തിരുവനന്തപുരം: ആഗസ്റ്റ് 30ന് കാട്ടാക്കടയ്ക്ക് സമീപം പൂവച്ചലിൽ വാഹനാപകടമെന്ന് ആദ്യം കരുതിയ പതിനഞ്ചുകാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു. അകന്ന ബന്ധുവായ പ്രിയരഞ്ജൻ (Priyaranjan) ഓടിച്ച ഇലക്ട്രിക് കാറിടിച്ചാണ് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖര്‍ (Adishekhar) മരിച്ചത്.
അശ്രദ്ധയോടെ വാഹനമോടിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ പ്രിയരഞ്ജൻ മനഃപ്പൂര്‍വ്വം കാറിടിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മരിച്ച കൗമാരക്കാരന്റെ കുടുംബാംഗങ്ങൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിരുന്നതായി കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു മാധ്യമങ്ങളോട് പറഞ്ഞു.
“പ്രിയരഞ്ജനോട് പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപം മൂത്രമൊഴിക്കരുതെന്ന് കുട്ടി പറഞ്ഞതിന് സാക്ഷി മൊഴിയുണ്ട്. ആ സംഭവത്തില്‍ പ്രകോപിതനായ പ്രിയരഞ്ജന് പ്രതികാരമായാണ് കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍, ആദിയെ ആശുപത്രിയിലെത്തിച്ചതും അപകടമാണെന്ന് അവകാശപ്പെട്ടതും പ്രിയരഞ്ജനാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നയുടനെ പ്രിയരഞ്ജന് ഒളിവില്‍ പോയി. ഫോൺ കോളുകളും ഒളിവിൽ പോയ നടപടിയും ഞങ്ങളുടെ സംശയം ദൃഢമാക്കി. ഇപ്പോൾ പ്രിയരഞ്ജനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
സുഹൃത്തിനൊപ്പം വീടിനുമുന്നിലൂടെ സൈക്കിളിൽ പോവുകയായിരുന്നു ആദിശേഖർ. സിസിടിവി ദൃശ്യങ്ങളിൽ പ്രിയരഞ്ജന് സൈക്കിളിൽ കയറുന്ന കുട്ടിയുടെ നേരെ തന്റെ കാര്‍ അതിവേഗം ഓടിച്ചു കയറ്റി കുട്ടിയെ ഇടിച്ചു വീഴ്ത്തുന്നത് കാണാം.
കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് തടസ്സമായി പ്രിയരഞ്ജൻ തന്റെ കാർ റോഡിന് കുറുകെ നിർത്തിയിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പിന്നീട് പ്രിയരഞ്ജൻ കാർ സ്ഥലത്തുനിന്നും മാറ്റി പേയാടിന് സമീപം ഉപേക്ഷിച്ചു.
ഗൾഫിൽ ജോലി ചെയ്യുന്ന പ്രിയരഞ്ജൻ ഓണം ആഘോഷിക്കാനാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. ഇയള്‍ക്കു വേണ്ടി തിരച്ചിൽ ഊര്‍ജ്ജിതമാക്കിയതായും, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഡിവൈഎസ്പി പറഞ്ഞു.
ഞങ്ങളുടെ സബ് ഡിവിഷൻ പരിധിയിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകളൊന്നും ഇല്ലെന്ന് ഞങ്ങൾ കണ്ടെത്തി. മറ്റു സ്ഥലങ്ങളില്‍ ഇയാൾക്കെതിരെ എന്തെങ്കിലും കേസുകളുണ്ടോ എന്ന് ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.