അങ്ങാടിപ്പുറം: വെൽഫെയർ പാർട്ടി തിരൂർക്കാട് ടൗൺ യൂണിറ്റിന്റെ കുടുംബ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യനീതിയും സൗഹാർദ്ദവും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന, പരസ്പരം റദ്ദ് ചെയ്യപ്പെടുന്ന ആശയങ്ങളാണെന്ന പൊതുധാരണ നിലവിലുണ്ട്. എന്നാൽ അവ പരസ്പരം കരുത്ത് പകരേണ്ട മൂല്യങ്ങളാണ്. സാമൂഹ്യനീതിയുടെ താൽപര്യങ്ങളെ ബലി കഴിക്കാതെ സൗഹാർദ്ദവും സൗഹാർദ്ദാന്തരീക്ഷത്തെ തകർക്കാതെ സാമൂഹ്യനീതിയുടെ താൽപര്യങ്ങളും സംരക്ഷിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിന് രാഷ്ട്രീയ തലത്തിൽ നടക്കേണ്ട പ്രവർത്തനങ്ങളെ പോലെ പ്രധാനമാണ് സാമൂഹ്യ തലത്തിൽ നടക്കേണ്ട പരിവർത്തനങ്ങളും.
സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളിൽ നമ്മെ നയിക്കേണ്ടത് നീതിബോധവും സമഭാവനയും ആയിരിക്കണം; സ്വാർത്ഥ താല്പര്യങ്ങളോ സ്വജന പക്ഷപാതിത്വമോ ആയിരിക്കരുത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വൈവിധ്യ ബോധത്തോടെയുള്ള സഹവർത്തിത്വം സാധ്യമാക്കാൻ എല്ലാ വിഭാഗങ്ങളും മുന്നോട്ട് വരണം. എനിക്ക് / ഞങ്ങൾക്ക് എന്തു കിട്ടി എന്നതിനേക്കാൾ അർഹതപ്പെട്ടതും ആനുപാതികമായതും എല്ലാവർക്കും കിട്ടിയോ എന്ന് എല്ലാ ജനവിഭാഗങ്ങളും ആലോചിക്കുന്നതിലൂടെ മാത്രമാണ് സാമൂഹ്യനീതിയുടെയും സൗഹാർദ്ദത്തിൻ്റെയും രാഷ്ട്രീയം ഇവിടെ വികസനക്ഷമമാവുക. എന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി ശിഹാബ് മാസ്റ്റർ, നസീമ മതാരി, സുബൈദ തിരൂർക്കാട്, സജിന ടീച്ചർ, തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൽ മനാഫ് തോട്ടോളി സ്വാഗതവും, ട്രഷറർ സെലീൽ ബാബു നന്ദിയും പറഞ്ഞു.