ഡാളസ് : സെപ്റ്റംബർ 10നു ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്ച് റിച്ചാർഡ്സണിൽ വെച്ച് ഡാളസ് സ്കൂൾ ഓഫ് തിയോളജി അലംനൈ അസ്സോസിയേഷൻ വാർഷിക യോഗം നടത്തപ്പെട്ടു. അലംനൈ അസോസിയേഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യു സാമുവേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡാളസ് സ്കൂൾ ഓഫ് തീയോളജി പ്രസിഡന്റ് പാസ്റ്റർ ഡോ. ജോസഫ് ഡാനിയേൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സ്റ്റാൻലി ഉമ്മൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
ഡാളസ് ഫോർട്ട്‌വർത്ത് പ്രദേശങ്ങളിൽ ദൈവവചനം പഠിക്കുവാൻ താല്പര്യപ്പെടുന്നുവർക്ക് അതിനുള്ള അവസരം ഉണ്ടാക്കേണ്ടതിനു 2007ൽ പാസ്റ്റർ ഡോ. എബ്രഹാം തോമസ്, പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ ഡോ. ജോസഫ് ഡാനിയേൽ , പാസ്റ്റർ ഡോ. തോമസ് മുല്ലയ്ക്കൽ എന്നീ നാല് ദൈവദാസന്മാർക്ക് ലഭിച്ച ദൈവ നിയോഗത്തൽ ഗാർലന്റ് പട്ടണം ആസ്ഥാനമാക്കി ആരംഭിച്ച വേദപഠന കോളേജാണ് ഡാളസ് സ്കൂൾ ഓഫ് തിയോളജി.
നൂറിൽപരം വിദ്യാർത്ഥികൾ ബൈബിൾ കോളേജിൽ നിന്നും ദൈവവചന ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം അമേരിക്കയുടെയും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദൈവ വേലയിൽ ആയിരിക്കുന്നു എന്നുള്ളത് ഏറ്റവും സന്തോഷകരമായ അനുഭവമാണ് എന്ന് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന പാസ്റ്റർ എബ്രഹാം തോമസ് തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
കോവിഡിനു ശേഷം ഓൺലൈനിലൂടെ നടത്തപ്പെടുന്ന ക്ലാസ്സുകളിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനേകർ ദൈവവചനം പഠിക്കുന്നതിന് തയ്യാറായി വരുന്നു എന്നുള്ളത് ദൈവഹിതം ആയി കാണുന്നു എന്ന് കോളേജിന്റെ അക്കാദമിക് ഡീനായി പ്രവർത്തിക്കുന്ന പാസ്റ്റർ ഡോ. തോമസ് മുല്ലയ്ക്കൽ അഭിപ്രായപ്പെട്ടു.
വാർഷിക യോഗത്തിൽ പാസ്റ്റർ ജോൺസി ജോൺ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും സുവിശേഷം എത്തിയിട്ടില്ല എന്നും അവിടെ സുവിശേഷം എത്തിക്കുവാൻ നമുക്ക് ഓരോരുത്തർക്കും ചുമതലയുണ്ട് എന്നും പാസ്റ്റർ ജോൺസി പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു. തുടർന്ന് നടന്ന യോഗത്തില്‍ 2024-2026 വർഷത്തേക്ക് താഴെ പറയുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:
പ്രസിഡന്റ് : പാസ്റ്റർ തോമസ് ജോൺ (ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്, ഡാളസ്).
സെക്രട്ടറി : ബ്രദർ സജിത്ത് സക്കറിയ (മെട്രോ ചർച്ച്, ഫാർമേഴ്‌സ് ബ്രാഞ്ച് ).
ട്രഷറർ : ഡോ. ബാബു പി സൈമൺ (സെന്റ് പോൾ മാർത്തോമ ചര്‍ച്ച്, ഡളസ്)
പാസ്റ്റർ ഡോ. രാജേഷ് സെബാസ്റ്റ്യൻ, പാസ്റ്റർ മാത്യു ജോർജ്, പാസ്റ്റർ മൈക്കിൾ ലവ്, ബ്രദർ ജോസ് ചെറിയാൻ, സിസ്റ്റർ മേരി മാത്യു തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. സിസ്റ്റർ ജിൻസി ജെയിംസ് നയിച്ച പ്രൈസ് ആൻഡ് വർഷിപ്പ് ടീം ആരാധനയ്ക്ക് നേതൃത്വം നൽകി. ഡാളസ് സ്കൂൾ ഓഫ് തീയോളജി ട്രഷറർ ആയി പ്രവർത്തിക്കുന്ന ബ്രദർ സണ്ണി എബ്രഹാം നന്ദി അറിയിക്കുകയും, പാസ്റ്റർ മാത്യു തോമസിന്റെ പ്രാർത്ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.