കൊച്ചി: അശ്ലീല വീഡിയോ മറ്റുള്ളവരെ കാണിക്കാതെ സ്വകാര്യതയിൽ കാണുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 292 പ്രകാരം കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി.
ഒരാളുടെ മൊബൈലിലോ സ്വകാര്യ സ്ഥലത്തോ അശ്ലീല വീഡിയോ കാണുന്നത് അവന്റെ /അവളുടെ സ്വകാര്യ തിരഞ്ഞെടുപ്പാണെന്ന ലളിതമായ കാരണത്താൽ കുറ്റകരമാണെന്ന് പ്രഖ്യാപിക്കാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അടുത്തിടെ നിരീക്ഷിച്ചു.
2016ൽ ആലുവ കൊട്ടാരത്തിന് സമീപത്തെ തെരുവിൽ രാത്രി മൊബൈൽ ഫോണിൽ പോൺ വീഡിയോ കണ്ടതിന് ആലുവ പൊലീസ് 2016ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഏതെങ്കിലും അശ്ലീല വീഡിയോയോ ഫോട്ടോയോ പ്രചരിപ്പിക്കാനോ വിതരണം ചെയ്യാനോ പരസ്യമായി പ്രദർശിപ്പിക്കാനോ പ്രതി ശ്രമിച്ചാൽ ഐപിസി 292-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമായിരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. ഒരാളുടെ സ്വകാര്യതയിൽ അശ്ലീല വീഡിയോ കാണുന്നത് IPC 292 വകുപ്പ് പ്രകാരം കുറ്റകരമല്ല.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇപ്പോൾ മൊബൈൽ ഫോണുകൾ വഴി എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന പോൺ വീഡിയോകൾ കാണാൻ തുടങ്ങിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. കുട്ടികളുടെ ജന്മദിനം സ്വാദിഷ്ടമായ ഭക്ഷണവും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന് പകരം അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണുകളാണ് മാതാപിതാക്കൾ സമ്മാനിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ പിന്നിലെ അപകടത്തെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരായിരിക്കണം. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ മൊബൈൽ ഫോണിൽ നിന്ന് അവരുടെ സാന്നിധ്യത്തിൽ വിജ്ഞാനപ്രദമായ വാർത്തകളും വീഡിയോകളും കാണാൻ അനുവദിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളെ സന്തോഷിപ്പിക്കാൻ മാതാപിതാക്കൾ ഒരിക്കലും മൊബൈൽ ഫോൺ കൈമാറരുത്.
“കുട്ടികളെ അവരുടെ ഒഴിവുസമയങ്ങളിൽ ക്രിക്കറ്റോ ഫുട്ബോളോ അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ള മറ്റ് ഗെയിമുകളോ കളിക്കാൻ അനുവദിക്കുക. ഭാവിയിൽ നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷയുടെ ദീപസ്തംഭങ്ങളായി മാറേണ്ട ആരോഗ്യമുള്ള യുവതലമുറയ്ക്ക് അത് ആവശ്യമാണ്, ”കോടതി കൂട്ടിച്ചേർത്തു.