ന്യൂഡല്‍ഹി: കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ട് മരണങ്ങൾ നിപ വൈറസ് (Nipah Virus) മൂലമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിപ വൈറസ് ബാധയുടെ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിനുമായി കേന്ദ്ര വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാരകമായ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള നാല് പേരുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, കേരള സർക്കാർ ചൊവ്വാഴ്ച കോഴിക്കോട് കൺട്രോൾ റൂം സ്ഥാപിക്കുകയും മുൻകരുതൽ നടപടിയായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
രണ്ട് മരണങ്ങളും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോഗ്യവകുപ്പ് കോഴിക്കോട് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.