മൗലേ ബ്രാഹിം (മൊറോക്കോ): ആറു പതിറ്റാണ്ടിലേറെയായി മൊറോക്കോയിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പത്തെ അതിജീവിച്ചവർ ഞായറാഴ്ച ഭക്ഷണവും വെള്ളവും കണ്ടെത്താൻ പാടുപെടുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാൻ പ്രയാസമുള്ള ഗ്രാമങ്ങളിൽ 2,000-ത്തിലധികം പേര്‍ മരിച്ചതായി കണക്കാക്കുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പലരും രണ്ടാം രാത്രിയും തുറസ്സായ സ്ഥലങ്ങളിലാണ്
കഴിച്ചുകൂട്ടുന്നത്. ഹൈ അറ്റ്‌ലസിലെ ഏറ്റവും മോശമായ ബാധിത ഗ്രാമങ്ങളിൽ എത്തിച്ചേരുക എന്ന വെല്ലുവിളി ദുരിതാശ്വാസ പ്രവർത്തകർ അഭിമുഖീകരിക്കുന്നുണ്ട്. ജനവാസകേന്ദ്രങ്ങൾ അധികവും പരുക്കൻ പർവതനിരകളിലാണ്.
മാരാക്കെക്കിന് തെക്ക് 40 കിലോമീറ്റർ (25 മൈൽ) പ്രഭവകേന്ദ്രത്തിനടുത്തുള്ള ഒരു ഗ്രാമമായ മൗലേ ബ്രാഹിമിൽ, നിവാസികൾ
ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് മരണപ്പെട്ടവരെ പുറത്തെടുത്തത് എങ്ങനെ എന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.
“ഞങ്ങൾക്ക് ഞങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടു, ഞങ്ങൾക്ക് ആളുകളെയും നഷ്ടപ്പെട്ടു, ഞങ്ങൾ രണ്ട് ദിവസം പുറത്താണ് ഉറങ്ങിയത്… ഭക്ഷണമില്ല, വെള്ളമില്ല, വൈദ്യുതിയും നഷ്ടപ്പെട്ടു. സർക്കാർ സഹായം വളരെ കുറച്ച് മാത്രമേ ലഭിച്ചിട്ടുള്ളൂ,” നിവാസിയായ 36 കാരനായ യാസിൻ നൗംഗർ പറഞ്ഞു.
വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഭക്ഷണവും മറ്റു സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് ദുരന്തബാധിത സ്ഥലങ്ങളിലെ താമസക്കാർ പറഞ്ഞു. ഞായറാഴ്ച രാവിലെ ചീസ്, ബ്രെഡ്, ചൂടുള്ള പാനീയങ്ങൾ എന്നിവ പള്ളിയിൽ വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ദുരന്തത്തെ നേരിടാൻ തിരച്ചിൽ, രക്ഷാപ്രവർത്തനം, കുടിവെള്ളം, ഭക്ഷണം, ടെന്റുകൾ, പുതപ്പുകൾ എന്നിവ വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
സഹായത്തിനായി സ്‌പെയിനിന് ഔപചാരിക അഭ്യർത്ഥന ലഭിച്ചു എന്നും, തിരച്ചിൽ, രക്ഷാപ്രവർത്തനം ടീമുകളെ മൊറോക്കോയിലേക്ക് അയക്കുമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി പറഞ്ഞു. സഹായിക്കാൻ തയ്യാറാണെന്നും മൊറോക്കോയുടെ അഭ്യർത്ഥനയ്ക്കായി കാത്തിരിക്കുകയാണെന്നും ഫ്രാൻസ് പറഞ്ഞു.
ഫെബ്രുവരിയിൽ ഭൂകമ്പത്തിൽ 50,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട തുർക്കി ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യ 2,012 ആണ്, 2,059 പേർക്ക് പരിക്കേറ്റു, 1,404 പേരുടെ നില ഗുരുതരമാണ്.
300,000-ത്തിലധികം ആളുകൾക്ക് ദുരന്തം ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
“അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്,” ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ ആഗോള ഓപ്പറേഷൻസ് ഡയറക്ടർ കരോലിൻ ഹോൾട്ട് പ്രസ്താവനയിൽ പറഞ്ഞു.
മരാക്കേച്ചിനെ മൗലേ ബ്രാഹിമുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് പാറകൾ വീണതിനെത്തുടർന്ന് ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
“നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ട്. ആളുകൾ ഇപ്പോഴും അവരുടെ മാതാപിതാക്കളെ തിരയുകയാണ്,” അസ്‌നി പ്രദേശത്തെ താമസക്കാരനായ അദീനി മുസ്തഫ പറഞ്ഞു.
അതിനിടെ, മൊറോക്കോ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഞായറാഴ്ച രാജ്യത്തുടനീളമുള്ള പള്ളികളിൽ മരിച്ചവർക്കായി പ്രാർത്ഥന നടത്താൻ മുഹമ്മദ് ആറാമൻ രാജാവ് ആഹ്വാനം ചെയ്തു.
മാധ്യമ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച, മാരാക്കേച്ചിൽ നിന്നുള്ള റോഡ് ഹൈ അറ്റ്‌ലസിലേക്ക് ഉയരുന്ന താഴ്‌വരയുടെ വശത്തുള്ള ആൻസി ഏരിയയിലെ ടാൻസ്‌ഗാർട്ട് ഗ്രാമമാണ് ഏറ്റവും മോശമായത്. കുത്തനെയുള്ള മലഞ്ചെരുവിൽ നിര്‍മ്മിച്ചിട്ടുള്ള അതിമനോഹരമായ വീടുകൾ വിള്ളലുകള്‍ കൊണ്ട് വിണ്ടുകീറിയ നിലയിലാണ്. രണ്ട് മസ്ജിദ് മിനാരങ്ങൾ തകര്‍ന്നു വീണിട്ടുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മൊറോക്കക്കാർക്കും വിദേശ വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട നഗരമായ മാരാക്കേക്കിൽ നിന്ന് 72 കിലോമീറ്റർ (45 മൈൽ) തെക്കുപടിഞ്ഞാറായിരുന്നു. അതിന്റെ മധ്യകാല പള്ളികൾ, കൊട്ടാരങ്ങൾ, സെമിനാരികൾ എന്നിവ റോസാപ്പൂക്കൾ നിറഞ്ഞ ഇടവഴികൾക്കിടയിൽ ഉജ്ജ്വലമായ മൊസൈക്ക് ടൈലുകളാൽ അലങ്കരിച്ചിരിക്കുന്നു. അവയ്ക്കെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അവിടം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.
1960-നു ശേഷം മൊറോക്കോയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. യു എസ് ജിയോളജിക്കല്‍ സര്‍വ്വേ പ്രകാരം, ആ ഭൂകമ്പത്തിൽ 12,000 പേരെങ്കിലും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്നു.