന്നിൽ മറഞ്ഞുനിന്നിരുന്ന സംഘം അവരെ ആക്രമിച്ചത്. അവർ ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. നിമിഷങ്ങൾക്കകം നിലത്തുവീണ പ്രസാദിന്റെയും റോണിയുടെയും ബാഗ് അവർ തട്ടിയെടുത്തു. എന്താണ് സംഭവിക്കുന്നതെന്ന് രണ്ടുപേരും മനസ്സിലാക്കുന്നതിന് മുമ്പ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ സംഘം രക്ഷപ്പെട്ടു, ” ഡിഡി ചെയിൻസ് കോ-മാനേജിംഗ് പാർട്ണർ ജോസഫ് പറഞ്ഞു.
കൊക്കാലയിലെ ഡീ പീ പ്ലാസയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ജ്വല്ലറി ഗ്രൂപ്പുകൾക്കായി സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ചു നല്‍കുന്നു. ആഴ്‌ചയിലൊരിക്കൽ കന്യാകുമാരിയിലേക്ക് ആഭരണങ്ങൾ കൊണ്ടുപോയി കടകളിൽ വിൽക്കുന്നു. ഈ ഷോപ്പുകൾ മോഡലുകളെ അടിസ്ഥാനമാക്കി ഓർഡറുകൾ നൽകുകയും ഞങ്ങൾ എല്ലാ ആഴ്ചയും ഉൽപ്പന്നങ്ങൾ നിര്‍മ്മിച്ച് വിതരണം ചെയ്യുകയും ചെയ്യുന്നു എന്ന് ജോസഫ് പറഞ്ഞു.
തൃശൂർ ഈസ്റ്റ് പോലീസ് സമീപത്തെ കടകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സംഘത്തിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്വർണം കൊണ്ടുപോകുന്നത് സംഘത്തിന് അറിയാമായിരുന്നു എന്നും, കവർച്ചയ്ക്ക് അവര്‍ പദ്ധതിയിട്ടിരുന്നതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു.
സ്ഥാപനത്തിലെ ജീവനക്കാരുടെയും മുൻ ജീവനക്കാരുടെയും വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കമ്പനിയില്‍ കുടിയേറ്റ തൊഴിലാളികളും സ്വദേശി കരകൗശല വിദഗ്ധരും ഉണ്ടെന്ന് ജോസഫ് പറഞ്ഞു. ജീവനക്കാരുടെ കോൾ വിശദാംശങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൃശൂർ എസിപി ടി വി സജീവ് പറഞ്ഞു. സംഘത്തെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ അംഗങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ചില തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.