മോസ്കോ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ (Kim Jong-un) തന്റെ സന്ദർശനത്തിന്റെ ഭാഗമായി റഷ്യയുടെ ആണവായുധ ശേഷിയുള്ള തന്ത്രപ്രധാന ബോംബറുകളും ഹൈപ്പർസോണിക് മിസൈലുകളും യുദ്ധക്കപ്പലുകളും പരിശോധിച്ചത് അമേരിക്കയെ ചൊടിപ്പിച്ചു.
ശനിയാഴ്ച പസഫിക് നഗരമായ വ്ലാഡിവോസ്റ്റോക്കിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കെനെവിച്ചി എയർഫീൽഡ് (Knevichi airfield) സന്ദർശിച്ച കിമ്മിനെ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു (Sergei Shoigu) സ്വീകരിച്ചു.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള Tu-160, Tu-95, Tu-22M3 എന്നീ തന്ത്രപ്രധാന ബോംബറുകൾ ഷോയിഗു കിമ്മിന് കാണിച്ചുകൊടുത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
“ഈ ബോംബറുകള്‍ക്ക് മോസ്കോയിൽ നിന്ന് ജപ്പാനിലേക്ക് പറക്കാൻ കഴിയും, തുടർന്ന് തിരികെ പറക്കാം,” ഷോയിഗു കിമ്മിനോട് ഒരു വിമാനത്തെക്കുറിച്ച് വിശദീകരിച്ചു.
ന്യൂക്ലിയർ അല്ലെങ്കിൽ പരമ്പരാഗത വാർഹെഡുകൾ വഹിക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് “കിൻസാൽ” മിസൈലുകൾ ഘടിപ്പിച്ച MiG-31I സൂപ്പർസോണിക് ഇന്റർസെപ്റ്റർ വിമാനവും കിം വീക്ഷിച്ചു.
ഇവയ്ക്ക് 1,500 മുതൽ 2,000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. കൂടാതെ, 480 കിലോഗ്രാം പേലോഡ് വഹിക്കാനും കഴിയും. ഇത് ശബ്ദത്തിന്റെ 10 മടങ്ങ് വേഗതയിൽ (12,000 കി.മീ.) പറക്കാനും കഴിയും.
വ്ലാഡിവോസ്റ്റോക്കിലെ റഷ്യയുടെ പസഫിക് കപ്പലിന്റെ യുദ്ധക്കപ്പൽ കിം പിന്നീട് പരിശോധിച്ചു. പാശ്ചാത്യ ഉപരോധത്തിന് കീഴിലുള്ള റഷ്യൻ ഫൈറ്റർ ജെറ്റ് ഫാക്ടറി കിം സന്ദർശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവിടം സന്ദര്‍ശിച്ചത്.
പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയൻ നേതാവ് ഈ ആഴ്ചയാണ് റഷ്യയിലെത്തിയത്.
ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഉക്രൈനിലെ യുദ്ധത്തെക്കുറിച്ചും പരസ്പര സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
പ്യോങ്യാങ്ങും മോസ്കോയും തമ്മിലുള്ള സൈനിക സഹകരണം യുഎൻ ഉപരോധത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് ദക്ഷിണ കൊറിയയിലെയും യുഎസിലെയും മുതിർന്ന ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അവകാശപ്പെട്ടു.
ഉക്രെയ്നിലെ യുദ്ധത്തിന് ആയുധങ്ങൾ സ്വീകരിക്കുന്നതിന് പകരമായി റഷ്യയുടെ ചില സെൻസിറ്റീവ് മിസൈലുകളും മറ്റ് സാങ്കേതികവിദ്യകളും മോസ്കോ കിമ്മിന് നൽകുമെന്ന് യുഎസും ദക്ഷിണ കൊറിയയും ഭയപ്പെടുന്നുണ്ട്.
കിമ്മിന്റെ സന്ദർശന വേളയിൽ ഒരു ഔപചാരിക ഉടമ്പടിയും ഒപ്പിടാൻ പദ്ധതിയില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
യുക്രെയിൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് യുഎസ് ആയുധങ്ങൾ നല്‍കുകയും കൊറിയൻ ഉപദ്വീപിന് സമീപം സൈനികാഭ്യാസം വ്യാപിപ്പിക്കുകയും ചെയ്തതിന് ശേഷം മോസ്കോയെ ഉപദേശിക്കാനും പ്രഭാഷണം നടത്താനും വാഷിംഗ്ടണിന് അവകാശമില്ലെന്ന് റഷ്യൻ നയതന്ത്രജ്ഞർ പറഞ്ഞു.
കഴിഞ്ഞ വർഷം ഉക്രെയ്നിലെ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് മോസ്കോയും പ്യോങ്യാങ്ങും ബന്ധം കൂടുതൽ മെച്ചപ്പെടുത്തിയത്.
റഷ്യയെ നശിപ്പിക്കാനുള്ള യുഎസ് “പ്രോക്സി യുദ്ധം” എന്നാണ് ഉക്രെയ്നിലെ യുദ്ധത്തെ കിം വിശേഷിപ്പിച്ചത്. കിയെവിനുള്ള പാശ്ചാത്യ സൈനിക സഹായത്തെ അദ്ദേഹം അപലപിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും പാശ്ചാത്യരുടെയും “ആധിപത്യ നയവും” “താന്‍ പോരിമയും” സംഘട്ടനത്തിന് കാരണമായതായി കിം കുറ്റപ്പെടുത്തി.
2022 ഫെബ്രുവരി 24 നാണ് റഷ്യ ഉക്രെയ്നിൽ ഒരു “പ്രത്യേക സൈനിക ഓപ്പറേഷൻ” എന്ന് വിളിക്കുന്ന അധിനിവേശം ആരംഭിച്ചത്. കിയെവിന്റെ പീഡനത്തിനെതിരെ കിഴക്കൻ ഉക്രേനിയൻ പ്രദേശങ്ങളായ ഡൊനെറ്റ്സ്കിലും ലുഹാൻസ്കിലും ഉക്രെയ്നിലെ റഷ്യൻ അനുകൂല ജനസംഖ്യയെ പ്രതിരോധിക്കുക എന്നതായിരുന്നു ഓപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് റഷ്യ അന്ന് പറഞ്ഞിരുന്നു.
ഉക്രേനിയൻ സൈന്യത്തിന് പാശ്ചാത്യ ആയുധങ്ങളും സൈനിക ഉപകരണങ്ങളും തുടർച്ചയായി നൽകുന്നത് യുദ്ധം നീണ്ടുനിൽക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് പലപ്പോഴും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.