ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം

ഫിലാഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ 2012 മുതല്‍ ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.

കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ട ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പിന്റെ സമാപനത്തോടനുബന്ധിച്ച് 2023 സെപ്റ്റംബര്‍ 9 ശനിയാഴ്ച്ചയായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ ജനനതിരുനാളും, തിരുസ്വരൂപപ്രതിഷ്ഠയുടെ പന്ത്രണ്ടാം വാര്‍ഷികവും ഭക്തിനിര്‍ഭരമായി ആഘോഷിച്ചത്. മിറാക്കുലസ് മെഡല്‍ നൊവേന, സീറോമലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, രോഗസൗഖ്യ പ്രാര്‍ത്ഥന, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മ്മങ്ങള്‍.

ന്യൂയോര്‍ക്കില്‍ കാത്തലിക് ചര്‍ച്ച് പാസ്റ്ററായും, ഹോസ്പിറ്റല്‍ ചാപ്ലെയിനായും സേവനമനുഷ്ഠിക്കുന്ന റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മ്മികനായും, സീറോമലബാര്‍പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ അഭാവത്തില്‍ വികാരിയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന ഫാ. ജോബി സെബാസ്റ്റ്യന്‍ കാപ്പിപ്പറമ്പില്‍ എം.എസ്.ടി, സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ റെക്ടര്‍ ഫാ. തിമോത്തി ലയണ്‍സ്, ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മ്മികരായും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയിലും, മറ്റു തിരുക്കര്‍മ്മങ്ങളിലും ഇന്ത്യന്‍ ക്രൈസ്തവരുള്‍പ്പെടെ, വിവിധ രാജ്യങ്ങളില്‍നിന്നുള്ള 200 ല്‍ പരം മരിയഭക്തര്‍ പങ്കെടുത്തു.

‘ആവേമരിയ’ സ്‌തോത്രഗീതങ്ങളുടെയും, വിവിധ ഭാഷകളിലുള്ള ജപമാലയര്‍പ്പണത്തിന്റെയും, രോഗശാന്തിപ്രാര്‍ത്ഥനകളുടെയും, ‘ഹെയ്ല്‍ മേരി’ മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രം സെപ്റ്റംബര്‍ 9 ശനിയാഴ്ച്ച വൈകുന്നേരം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയിലെ ഒരു ”ചിന്ന വേളാങ്കണ്ണി”യായി മാറി. കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയില്‍നിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്‌നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയയ്ക്ക് തിലകമായി വിരാജിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി നൂറുകണക്കിനാളുകള്‍ ആത്മനിര്‍വൃതിയടഞ്ഞു.

ലത്തീന്‍, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയ ഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു. സീറോമലബാര്‍ യൂത്ത് ഗായകസംഘം ആലപിച്ച മരിയഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു.
വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നല്‍കിയത്.

ഇന്ത്യന്‍ അമേരിക്കന്‍ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിന്റെ വിജയത്തിനായി സീറോമലബാര്‍ ഇടവകവികാരി ഫാ. ജോബി സെബാസ്റ്റ്യന്‍ കാപ്പിപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് വി. ജോര്‍ജ്, റോഷിന്‍ പ്ലാമൂട്ടില്‍, തോമസ് ചാക്കോ (ബിജു), സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, മരിയന്‍ മദേഴ്‌സ്, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സ്, അള്‍ത്താര ശുശ്രൂഷകര്‍, ഭക്തസംഘടനകള്‍, മതബോധനസ്‌കൂള്‍ എന്നിവര്‍ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തു. തിരുനാളില്‍ പങ്കെടുത്തവര്‍ക്ക് ലഘു ഭക്ഷണവും ക്രമീകരിച്ചിരുന്നു.

ഫോട്ടോ: ജോസ് തോമസ്

 

Print Friendly, PDF & Email

Leave a Comment

More News