സന : യെമനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഹൊദൈദയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് ഏഴു പേർ മരിച്ചതായി പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു. പ്രവിശ്യയുടെ വടക്കൻ ഭാഗത്തുള്ള അൽ-ലുഹയ്യ, അസ്-സുഹ്‌റ ജില്ലകളിലാണ് ആറ് സ്ത്രീകളും ഒരു പുരുഷനും മരിച്ചത്.
ഈ മഴക്കാലത്ത് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ അപകടങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിതെന്ന് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.
ഇടിമിന്നൽ, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് യെമനിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഹൊദൈദ ഉൾപ്പെടെ നിരവധി പ്രവിശ്യകളിലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങൾ യുദ്ധത്തിൽ തകർന്ന രാജ്യത്ത് മാനുഷിക പ്രതിസന്ധി രൂക്ഷമാക്കിയെന്ന് യുഎൻ അടുത്തിടെ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.